ന്യൂദല്‍ഹി- ചൈനയേയും പാകിസ്ഥാനെയും സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പരമാര്‍ശം തള്ളി അമേരിക്ക. ചൈനയെയും പാകിസ്ഥാനെയും ഒരുമിച്ച് അണിനിരത്തി എന്നതാണ് ഈ രാജ്യത്തെ ജനങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഇത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കില്ലെന്നും ചൈന - പാകിസ്ഥാന് ബന്ധത്തെക്കുറിച്ച് അവര്‍ തന്നെ പറയട്ടേയെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. ചൈനയുടേയും പാകിസ്ഥാന്റെയും ബന്ധം സംബന്ധിച്ച വിഷയം പാകിസ്ഥാനും പി.ആര്.സി (പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന) ക്കും വിടുകയാണെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കാര്യക്ഷമമല്ലാത്ത വിദേശനയങ്ങള്‍ കാരണം ചൈനയെയും പാകിസ്ഥാനെയും ഒരുമിച്ച് അണിനിരത്തിയിരിക്കുകയാണ് എന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെക്കുറിച്ച ചോദ്യത്തിനാണ് അമേരിക്കന്‍ വക്താവിന്റെ പ്രതികരണം. ബുധനാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് തുടക്കം കുറിച്ച് ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മോഡി സര്‍ക്കാരിന്റെ വിദേശ നയത്തിനെതിരേ രാഹുല്‍ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്.






