ഡിജിറ്റൽ യൂനിവേഴ്‌സിറ്റിയും ഇ-പാസ്‌പോർട്ടും ഇന്ത്യൻ സമ്പദ്ഘടനയിൽ സാങ്കേതിക മുന്നേറ്റം

ഡിജിറ്റൽ വളർച്ചയുടെ സ്വപ്‌നങ്ങൾ കൂടി പങ്കുവെക്കുന്നതാണ് ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ്. ഇന്ത്യൻ സമ്പദ്ഘടനക്കും ഡിജിറ്റൽ മേഖലക്കും ഉണർവു പകരുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഡിജിറ്റൽ കറൻസി മുതൽ ഇ പാസ്‌പോർട്ട് വരെയുള്ള നിർദേശങ്ങൾ. ബ്രീഫ്‌കേസിനും കടലാസുകൾക്കും പകരം ചുവപ്പ് ബാഗിനകത്ത് ടാബ്‌ലറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് കൊണ്ടുവന്നതെന്നതും ഇന്ത്യൻ സമ്പദ്ഘടനക്ക് സാങ്കേതിക രംഗം നൽകാനിരിക്കുന്ന വലിയ മുന്നേറ്റത്തിലേക്കുള്ള സൂചനയാണ് പ്രതീകാത്മകമായി നൽകിയിരിക്കുന്നത്. 

ഡിജിറ്റൽ കറൻസി 
കറൻസി മാനേജ്‌മെന്റ് ശക്തമാക്കാനും ഡിജിറ്റൽ സമ്പദ്ഘടന പ്രോത്സാഹിപ്പിക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം ഏപ്രിലിൽ തന്നെ ഡിജിറ്റൽ കറൻസി അവതരിപ്പിക്കും. റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി ഔദ്യോഗികമായി അവതരിപ്പിക്കുന്നതോടെ ഡിജിറ്റൽ സമ്പദ്ഘടനയ്ക്ക് അതു വലിയ പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്. കറൻസി കൈകാര്യം ചെയ്യുന്നതിലും വലിയ സഹായമാണ് ഡിജിറ്റൽ കറൻസി നൽകുക. സമീപ ഭാവിയിൽ തന്നെ ഡിജിറ്റൽ കറൻസിയുടെ നേട്ടം ഇന്ത്യൻ സമ്പദ്ഘടനക്ക് ലഭ്യമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഡിജിറ്റൽ യൂനിവേഴ്‌സിറ്റി
ഹബ് ആന്റ് സ്‌പോക്ക് മാതൃകയിൽ രാജ്യത്ത് ഡിജിറ്റൽ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. വൺ ക്ലാസ് വൺ ടിവി ചാനൽ എന്ന നിലിയലേക്കുള്ള വികസനവും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. 200 ചാനലുകളിലൂടെ സ്‌കൂളുകളിൽ പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസത്തിനു പ്രോത്സാഹനം നൽകുമെന്നതും ധനമന്ത്രി വിദ്യാഭ്യാസ മേഖലയിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. ലോകോത്തര വിദ്യാഭ്യാസം കരസ്ഥമാക്കാൻ ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഡിജിറ്റൽ യൂനിവേഴ്‌സിറ്റിയിലൂടെ അവസരം തുറക്കപ്പെടും. സ്വന്തം വീടുകളിലിരുന്നുകൊണ്ടു തന്നെ ആഗോള  അധ്യാപനം നേടാനാണ് സാഹചര്യമൊരുങ്ങുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലും ഐ.സി.ടി ഫോർമാറ്റുകളിലും ഇതു ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ സാങ്കേതിക വൽക്കരണത്തിന് ഈ ബജറ്റിലുടെ വലിയ തുടക്കമാവുകയാണെന്ന് വിദഗ്ധർ പറയുന്നു. 

ഇ-പാസ്‌പോർട്ടുകൾ
ചിപ്പുകളും നവീന സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി ഇന്ത്യൻ പൗരന്മാരുടെ പാസ്‌പോർട്ടുകൾ ഡിജിറ്റൽ പാസ്‌പോർട്ടുകളാക്കുമെന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ നടത്തിയിരിക്കുന്ന മറ്റൊരു പ്രഖ്യാപനം.

ഫൈവ് ജി ഉദ്ഘാടനം
സ്വകാര്യ ടെലികോം ഓപറേറ്റർമാർക്ക് 5 ജി സേവനങ്ങൾ ആരംഭിക്കുന്നതിന് സഹായകമാകും വിധം സ്‌പെക്ട്രം ലേലം ഈ വർഷം നടത്തുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ടെലികമ്യൂണിക്കേഷൻ മേഖലയിൽ പൊതുവെയും ഫൈവ് ജിയിൽ പ്രത്യേകിച്ചും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

ഗെയിമിംഗ് സെക്ടർ 
ആനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ്, കോമിക് (എവജിസി) മേഖലകളിൽ പുതിയ മുന്നേറ്റത്തിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുമെന്നാണ് ധനമന്ത്രി ബജറ്റിൽ നടത്തിയ മറ്റൊരു സുപ്രധാന പ്രഖ്യാപനം. 

ഗ്രാമങ്ങളിൽ ഒപ്ടിക്കൽ ഫൈബർ
വിദൂര പ്രദേശങ്ങളിലടക്കം ഇന്ത്യൻ ഗ്രാമങ്ങളിൽ ഒപ്ടിക്കൽ ഫൈബർ സ്ഥാപിക്കുന്നതിന് കരാർ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 2022-23 ൽ ഭാരത് നെറ്റ് പ്രോജക്റ്റ് വഴിയാണ് കരാർ നൽകുക. വിദൂര സ്ഥലങ്ങളിലടക്കം കുറഞ്ഞ ചെലവിൽ ബ്രോഡ്ബാൻഡ്, മൊബൈൽ കണക്ഷനുകൾ ലഭ്യമാക്കാൻ ഒപ്ടിക്കൽ ഫൈബർ വ്യാപിപ്പിക്കുന്നതിലൂടെ കഴിയും. 

ഇ-പോർട്ടൽ
ഓൺലൈൻ പരിശീലനങ്ങളിലൂടെ രാജ്യത്തെ പൗരന്മാർക്ക് തങ്ങളുടെ നൈപുണ്യം പുതുക്കാനും വികസിപ്പിക്കാനും സൗകര്യമൊരുക്കുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റം ഫോർ സ്‌കില്ലിംഗ് ആന്റ് ലിവ്‌ലിഹുഡ് (ഡി.ഇ.എസ്.എച്ച്-ഇ പോർട്ടൽ) സ്ഥാപിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. മാറുന്ന വ്യവസായ ലോകത്തിന് ആവശ്യമായ വൈദഗ്ധ്യം ലഭ്യമാക്കാൻ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിലൂടെ സാധിക്കും.

പോസ്റ്റ് ഓഫീസ് ഫണ്ട് ട്രാൻസ്ഫർ
ഇന്ത്യയിലെ അഞ്ച് ലക്ഷം പോസ്റ്റ് ഓഫീസുകളെ  ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുമെന്നതും ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. ജനങ്ങൾക്ക് തങ്ങളുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ ഓൺലൈനിൽ ലോഗിൻ ചെയ്യാനും മറ്റു ബാങ്കുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനും ഇതോടെ കഴിയും.

75 ഡിജിറ്റൽ ബാങ്കുകൾ 
ഡിജിറ്റൽ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന് കൊമേഴ്‌സ്യൽ ബാങ്കുകൾ 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കും.

വെർച്വൽ ലാബുകൾ
സയൻസിലും മാത്തമാറ്റിക്‌സിലും 750 വെർച്വൽ ലാബുകളും 75 സ്‌കില്ലിംഗ് ഇ ലാബുകളും സ്ഥാപിച്ച് പഠന സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നു. ക്രിട്ടിക്കൽ തിങ്കിംഗിനും ക്രിയേറ്റീവിറ്റിക്കും അവസരം നൽകുന്ന ലാബുകൾ നടപ്പുസാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

Latest News