വ്യാജ വാർത്തകളും ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും പ്രചരിപ്പിക്കുകയാണെന്നും അയൽരാജ്യമായ പാക്കിസ്ഥാനിൽനിന്നുള്ള അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
തെറ്റായ ഉള്ളടക്കം നീക്കം ചെയ്യുന്നില്ല
കേന്ദ്ര സർക്കാരും ഗൂഗിൾ, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ വൻകിട സാങ്കേതിക കമ്പനികളും തമ്മിൽ വ്യാജ വാർത്തകളെ ചൊല്ലി തർക്കം മുറുകുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യാജ വാർത്തകളെന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം നീക്കാൻ കമ്പനികൾ തയാറാകാത്തതിനെ തുടർന്ന് ബന്ധം വഷളാവുകയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് വൻകിട ടെക് കമ്പനികളുമായി ചർച്ച നടത്തുന്നത്. ആവശ്യപ്പെട്ടതു പ്രകാരം ഉള്ളടക്കം നീക്കം ചെയ്യാൻ തയാറാകത്ത കമ്പനികളോട് കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കുകയാണ്.
അതേസമയം, കേന്ദ്ര സർക്കാർ ടെക്കി കമ്പനികളിൽ ചെലുത്തുന്ന സമ്മർദം അന്താരാഷ്ട്ര തലത്തിൽ വിമർശനത്തിനും കാരണമായിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനു സർക്കാർ കൂച്ചുവിലങ്ങിടുകയാണെന്നാണ് മുഖ്യ വിമർശം.
കഴിഞ്ഞ ദിവസം മന്ത്രാലയ ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും തമ്മിൽ നടത്തിയ ഓൺലൈൻ ചർച്ച ചൂടേറിയതും സംഘർഷം നിറഞ്ഞതുമായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ടെക്കി കമ്പനികളും നരേന്ദ്ര മോഡി സർക്കാരും തമ്മിലുള്ള ബന്ധം അക്ഷരാർഥത്തിൽ വഷളായിരിക്കയാണെന്നാണ് റിപ്പോർട്ട്.
എന്നാൽ വെർച്വൽ മീറ്റിംഗിൽ മന്ത്രാലയം കമ്പനികൾക്ക് അന്ത്യശാസനം നൽകിയിട്ടില്ല. സാങ്കേതിക മേഖലയിലെ നിയന്ത്രണങ്ങൾ ശക്തമാക്കുന്ന സർക്കാർ ഉള്ളടക്കത്തിലും പരിശോധനകളും നിയന്ത്രണങ്ങളും ആവശ്യമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഡിസംബർ, ജനുവരി മാസങ്ങളിൽ അടിയന്തര അധികാരം ഉപയോഗിച്ച വാർത്താവിനിമയ മന്ത്രാലയം 55 യൂട്യൂബ് ചാനലുകളും ഏതാനും ട്വിറ്റർ, ഫേസ് ബുക്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കമ്പനി പ്രതിനിധികളുമായി മന്ത്രാലയ ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.
വ്യാജ വാർത്തകളും ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും പ്രചരിപ്പിക്കുകയാണെന്നും അയൽരാജ്യമായ പാക്കിസ്ഥാനിൽനിന്നുള്ള അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഇന്ത്യൻ ഉള്ളടക്ക ഷെയറിംഗ് പ്ലാറ്റ്ഫോമുകളായ ഷെയർചാറ്റും കൂയും പങ്കെടുത്ത യോഗത്തെ കുറിച്ച് കേന്ദ്ര മന്ത്രാലയം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
മെറ്റാ എന്ന പേരിലേക്ക് മാറിയ ഫേസ് ബുക്കും ട്വിറ്ററും ഷെയർചാറ്റും കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. സർക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അവലോകനം ചെയ്യുകയാണെന്നും ഉചിതമായ സ്ഥലങ്ങളിൽ പ്രാദേശിക നിയമങ്ങൾക്കനുസൃതമായി ഉള്ളടക്കം നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നുണ്ടെന്നും ഗൂഗിൾ ഉടമസ്ഥരായ ആൽഫബെറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ശക്തമായ ഉള്ളടക്ക മോഡറേഷൻ രീതികൾ നിലവിലുണ്ടെന്നും കൂ കമ്പനി വ്യക്തമാക്കി.
ഇന്ത്യാ ഗവൺമെന്റാണ് ഏറ്റവും കൂടുതൽ ഉള്ളടക്കം നീക്കാൻ ആവശ്യപ്പെടുന്നതെന്ന് ട്വിറ്റർ അതിന്റെ സുതാര്യതാ റിപ്പോർട്ടിൽ പറയുന്നു. 2020 ൽ 97,631 ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി കഴിഞ്ഞ ഒക്ടോബറിൽ ടെക്നോളജി വെബ്സൈറ്റായ കമ്പാരിടെക് റിപ്പോർട്ട് ചെയ്തിരുന്നു.
ഫേസ്ബുക്ക്, ഗൂഗിൾ കമ്പനികളോടാണ് പ്രധാനമായും ഉള്ളടക്കം നീക്കാൻ അഭ്യർഥിച്ചിരുന്നത്. ഉള്ളടക്കത്തിന്റെ കാര്യത്തിൽ കമ്പനികളിൽ സമ്മർദം ചെലുത്തുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. റഷ്യയാണ് മുന്നിൽ.
തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ നീക്കം ചെയ്യുന്നതിനും തടയുന്നതിനും മതിയായ നടപടികൾ കൈക്കൊള്ളുമെന്നും ഉള്ളടക്കം നീക്കം ചെയ്യണമെന്ന ആവശ്യങ്ങളിൽ നിയമപരമായി സാധുതയുള്ളതിൽ നടപടിയെടുക്കുമെന്നും യോഗത്തിൽ മുതിർന്ന ടെക് എക്സിക്യൂട്ടീവുകൾ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് ഉറപ്പു നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വ്യാജ ഉള്ളടക്കം സ്വയമേവ നീക്കം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ അവലോകനം ചെയ്യാനും പരിഷ്കരിക്കാനും ഉദ്യോഗസ്ഥർ ഗൂഗിൾ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള വൻകിട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സ്വന്തമായി ഇത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യാത്തതിൽ സർക്കാരിന് നിരാശയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിവാദ ഉള്ളടക്കം നീക്കം ചെയ്യുന്നതിന് ഉത്തരവിടാൻ സർക്കാർ നിർബന്ധിതമാകുന്നത്. ഇത് വിമർശനങ്ങൾക്കും പൊതുപ്രതിഛായ നശിപ്പിക്കാനും കാരണമായെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.
ഉള്ളടക്കം നീക്കം ചെയ്യാനുള്ള തീരുമാനങ്ങളും നിർദേശങ്ങളും പരസ്യമാക്കുന്നത് ഒഴിവാക്കുകയാണ് ഇതിനുള്ള പരിഹാരമെന്ന് ഗൂഗിൾ എക്സിക്യൂട്ടീവുകൾ മന്ത്രാലയ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്ഥാപനങ്ങൾക്ക് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനും ആരോപണ വിധേയമായ വ്യാജ ഉള്ളടക്കത്തിൽ നടപടി സ്വീകരിക്കാനും കഴിയും.
ഇതാണ് ഇരുപക്ഷത്തിനും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള മാർഗമെന്നും ഗൂഗിൾ വ്യക്തമാക്കി.
എന്നാൽ ഈ നിർദേശം പൊതുവെ സർക്കാർ ഉദ്യോഗസ്ഥർ തള്ളിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വ്യാജ വാർത്തകൾ സ്വന്തമായി കൈകാര്യം ചെയ്യുന്നതിൽ കമ്പനികൾ പരാജയപ്പെടുമ്പോഴാണ് ഉള്ളടക്കം എടുത്തുമാറ്റാൻ പറയേണ്ടിവരുന്നതെന്നും അവർ വ്യക്തമാക്കി.
രാജ്യത്ത് മൊത്തത്തിലുള്ള വിവര കൈമാറ്റം സുരക്ഷിതമാക്കാനാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതെന്ന് ജനുവരിയിൽ ചില ഓൺലൈൻ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടപ്പോൾ സർക്കാർ വിശദീകരിച്ചിരുന്നു.
ഇന്ത്യൻ സൈന്യം, ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ വ്യാജ ഉള്ളടക്കമുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഇത്തരം സർക്കാർ ഉത്തരവുകൾ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുകയും ആശങ്കാജനകമായ മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി രംഗത്തുള്ള ആക്ടിവിസ്റ്റുകൾ പറയുന്നത്. ഏതൊക്കെ ഉള്ളടക്കമാണ് നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പരസ്യമാക്കിയിട്ടില്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അപർ ഗുപ്ത പറഞ്ഞു.
ക്രമസമാധാനത്തിനോ രാജ്യസുരക്ഷക്കോ ഹാനികരമാകാത്ത ഉള്ളടക്കം സെൻസർ ചെയ്യാൻ ഇത് അധികൃതരെ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






