കേന്ദ്രാനുമതി ലഭിച്ചെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന് കെ റെയില്‍ അധികൃതര്‍

തിരുവനന്തപുരം- സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചതായി കെ റെയില്‍ എവിടെയും പറഞ്ഞിട്ടില്ലന്ന് കേരളാ റെയില്‍ വികസന കോര്‍പ്പറേഷന്‍. സില്‍വര്‍ലൈനിനു അനുമതി നല്‍കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും കെ  റെയില്‍ കോര്‍പ്പറേഷന്‍.  പദ്ധതിക്ക് അനുമതി തേടി കെ റെയില്‍ സമര്‍പ്പിച്ച ഡി.പി.ആര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സാങ്കേതികസാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച ശേഷമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുള്ളുവെന്നാണ് മന്ത്രി പറയുന്നതെന്നും കെ റെയിലിനായി കേരള സര്‍ക്കാര്‍ രൂപികരിച്ച കോര്‍പ്പറേഷന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സില്‍വര്‍ലൈനിനു അനുമതി നല്‍കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പദ്ധതിക്ക് അനുമതി തേടി കെറെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. സാങ്കേതിക സാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച ശേഷമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുള്ളുവെന്നാണ് മന്ത്രി പറഞ്ഞത്. പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ഇല്ലെന്നാണ് മറുപടി. പാരിസ്ഥിതിക റിപ്പോര്‍ട്ട് പ്രത്യേകമായി സമര്‍പ്പിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ വിദേശ വായ്പക്ക് അനുമതി ചോദിച്ച് വല്ല അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ടോ എന്നാണ് മറ്റൊരു ചേദ്യം.
ഇതിനുള്ള അപേക്ഷ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് അഫയേഴ്‌സിനു കെ റെയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് മറുപടി. പദ്ധതിയുടെ പ്രവൃത്തി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു അനുമതിയോ എന്‍.ഒ.സിയോ നല്‍കിയിട്ടുണ്ടോ എന്നതിന് ഇല്ലെന്നാണ് മറുപടി. പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതായി കെ റെയില്‍ എവിടെയും പറഞ്ഞിട്ടില്ല. തത്വത്തില്‍ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രീ ഇന്‍വെസ്റ്റ്‌മെന്റ് നടപടികാളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയം പരിശോധിച്ചു വരികയാണ്. ഡിപി.ആറില്‍ മതിയായ സാങ്കേതിക സാധ്യത വിശദാംശങ്ങള്‍ നല്‍കാനുള്ള നടപടികള്‍ കെ റെയില്‍ പൂര്‍ത്തീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി റെയില്‍വെയുടെ ഉമടസ്ഥതയിലുള്ള ഭൂമിയില്‍ റെയില്‍വെയും കെറെയിലും സംയുക്ത പരിശോധന നടത്തി വരുന്നുണ്ട്. സ്വകാര്യഭൂമിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനു കൂടിയാണ് ഇപ്പോള്‍ സാമൂഹികാഘാത പഠനം നടത്തുന്നത്. ജനങ്ങളെ പൊതുവായി പദ്ധതി എങ്ങനെ ബാധിക്കുമെന്ന് സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാകും.
പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നു പറഞ്ഞാല്‍ അനുമതി നല്‍കില്ലെന്നല്ല അര്‍ഥം. പദ്ധതിക്ക് അന്തിമാനുമതി നല്‍കുന്നതിന്,  സാങ്കേതിക സാമ്പത്തിക സാധ്യതകള്‍ വിലയിരുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കെ റെയില്‍ സമര്‍പ്പിച്ച ഡി.പി.ആറില്‍ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത് സ്വാഭാവികമാണ്. അതിനു വിശദമായ മറുപടി നല്‍കാന്‍ കെ റെയില്‍ ബാധ്യസ്ഥരാണ്. റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനാണ് റെയില്‍വേയും കെ റെയിലും സംയുക്ത പരിശോധന നടത്തുന്നതെന്നും കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നു.

 

 

Latest News