Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ മിസൈൽ ആക്രമണ ശ്രമം യു.എ.ഇ വിഫലമാക്കി

അബുദാബി - യു.എ.ഇയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം വിഫലമാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹൂത്തികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് യു.എ.ഇ തകർക്കുകയായിരുന്നു. തകർന്ന മിസൈൽ ഭാഗങ്ങൾ ജനവാസ കേന്ദ്രങ്ങൾക്കു പുറത്താണ് പതിച്ചത്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. ഏതു ഭീഷണികളും നേരിടാൻ യു.എ.ഇ പൂർണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണങ്ങൡ നിന്ന് രാജ്യത്തിന് സംരക്ഷണം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. 
ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം യു.എ.ഇയിൽ വിമാന സർവീസുകളെയോ എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. മുഴുവൻ വിമാന സർവീസുകളും സാധാരണ നിലയിൽ നടന്നു. വിവരങ്ങൾക്ക് യു.എ.ഇയിലെ ഔദ്യോഗിക വകുപ്പുകളെ സമീപിക്കണമെന്ന് യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 
യു.എ.ഇ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിടാൻ ഉപയോഗിച്ച ഹൂത്തികളുടെ മിസൈൽ ലോഞ്ചർ സഖ്യസേനയുമായി സഹകരിച്ച് തകർത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം പിന്നീട് അറിയിച്ചു. യെമനിലെ അൽജൗഫ് പ്രവിശ്യയിലെ മിസൈൽ ലോഞ്ചർ ഇന്നലെ പുലർച്ച 12.50 ന് ആണ് തകർത്തത്. ഇന്നലെ പുലർച്ചെ 12.20 ന് ആണ് യു.എ.ഇ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ യു.എ.ഇ പ്രതിരോധ മന്ത്രാലയം തകർത്തത്. അര മണിക്കൂറിനകം യെമനിലെ അൽജൗഫ് പ്രവിശ്യയിലെ മിസൈൽ ലോഞ്ചർ വ്യോമാക്രമണത്തിലൂടെ യു.എ.ഇ തകർത്തു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ യു.എ.ഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. 
ഇസ്രായിൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെ യു.എ.ഇ സന്ദർശനത്തിനിടെയാണ് ഹൂത്തികൾ യു.എ.ഇയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശ്രമിച്ചത്. ജനുവരി 17 ന് അബുദാബി നാഷണൽ ഓയിൽ കമ്പനി എണ്ണ സംഭരണ കേന്ദ്രത്തിനു നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ രണ്ടു ഇന്ത്യക്കാർ അടക്കം മൂന്നു പേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 
പടിഞ്ഞാറൻ യെമനിലെ അൽഹുദൈദയിൽ അൽബഗീൽ ഏരിയയിൽ ഹൂത്തികൾ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ മരണപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കിഴക്കൻ യെമനിലെ ശബ്‌വയിലെ അസീലാൻ ജില്ലയിലെ അൽസ്വഫ്ഹ പ്രദേശത്തെ അബ്ദുല്ല ബിൻ മസ്ഊദ് മസ്ജിദ് ലക്ഷ്യമിട്ട് ഹൂത്തികൾ കഴിഞ്ഞ ദിവസം ബാലിസ്റ്റിക് മിസൈൽ ആക്രമണവും നടത്തി. ഈ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ മസ്ജിദ് കെട്ടിടത്തിലും മിനാരത്തിലും സാരമായ കേടുപാടുകൾ സംഭവിക്കുകയും പള്ളിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന ഏതാനും കാറുകൾ കത്തിനശിക്കുകയും ചെയ്തു.  
അതേസമയം, യെമനിൽ ജനവാസ കേന്ദ്രങ്ങളിലെ റോഡുകളിൽ വൻതോതിൽ മൈനുകൾ പാകുന്ന ഹൂത്തികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യുദ്ധക്കുറ്റവാളികൾ എന്നോണം അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യണമെന്നും യെമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽഇർയാനി ആവശ്യപ്പെട്ടു. വൻതോതിൽ മൈനുകൾ പാകിയതിനാൽ പല ജില്ലകളിലും ആളുകളുടെ സഞ്ചാരം ഏറെക്കുറെ പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഏതാനും ജില്ലകളിൽ ഹൂത്തികൾ വിഛേദിച്ച വാർത്താ വിനിമയ സംവിധാനങ്ങൾ മൂന്നാഴ്ച പിന്നിട്ടിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. പല ജില്ലകളും ഇപ്പോഴും ഹൂത്തികളുടെ കടുത്ത ഉപരോധത്തിലാണെന്നും മുഅമ്മർ അൽഇർയാനി പറഞ്ഞു. 

Latest News