ന്യൂദല്‍ഹി- കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. ''കോവിഡ് -19 നെ നേരിടാനുള്ള ഇന്ത്യയുടെ കഴിവ് അതിന്റെ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ പ്രകടമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍, 150 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതിന്റെ റെക്കോര്‍ഡ് നാം സൃഷ്ടിച്ചു. ഇന്ന്, നല്‍കിയ ഡോസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാം ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി, എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ കാണിക്കുമെന്ന സമ്മേളനമായിരിക്കും ഇതെന്ന് പറഞ്ഞു. ''ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ധാരാളം അവസരങ്ങളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, വാക്സിനേഷന്‍ പരിപാടി, ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിനുകള്‍ എന്നിവയെക്കുറിച്ച് ഈ സെഷന്‍ ലോകത്തിന് ആത്മവിശ്വാസം പകരുന്നു,'- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.






