ആയോധന കലയിലെ ലിംകാ റെക്കോർഡുകാരന് സൗദി പ്രവാസത്തിന്റെ രണ്ടാമൂഴം
ആയോധന കലയിൽ എളുപ്പവഴികളില്ല. കഠിനമായ പരിശീലനത്തിന്റെ നാൾ വഴികളിലൂടെയേ മികവ് തെളിയിക്കാൻ സാധിക്കു. പതിമൂന്നാം വയസു മുതൽ അഭ്യാസങ്ങൾ പഠിക്കാൻ സമർപ്പിച്ച ജീവിതത്തിന് യുവത്വത്തിൽ തന്നെ ലഭിക്കുന്ന അംഗീകാരങ്ങൾ ഇരട്ടിമധുരമാണ്. കോഴിക്കോട് കക്കോടി സ്വദേശി കാട്ടിൽ പുരയിൽ സിദ്ധിഖ് ഈ ഇരട്ടി മധുരം ആസ്വദിച്ച അഭ്യാസിയാണ്. ലിംകാ റെക്കോർഡ്‌സ് ബുക്കിൽ സിദ്ധിഖ് ഇടം പിടിച്ചത് 2010 ൽ മൈസൂരിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കഴിഞ്ഞ മാസം ജിദ്ദയിലെത്തിയ സിദ്ധിഖിന് ഇത് സൗദി പ്രവാസത്തിന്റെ രണ്ടാമൂഴം. നേരത്തെ കുറച്ച് മാസങ്ങൾ ദമാമിൽ ഉണ്ടായിരുന്നു. പിന്നീട് ദുബായിലും. അവിടെ വെച്ചാണ് ഗാമൺ സൗദിയയുടെ ചെയർമാനും പ്രവാസി വ്യവസായിയുമായ ഷെയിഖ് റഫീഖിനെ പരിചയപ്പെടുന്നതും സൗദിയിലെത്തുന്നതും.

സിദ്ധിഖ്
2009 മുതൽ 2013 വരെ മൈസൂർ രാജകുടുംബത്തിലെ ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാറുടെ മുപ്പത് പേഴ്‌സനൽ ബോഡി ഗാർഡുമാരിൽ ഒരാളായിരുന്ന സമയത്താണ് മൈസൂരിൽ സിദ്ധിഖ് അവിസ്മരണിയ പ്രകടനത്തിലൂടെ ലിംകാ ബുക്കിൽ ഇടം പിടിക്കുന്നത്. റംഷി ദിലീപ്കുമാറായിരുന്നു ഈ സംഘത്തിന്റെ തലവൻ. ദസറക്കാലത്ത് നടത്തിയ പ്രദർശനം രാജ കുടുംബത്തിന് ഇഷ്ടപ്പെട്ടു. പിന്നീട് കൊട്ടാരത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ആറടി ഉയരമുള്ള ഇരുപതു പേരുടെ തലയിൽ വെച്ചിരുന്ന മൺകുടങ്ങൾ ആർക്കും പരിക്കേൽക്കാതെ ഒരു മിനിറ്റുകൊണ്ട് ചവിട്ടിത്തകർത്താണ് സിദ്ധിഖ് റെക്കോർഡിന് ഉടമയായത്. ഈ റെക്കോർഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. മൈസൂർ രാജകുടുംബം തന്നെയാണ് ഈ പ്രകടനത്തിന് അവസരം ഒരുക്കിയതും ലിംകാ അധികൃതരെ ക്ഷണിച്ചതും.
ആയോധനകലക്കു വേണ്ടിയുള്ള സമർപ്പിത ജീവിതത്തിന് ലഭിച്ച വലിയ അംഗീകാരമാണ് ഇതെന്ന് കരാട്ടെയിലും കളരിയിലും ഒരുപോലെ കഴിവു തെളിയിച്ച സിദ്ധിഖ് പറഞ്ഞു. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് സിദ്ധിഖ് ആ നിമിഷങ്ങളെ ഓർമിക്കുന്നത്. 2012 ഏപ്രിലിൽ കോഴിക്കോട് കടപ്പുറത്ത് പതിനായിരത്തോളം പേരെ സാക്ഷിനിർത്തി നടത്തിയ പ്രദർശനവും ഒരിക്കലും മറക്കാനാവില്ലെന്ന് സിദ്ധിഖ് പറഞ്ഞു. നിരവധി മരത്തിന്റെ പട്ടികകൾ സിദ്ധിഖിന്റെ ശരീരത്തിൽ വെച്ച് തകർത്ത പരിപാടിയായിരുന്നു അത്.

ചെറുപ്പം മുതലെ താൽപര്യം ഉണ്ടായിരുന്നെങ്കിലും ഏഴാം ക്ലാസ് മുതലാണ് കരാട്ടെ പഠിക്കാൻ ഉറച്ച തീരുമാനമെടുത്തത്. വീട്ടിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അപകടമാണെന്ന നിലപാടിലായിരുന്നു മാതാപിതാക്കൾ. ഏഴാം ക്ലാസ് കഴിഞ്ഞതോടെ സിദ്ധിഖിന്റെ നിർബന്ധത്തിന് മാതാപിതാക്കൾ വഴങ്ങി. 1994 ൽ കക്കോടിയിലെ കാരപ്പറമ്പിൽ വാസു ഗുരുക്കളുടെ ടൈജി കാൻഡൊ കരാട്ടെയിൽ ചേർന്നതാണ് തുടക്കം. 1997 ൽ വാസു ഗുരുക്കൾ മരണപ്പെട്ടതോടെ മകൻ വിജേഷായി ഗുരു. ടൈജി കാൻഡൊ കരാട്ടെയിൽ രണ്ട് വിഭാഗമുണ്ട്. ഒന്ന് സെമി കോൺടാക്ട്. രണ്ട് ഫുൾ കോൺടാക്ട്. ഇതിൽ നേരിട്ടുള്ളതും അപകടം പിടിച്ചതുമായ ആക്രമണമാണ് ഫുൾ കോൺടാക്ട്. സെമി കോൺടാക്ടിൽ പോയന്റ് എടുക്കുന്ന ടച്ചിംഗ് മാത്രമെയുള്ളു. 2000 ത്തിലാണ് സെമി കോൺടാക്ടിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കുന്നത്. 2001 ൽ ദിലീപ്കുമാർ സാറിന്റെ കാജു കാണ്ടൊ കരാട്ടെ ക്ലബ്ബ് കോഴിക്കോട് ഫുൾ കോൺടാക്ട് കരാട്ടെയിൽ അന്താരാഷ്ട്ര ടൂർണമെന്റ് നടത്തുന്ന വിവരം അറിഞ്ഞതോടെ ഇതിൽ എങ്ങനെയും പങ്കെടുക്കണമെന്നായി ആഗ്രഹം. എന്നാൽ വിജേഷ് അനുവദിച്ചില്ല.
ഇതോടെ സുഹൃത്ത് സലിമിന്റെ സഹായത്തോടെ പരിശീലനം തുടങ്ങുകയും ടൂർണമെന്റിൽ പങ്കെടുക്കുകയും ചെയ്തു. അങ്ങനെ ആദ്യത്തെ ഫൈറ്റിംഗ് ടൂർണമെന്റിൽ തന്നെ മൂന്ന് റൗണ്ട് കടന്ന് സെമിയിലെത്തി. പിന്നീട് സലിമിന്റെ മാസ്റ്റർ റെൻഷിയാണ് ദിലീപ്കുമാറിനെ പരിചയപ്പെടുത്തിയത്. പരിശീലനം അദ്ദേഹത്തിന്റെ കീഴിലായി. 2002 ൽ ഫുൾ കോൺടാക്ടിൽ ആദ്യ ബ്ലാക്ക് ബെൽറ്റ്. 2007 ൽ സെക്കന്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് (കരാട്ടെയിൽ പത്ത് ഡാൻ ബ്ലാക്ക് ബെൽറ്റുണ്ട്). തുടർന്നങ്ങോട്ട് കേരളത്തിലും പുറത്തും നിരവധി ടൂർണമെന്റുകളിൽ ചാമ്പ്യനായി. ശരീരത്തിൽ മുറിവേൽക്കുന്നതിനാൽ വീട്ടിൽനിന്നുള്ള കടുത്ത എതിർപ്പുകൾക്കിടയിലാണ് ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നത്. സിദ്ധിഖിന് ഓരോ ടൂർണമെന്റും പുതിയ പാഠങ്ങളായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന കരാട്ടെ ചാമ്പ്യനായി മാറിയ സിദ്ധിഖ് ബാംഗ്ലൂർ വാസക്കാലത്തും തിളങ്ങി. 2010 ൽ വിവാഹശേഷം 2014 മുതൽ ബാംഗ്ലൂരിലെ ജോലിയോടൊപ്പം പരിശീലകനായും പേരെടുത്തു. നൂറു കണക്കിന് ശിഷ്യൻമാർ. സി.വി.എം കളരിയിൽനിന്നാണ് കളരി പരിശീലിച്ചത്. ഇത് കൂടുതൽ മെയ് വഴക്കം നൽകി.

ജപ്പാൻ ആസ്ഥാനമായ വ്യാകുറാൻ കരാട്ടെ അക്കാദമിയിൽ നിന്ന് ഫുൾ കോൺടാക്ട് ബ്ലാക്ക് ബെൽറ്റ് എടുത്ത ശേഷമാണ് അക്കാദമിയുടെ മിഡിൽ ഈസ്റ്റ് ചീഫ് ഷഹാൻ ഇഖ്ബാലിനെ പരിയപ്പെടുന്നത്. ഇഖ്ബാലാണ് കരാട്ടെയുടെ നവീന പരിശീലന ലോകത്തേക്ക് ക്ഷണിക്കുന്നത്. കണ്ണൂർ സ്വദേശിയായ ഇഖ്ബാൽ മാഹിയിലെ ഷിഹാൻ ആദമിനെ പരിചയപ്പെടുത്തിയതോടെ സിദ്ധിഖിന്റെ കരാട്ടെ ലോകം ആകെ മാറി. ജപ്പാനിലെ അക്കാദമിയാണ് മൂന്നാം ഡാൻ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ ഫുൾ കോൺടാക്ടിൽ ഏറെ പ്രശസ്തനായി മാറിയ സിദ്ധിഖിന് പിന്നീട് ദമാമിൽ പ്രവാസം. ബിസിനസായിരുന്നു ലക്ഷ്യം.
ഒരു വർഷവും നാലു മാസവും മാത്രം നീണ്ട ഈ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ സിദ്ധിഖ് 2015 ൽ ഷിഹാൻ ഇഖ്ബാലിന്റെ ക്ഷണ പ്രകാരം ദുബായിൽ എത്തി കറാമയിൽ പരിശീലന ക്ലബ്ബ് തുടങ്ങി. നിരവധി പേരെ പരിശീലിപ്പിക്കാൻ സാധിച്ചു. ഇതിനിടയിലാണ് ഷെയിഖ് റഫീഖിനെ പരിചയപ്പെടുന്നതും സൗദിയിലേക്ക് വിസ ലഭിക്കുന്നതും. സൗദിയിൽ കരാട്ടെയില്ലാത്ത ജീവിതത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവാസത്തിന്റെ രണ്ടാമൂഴത്തിലാണ് സിദ്ധിഖ്. ഫർസാനയാണ് ഭാര്യ. ഐഷാ പർവീൺ ഏക മകൾ.






