Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ പ്രസിഡന്റ് അബുദാബിയില്‍; യു.എ.ഇ നേതാക്കളുടെ ധീരതക്ക് പ്രശംസ

അബുദാബി- ആദ്യ സന്ദര്‍ശനത്തിനായി ഇസ്രായില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് യു.എ.ഇയിലെത്തി. ഇറാനുമായുള്ള ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഗോള ശക്തികള്‍ ശ്രമിക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുകയാണ് ഇസ്രായില്‍ ലക്ഷ്യം.
2020 ല്‍ അബ്രഹാം കരാറില്‍ ഒപ്പുവെച്ചതിനുശേഷമാണ് യു.എ.ഇയുമായും ബഹ്‌റൈനുമായി ഇസ്രായില്‍ നയതന്ത്രബന്ധം ആരംഭിച്ചത്. ഇറാനും സഖ്യകക്ഷികള്‍ക്കുമെതിരെ രണ്ട് ഗള്‍ഫ് രാജ്യങ്ങളും ആശങ്ക പങ്കുവെക്കുന്നുണ്ട്.
ഇസ്രായിലില്‍ പ്രസിഡന്റിന്റെ അധികാരം നാമമാത്രമാണെങ്കിലും  സന്ദര്‍ശനത്തെ വലിയ നീക്കമായാണ് ഇസ്രായില്‍ അധികൃതര്‍ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നഫ്തലി ബെന്നെറ്റ് ഡിസംബറില്‍ യു.എ.ഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു.
യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ഇസ്രായില്‍ പ്രസിഡന്റിനെ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ലാ ബിന്‍ സായിദ് അല്‍ നഹ് യാന്‍ സ്വീകരിച്ചു.
തുടര്‍ന്ന് അല്‍വതന്‍ കൊട്ടാരത്തില്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്റെ നേതൃത്വത്തില്‍ യു.എ.ഇ മന്ത്രിമാരും ഉദ്യോഗസ്ഥരും വരവേല്‍പ് നല്‍കി.
ഇസ്രായിലുമായി സമാധാന കരാറിലെത്തിയ ശൈഖ് മുഹമ്മദിന്റെ ധീരമായ നേതൃത്വത്തെ ഇസ്രായില്‍ പ്രസിഡന്റ് പ്രകീര്‍ത്തിച്ചു. സമാധാനം മാത്രമാണ് പരിഹാരമെന്ന സന്ദേശം മേഖലയില്‍ മുഴുവന്‍ നല്‍കാന്‍ യു.എ.ഇക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News