ബി.കോം വിദ്യാര്‍ഥിനി ജീവനൊടുക്കിയത് പരീക്ഷാ ഫീസ് സ്വീകരിക്കാത്തതിനാലെന്ന് ബന്ധുക്കള്‍

പാലക്കാട്-ഉമ്മിനിയില്‍ കോളേജ് വിദ്യാര്‍ഥിനി  ജീവനൊടുക്കിയത് കോളേജില്‍ പരീക്ഷാ ഫീസ് സ്വീകരിക്കാത്തതിനാലാണെന്ന് സഹോദരനും ബന്ധുക്കളും പറയുന്നു. സുബ്രഹ്‌മണ്യന്‍-ദേവകി ദമ്പതിമാരുടെ മകള്‍ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്.

ജനലില്‍ തൂങ്ങിനില്‍ക്കുന്നനിലയില്‍ കണ്ടെത്തിയ ബീനയെ ഉടന്‍തന്നെ വീട്ടുകാരും അയല്‍ക്കാരും  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസം ബീനയുടെ അമ്മ കോളേജില്‍ ഫീസ് അടയ്ക്കാനായി പോയിരുന്നുവെങ്കിലും കോളേജിലെ ട്യൂഷന്‍ ഫീസ് മാത്രമാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചത്. പരീക്ഷാഫീസിന്റെ ലിങ്ക് സര്‍വകലാശാലയ്ക്ക് അയച്ചുനല്‍കിയെന്നും ഇനി അടയ്ക്കാനാകില്ലെന്നുമായിരുന്നു കോളേജ് ജീവനക്കാരുടെ മറുപടി.

ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്നറിഞ്ഞതോടെ ബീന ഏറെ അസ്വസ്ഥയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

 

Latest News