Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യ കൈവിട്ട അവസരം

ഏഷ്യയെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയ ഇന്തോനേഷ്യയും ഫിലിപ്പൈൻസും ബർമയും പിന്മാറിയതിനാൽ ഇന്ത്യക്ക് ലോകകപ്പിൽ പങ്കെടുക്കാൻ ആദ്യമായും അവസാനമായും സാധ്യത തെളിഞ്ഞു. ചാമ്പ്യന്മാരായ ഇറ്റലിയും പാരഗ്വായ്‌യും സ്വീഡനുമുൾപ്പെട്ട ഗ്രൂപ്പ് മൂന്നിൽ ഇന്ത്യ കളിക്കേണ്ടതായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഇന്ത്യ പിന്മാറി. പിന്നീടൊരിക്കലും ഇന്ത്യ ലോകകപ്പിന്റെ നാലയലത്തു പോലുമെത്തിയില്ല.  ഇന്ത്യ ലോകകപ്പിൽ കളിക്കാതിരുന്നതിന് മൂന്ന് കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന്, ബൂട്ടിട്ടു കളിക്കണമെന്ന് ഫിഫ നിർദേശിച്ചത്. നഗ്നപാദരായി കളിച്ചാണ് ഇന്ത്യൻ ടീം ശീലിച്ചത്. രണ്ട്, ബ്രസീലിലേക്കുള്ള വൻ യാത്രാ ചെലവ്. മൂന്ന്, മതിയായ ഒരുക്കമില്ലാതിരുന്നത്. 
ബൂട്ടിട്ടു കളിക്കണമെന്ന നിർദേശമാണ് പിൻവാങ്ങാനുള്ള കാരണമെന്നത് അർധ സത്യം മാത്രമാണെന്നാണ് മുൻ നായകൻ ചുനിഗൊസ്വാമി ചൂണ്ടിക്കാട്ടിയത്. 1948 ലെ ഒളിംപിക്‌സിനു ശേഷം നഗ്നപാദരായി കളിക്കുന്നത് ഫിഫ വിലക്കി എന്നതു ശരി തന്നെ. പിന്നീട് ഏഷ്യാഡിലും ഒളിംപിക്‌സിലുമൊക്കെ നഗ്നപാദരായി ഇന്ത്യ കളിച്ചിട്ടുണ്ട്. 
ബ്രസീലിലേക്കുള്ള യാത്ര അക്കാലത്ത് വലിയ ചെലവുള്ളതായിരുന്നു. യാത്രാ ചെലവ് വഹിക്കാൻ ബ്രസീൽ തയാറായിരുന്നു. ഏഷ്യയിൽനിന്ന് ഒരു ടീമിനെ കളിപ്പിക്കാൻ അവർക്ക് താൽപര്യമുണ്ടായിരുന്നു. ഒരു ഏഷ്യൻ ടീം പോലുമില്ലാതെയാണ് 1950 ലെ ലോകകപ്പ് അരങ്ങേറിയത്. മതിയായ ഒരുക്കമില്ലെന്നത് മറ്റൊരു മുടന്തൻ ന്യായമായിരുന്നു.
1948 ലെ ലണ്ടൻ ഒളിംപിക്‌സായിരുന്നു ഇന്ത്യൻ ടീമിന്റെ ആദ്യത്തെ പ്രധാന ടൂർണമെന്റ്. നഗ്നപാദരായി കളിച്ച ഇന്ത്യൻ ടീം ഫ്രാൻസിനോട് 1-2 ന് തോറ്റാണ് പുറത്തായത്. രണ്ട് പെനാൽട്ടികൾ ടീം തുലച്ചില്ലായിരുന്നെങ്കിൽ കഥ വ്യത്യസ്തമായേനേ. കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കേയായിരുന്നു ഫ്രാൻസിന്റെ വിജയ ഗോൾ. 
1950 ലെ ലോകകപ്പിൽ ഏഷ്യയെ പ്രതിനിധീകരിക്കാൻ ഇന്ത്യക്ക് എന്തുകൊണ്ടും അർഹതയുണ്ടായിരുന്നു. ഫിലിപ്പൈൻസും ഇന്തോനേഷ്യയും ബർമയും പിന്മാറിയതിനാൽ ഇന്ത്യക്ക് നേരിട്ട് ടൂർണമെന്റിൽ കളിക്കാൻ അവസരം കിട്ടിയിരുന്നു. എന്നാൽ പങ്കെടുക്കേണ്ടെന്ന് എ.ഐ.എഫ്.എഫ് തീരുമാനിച്ചു. 
1950 മുതലുള്ള ഒന്നരപ്പതിറ്റാണ്ടാണ് യഥാർഥത്തിൽ ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണ കാലം. എസ്.എ. റഹീം എന്ന വിഖ്യാത കോച്ചിനു കീഴിൽ ഇന്ത്യൻ ടീം ഏഷ്യയിലെ മുൻനിര ടീമുകളിലൊന്നായി. 1951 ൽ ഇന്ത്യയിൽ നടന്ന പ്രഥമ ഏഷ്യാഡിൽ ഇന്ത്യയായിരുന്നു ഫുട്‌ബോൾ ചാമ്പ്യന്മാർ. ഇന്തോനേഷ്യയെയും അഫ്ഗാനിസ്ഥാനെയും 3-0 ത്തിന് തോൽപിച്ച ഇന്ത്യ ഫൈനലിൽ ബൂട്ടിട്ടു കളിച്ച ഇറാനെ 1-0 ത്തിന് കീഴടക്കി. ഇറാൻ പിന്നീട് പല തവണ ലോകകപ്പ് കളിച്ചു. ശക്തരായ അമേരിക്കയെ കീഴടക്കി. 
1952 ഒളിംപിക്‌സിലും ഇന്ത്യൻ ടീം നഗ്നപാദരായാണ് കളിച്ചത്. യുഗോസ്ലാവ്യയോട് 10-1 ന് തോറ്റതോടെയാണ് ബൂട്ടിട്ടു കളിച്ചേ മതിയാവൂ എന്ന് എ.ഐ.എഫ്.എഫിന് ബോധ്യമായത്. 1954 ലെ ഏഷ്യാഡിൽ ബൂട്ടിട്ടു കളിച്ച ഇന്ത്യൻ ടീം രണ്ടാം സ്ഥാനത്തെത്തി. ഒളിംപിക്‌സിൽ 1956 ലാണ് ഇന്ത്യ ആദ്യമായി ബൂട്ടിട്ട് കളിച്ചത്. ആ ഒളിംപിക്‌സിലായിരുന്നു ടീമിന്റെ മികച്ച പ്രകടനം. നെവിൽ ഡിസൂസയുടെ ഹാട്രിക്കിൽ ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് തകർത്ത ഇന്ത്യ സെമിയിൽ യുഗോസ്ലാവ്യയോട് 1-4 ന് തോൽക്കുകയായിരുന്നു. ലൂസേഴ്‌സ് ഫൈനലിൽ ബൾഗേറിയയോട് 0-3 ന് കീഴടങ്ങി. ഒളിംപിക്‌സ് ഫുട്‌ബോളിന്റെ സെമിയിലെത്തുന്ന ആദ്യ ഏഷ്യൻ രാജ്യമായി ഇന്ത്യ. 1958 ലെ ഏഷ്യാഡിൽ മൂന്നാം സ്ഥാനവും 1962 ലെ ഏഷ്യാഡിൽ ഒന്നാം സ്ഥാനവും ഇന്ത്യ കരസ്ഥമാക്കി. 1962 ലെ ഫൈനലിൽ തെക്കൻ കൊറിയയെയാണ് ഇന്ത്യ 2-1 ന് തോൽപിച്ചത്. 1962 ലെ ടീമാണ് ഏറ്റവും മികച്ചതെന്നും ആ ടീമിന് ലോകകപ്പ് കളിക്കാമായിരുന്നുവെന്നും സുഭാഷ് ഭൗമിക് അഭിപ്രായപ്പെട്ടിട്ടുണ്ട്.
1964 ലെ ഏഷ്യൻ കപ്പിൽ രണ്ടാം സ്ഥാനവും ഇന്ത്യ നേടി. 1970 ലെ ഏഷ്യൻ ഗെയിംസിൽ ജപ്പാനെ 1-0 ത്തിന് തോൽപിച്ച് മൂന്നാം സ്ഥാനം നേടിയ ശേഷമാണ് ഇന്ത്യയുടെ പതനമാരംഭിച്ചത്. 1960 നു ശേഷം ഒളിംപിക്‌സിന് പോലും യോഗ്യത നേടാൻ ഇന്ത്യക്കായില്ല. 

Latest News