പൊളിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാര അപേക്ഷ ഞായര്‍ മുതല്‍ നല്‍കാം

ജിദ്ദ - നഗരത്തില്‍ ചേരിപ്രദേശങ്ങളുടെ വികസനത്തിനു വേണ്ടി ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമകളില്‍നിന്ന്  ഞായര്‍ മുതല്‍ നഷ്ടപരിഹാര അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. സ്റ്റേറ്റ് പ്രോപ്പര്‍ട്ടീസ് ജനറല്‍ അതോറിറ്റിയുമായി സഹകരിച്ചാണ് ജിദ്ദ നഗരസഭ നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിക്കുന്നത്. ജിദ്ദ നഗരസഭയുടെ വെബ്‌സൈറ്റ് വഴി നഷ്ടപരിഹാര അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയും. ഇതിന് പ്രത്യേക കമ്മിറ്റിയുടെ ആസ്ഥാനത്തെ നേരിട്ട് സമീപിക്കേണ്ടതില്ല.
ഫീല്‍ഡ് ആസ്ഥാനത്തു വെച്ച് പ്രത്യേക കമ്മിറ്റിയും നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും. നിയമാനുസൃത പ്രമാണമുള്ള സ്ഥലങ്ങള്‍ക്ക് ഭൂമിക്കും പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ പ്രമാണങ്ങളില്ലാത്ത സ്ഥലങ്ങള്‍ക്ക് പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കു മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുകയെന്ന് ജിദ്ദ നഗരസഭ പറഞ്ഞു. ഉടമകളുടെ സൗകര്യം മാനിച്ചാണ് ഓണ്‍ലൈന്‍ രീതിയില്‍ നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിക്കുന്നതെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു.
പ്രമാണത്തിന്റെ കോപ്പി, ഉടമയുടെ പേരുവിവരങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ് കോപ്പി, കെട്ടിടത്തിന്റെ ഫോട്ടോ, വൈദ്യുതി ബില്‍ കോപ്പി, കെട്ടിടത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ സഹിതമാണ് നഷ്ടപരിഹാര അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്നും ജിദ്ദ നഗരസഭ വക്താവ് പറഞ്ഞു.

 

 

Latest News