കൊച്ചി- നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. തെളിവുകള്‍ നല്‍കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ വാദങ്ങളെ പൂര്‍ണമായി തള്ളുകയായിരുന്നു കോടതി. ദിലീപ് ഫോണുകള്‍ സ്വന്തം നിലയില്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് ഹൈക്കോടതി ആവര്‍ത്തിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പ്രതികരണം.
ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. ആര്‍ക്കാണ് ഇത്തരത്തില്‍ പരിശോധനക്ക് അയക്കാന്‍ അവകാശമെന്ന് കോടതി ചോദിച്ചു. കേന്ദ്ര അംഗീകൃത ഏജന്‍സികള്‍ക്കാണ് അതിനുള്ള അവകാശം. അല്ലാത്ത പരിശോധനാ ഫലത്തിന് തെളിവ് നിയമപ്രകാരം സാധുതയില്ലെന്നും കോടതി പറഞ്ഞു. സ്വന്തം നിലയില്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് കോടതി ആവര്‍ത്തിച്ചു.