ആലത്തൂര്‍- വടക്കഞ്ചേരി ടൗണിനു സമീപം വീണ്ടും പുലിയിറങ്ങി. കാളാകുളത്ത് ഒന്നര വയസ്സായ ആടിനെ പുലി കടിച്ചു കൊന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ വടക്കഞ്ചേരി മേഖലയില്‍ ഇത് മൂന്നാമത്തെ തവണയാണ് പുലിയെ കാണുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ പനക്കപ്പറമ്പ് രാജന്റെ വീട്ടുമുറ്റത്താണ് പുള്ളിപ്പുലി പ്രത്യക്ഷപ്പെട്ടത്. ആട്ടിന്‍കൂടിന് സമീപത്ത് നിന്ന് ബഹളം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ടു നോക്കിയപ്പോള്‍ പുലി ഓടിപ്പോകുന്നത് കണ്ടു. കഴിഞ്ഞ ഞായറാഴ്ച വടക്കഞ്ചേരി ടൗണില്‍ നിന്ന് ഇരുനൂറോളം മീറ്റര്‍ അകലെ മാണിക്കപ്പാടത്ത് പുലിയെ കണ്ടിരുന്നു. ബുധനാഴ്ച പല്ലാറോഡില്‍ പുലിയുടെ മുന്നില്‍ വന്നു പെട്ട റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന സ്ഥലങ്ങളാണ് എല്ലാം. പീച്ചി റിസര്‍വ്വ് വനമേഖലയില്‍ നിന്ന് എത്തിയതാകാം പുലി എന്നാണ് വനംവകുപ്പിന്റെ നിഗമനം. വനംവകുപ്പ് ആശയക്കുഴപ്പത്തിലാണ്. സ്ഥിരമായി ഒരിടത്ത് വന്യമൃഗം പ്രത്യക്ഷപ്പെടുകയാണെങ്കിലേ കെണിയൊരുക്കുന്നത് പ്രായോഗികമാവൂ. ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടികളുണ്ടാകുമെന്ന് വടക്കഞ്ചേരി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ എ.സലീം അറിയിച്ചു. പുലിയെ കണ്ട സ്ഥലങ്ങളില്‍ രാത്രികാല പട്രോളിംഗ് ഊര്‍ജ്ജിതമാക്കാനാണ് അധികൃതരുടെ തീരുമാനം.