മുന്‍മുഖ്യമന്ത്രി യെഡിയൂരപ്പയുടെ ചെറുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

ബെംഗളുരു- കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പയുടെ ചെറുമകള്‍ ഡോ. സൗന്ദര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിക്കുന്ന ബെംഗളുരുവിലെ അപാര്‍ട്‌മെന്റിലാണ് സംഭവം. 30കാരിയായ സൗന്ദര്യയും ഭര്‍ത്താവ് ഡോ. നീരജ് എസും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച നീരജ് ആശുപത്രിയിലേക്ക് പോയ ശേഷമാണ് സൗന്ദര്യ ആത്മഹത്യ ചെയ്തത്. 

വീട്ടുജോലിക്കാരി രാവിലെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ തുറന്നില്ല. പിന്നീട് ഇവര്‍ നീരജിനെ വിളിച്ചു. നീരജ് സൗന്ദര്യയുടെ ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സൗന്ദര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. യെഡിയൂരപ്പയുടെ രണ്ടാമത്തെ മകള്‍ പത്മാവതിയുടെ മകളാണ് സൗന്ദര്യ. 2018ലായിരുന്നു നീരജുമായുള്ള വിവാഹം.

Latest News