ജര്‍മനിയില്‍ ടെലഗ്രാം ആപ്പ് വിവാദത്തില്‍; പ്രത്യേക ദൗത്യ സേന രംഗത്ത്

ബെര്‍ലിന്‍-ജര്‍മനിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേയും വാക്‌സിനേഷനെതിരേയും പ്രവര്‍ത്തിക്കുന്നവര്‍ ടെലഗ്രാം ആപ്പാണ് ഉപയോഗിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ടെലഗ്രാം വഴി കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന വ്യക്തികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും പ്രത്യേക ദൗത്യ സേനയെ നിയോഗിച്ചതായി മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കോവിഡ് മഹാമാരിക്കെതിരെ രംഗത്തുള്ള രാഷ്ട്രീയക്കാരേയും ശാസ്ത്രജ്ഞരേയും ഡോക്ടര്‍മാരേയുമാണ് ആപ്പ് വഴി ലക്ഷ്യമിടുന്നതെന്ന് ജര്‍മനിയുടെ ഫെഡറല്‍ ക്രിമിനല്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ പേരുപറഞ്ഞാണ് ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്നതെന്ന് സുരക്ഷാ ഏജന്‍സി മേധാവി ഹോള്‍ഗര്‍ മുവെന്‍ച് പ്രസ്താവനയില്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ടെലഗ്രാമിന്റെ സഹകരണം തേടുമെന്നും ലഭ്യമായില്ലെങ്കില്‍ മറ്റുവഴികള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും അനധികൃത ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാനും ജര്‍മന്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി ശ്രമിക്കുകയാണെങ്കിലും ഇതവരെ വിജയിച്ചിട്ടില്ല.

ആഗോളതലത്തില്‍ കോടിക്കണക്കിന് ഉപയോക്താക്കളുള്ള ടെലഗ്രാം ആപ്പിനു പിന്നിലുള്ള കമ്പനിയുടെ ആസ്ഥാനം യു.എ.ഇയാണ്.

 

Latest News