Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

ഇല പൊഴിയും ശിശിരത്തിൽ 

കുടുംബ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുറച്ച് ദിവസം സ്വസ്ഥമായി തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന പലരും ഉണ്ടാവില്ലേ? ഞാനും കുറേക്കാലമായി അതാഗ്രഹിച്ചിരുന്നു. ഇന്നിതാ മക്കളെല്ലാവരും അവരുടെ പഠനവും ജോലിത്തിരക്കുമായി പോയിക്കഴിഞ്ഞപ്പോൾ എന്റെ ശാരീരികാസ്വാസ്ഥ്യവും കൂടിയ പോലെ. 
ആയുർവേദ ചികിത്സ ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ സ്വസ്ഥമായൊരിടം കണ്ടെത്തി വന്നതാണ്.   ഇവിടുത്തെ ചികിത്സയും ഈ ശാന്തമായ അന്തരീക്ഷവും ഒരുപാട് ആശ്വാസമേകുന്നുണ്ടെങ്കിലും.......ഈ  ഒറ്റപ്പെടലിൽ  മക്കളോടൊത്ത് കഴിഞ്ഞിരുന്ന ആ കാലം ഒന്നൊന്നായി ഓർമകളിലേക്ക് ഓടിയെത്തുന്നു. ഈ ശാന്തതയിലും ഞാൻ തിരിച്ചറിയുന്നു, കഴിഞ്ഞു പോയതൊരു പൊൻവസന്തം തന്നെയായിരുന്നെന്ന്.


ജീവിതത്തിലെ സുവർണ കാലഘട്ടമായിരുന്നു അവർണനീയമായ ആ കുട്ടിക്കാലം. അതാസ്വദിച്ചു മതിയാവാതെ കാലം നമ്മിൽ ഉപരോധമേൽപിച്ചുതുടങ്ങും. കഥയറിയാതെ അനുരാഗമായൊഴുകിത്തുടങ്ങിയ വഴിയിലേറെയും അലിയാതലിയിക്കേണ്ടുന്ന അനിവാര്യതകളായിരിക്കും. ചില നീക്കുപോക്കുകളും. പ്രായത്തിനതീതമായ ഉത്തരവാദിത്തങ്ങളിൽ നിലയറിയാതെ തുഴയുമ്പോൾ കിട്ടുന്ന മുത്തുകളാണ് പിന്നീടുള്ള ജീവിതത്തെ മധുരമാക്കുന്നത്. മനം നിറഞ്ഞൊഴുകിയ താരാട്ടിൽ മയങ്ങിയുണരുന്ന കുഞ്ഞുമക്കളുടെ മായാജാലം തീർക്കുന്ന പുഞ്ചിരിയിൽ  അലിഞ്ഞുതീരാത്ത വ്യാധികളുണ്ടോ?    മനസ്സിലെന്നും മായാതെ കിടക്കുന്ന അവരുടെ കുട്ടിക്കാലം താലോലമായെത്തുന്നു അവരില്ലാത്തൊരീ ഒറ്റപ്പെടലിൽ.             
എന്റെ നാല് പെൺമക്കളെയും ഒരുമിച്ചു സ്‌കൂളിൽ പറഞ്ഞയച്ചിരുന്ന ആ സുന്ദര കാലം എത്ര മനോഹരമായിരുന്നു. സ്‌കൂൾ വിട്ട് മത്സരിച്ചോടിവരുന്ന നാല് പേർക്കും പറയാനുണ്ടാകും അന്നത്തെ ഒരുപാട് കഥകൾ.  ഓരോരുത്തരും പറയുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളെല്ലാം ഒരേ പോലെ ശ്രദ്ധിച്ച് ആസ്വദിച്ചു കേൾക്കണം. ഇടയ്്ക്കവരുടെ ചോദ്യങ്ങളുമുണ്ടാകും. ഇളയത് രണ്ടെണ്ണത്തെ രമ്യതയിലെത്തിക്കാനായിരുന്നു പാട്.  ഒരാൾ പറയുന്നതിനിടയിൽ കയറി  വേറെയൊരു വിഷയം പറയും മറ്റെയാൾ. അപ്പോഴേക്ക് ആദ്യം പറഞ്ഞോണ്ടിരുന്നത് അവൾ മറന്നു പോകും. പിന്നെ കരച്ചിലും പിണക്കവുമായി....കേട്ടു മതിയാകാത്ത ഈ കഥകളും പരിഭവങ്ങളും കുസൃതികളും മനസ്സിൽ തെളിഞ്ഞു വരുമ്പോൾ അതേ തന്മയത്വത്തിലെഴുതി ഫലിപ്പിക്കാനെനിക്കാവുന്നുമില്ല.
നാലും പെൺമക്കളായതുകൊണ്ട് ഞങ്ങളുടെ വീട് അവരുടെ കൂട്ടുകാർക്ക് ഒത്തുകൂടാനുള്ളൊരു സങ്കേതം തന്നെയായിരുന്നു. പരീക്ഷക്ക് ഒരുമിച്ചിരുന്നു പഠിക്കാനും കലാപരിപാടികൾക്കുള്ള ഒരുക്കങ്ങളൊക്കെയായി  എന്നും ആഘോഷങ്ങൾ തന്നെ. 
വളരെ സൗമ്യമായ പ്രകൃതമായിരുന്നു ഒരാൾക്ക്. ശാന്തമായ വിടർന്ന കണ്ണുകളിലുതിരുന്ന നീർതുള്ളികൾക്ക് സന്തോഷമോ സന്താപമോ എന്നറിയാനാവില്ല, നിനക്കാതെ വന്നതുമാവാം.
കുഞ്ഞായിരിക്കുമ്പോൾ, ഭംഗിയുള്ളതോരോന്ന് കാണുമ്പോഴും 'ഇതെന്റുമ്മച്ചിക്ക് നല്ല രസണ്ടാവും' എന്ന് പറഞ്ഞ് അതെടുത്ത് കൈയിൽ പിടിക്കുന്ന അവളിന്നും  ആഗ്രഹങ്ങളറിഞ്ഞ് എനിക്കത് വാങ്ങിച്ചു തരാൻ ഏറെ ഇഷ്ടം കാണിച്ചിരുന്നു. മറ്റുള്ളോരുടെ ഇഷ്ടങ്ങളറിഞ്ഞു അവർക്കായത് വാങ്ങിച്ചുകൊടുക്കുന്നതും അവൾക്കേറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്, ആ ഒരിഷ്ടം പലർക്കും കിട്ടിയിട്ടുമുണ്ടാകും.  നിഷ്‌കളങ്കമായൊരു പുഞ്ചിരിയുമായടുത്തെത്തുമ്പോൾ വാരിപ്പുണർന്നു നെറുകയിൽ ചുംബിക്കുമ്പോഴുണ്ടാകുന്ന ആ നിശ്വാസത്തിന് നല്ല സുഗന്ധമായിരുന്നു.
കുഞ്ഞുകുറുമ്പിയായിരുന്നു രണ്ടാമത്തെയാൾ. വീട്ടിലെല്ലാവരുടെയും ഓമനയായി, മൂളിപ്പാട്ടും പാടി പൂഴിമണ്ണിൽ ചോറുണ്ടാക്കി കളിക്കുന്ന കാലം. കുയിലിന്റെ  നാദവും മഴവില്ലിനൊത്ത അഴകുമാണെനിക്കെന്ന് സ്വയം അഹങ്കച്ചിരുന്ന കുഞ്ഞുമനം.  ഇന്നൊരമ്മയായ് മാറിയിട്ടും  എന്റെ ഹൃദയത്തിലവൾക്കായി മൂളിയ താരാട്ടുപാട്ടിൻ ഈണമുണ്ട്. പ്രായഭേദമെന്യേ എല്ലാവരും അവൾക്ക് കൂട്ടുകാരായിരുന്നു. ഒരു വർഷത്തെ സർക്കാർ സ്‌കൂൾ ജീവിതം അവളെപ്പോലെ ആഘോഷമാക്കിയ മറ്റാരും കാണില്ല. അണിയിച്ചൊരുക്കി സ്‌കൂളിൽ വിട്ട മകൾ തിരിച്ചു വരുന്നത്  നടവഴി മുഴുവൻ താണ്ടി ബാഗിൽ പുസ്തകത്തിന് പകരം പൂക്കളും പക്ഷിത്തൂവലും മറ്റു കലാവസ്തുക്കളുമൊക്കെ ആയിട്ടായിരിക്കും. ആ വർഷം പൂർത്തിയാക്കാനവൾക്ക് സ്‌കൂളിലെ പാഠപുസ്തകങ്ങൾ പോലും തികയാതെ വന്നിട്ടുണ്ട്. സ്‌കൂൾ വിട്ട് വരുമ്പോൾ മതിലിനു പിന്നിൽ മറഞ്ഞിരുന്ന് 'ഠോ'...എന്ന് ശബ്ദമുണ്ടാക്കി ഞെട്ടിക്കണമെന്ന് പോകുമ്പോൾ തന്നെ പറഞ്ഞേൽപിക്കുമായിരുന്നു. മറന്നുപോയാലോ....പ്രശ്‌നമൊന്നുമില്ല ഉടനെ തന്നെ അവളൊന്നു കൂടി സ്‌കൂൾ വിട്ട് വരും, ഞെട്ടിക്കണമെന്നു മാത്രം. ഇങ്ങനെ ഓർത്തു ചിരിക്കാൻ എത്രയെത്ര കളികളായിരുന്നു.
ഇത്തിരി പിടിവാശിക്കാരിയായിരുന്നു മറ്റൊരാൾ. കൂട്ടുകാരൊത്ത് നഴ്‌സറിയിൽ പോകുമ്പോഴും കളിക്കുമ്പോഴുമെല്ലാം കൂട്ടത്തിലെ കുട്ടി നേതാവ് അവളായിരുന്നു.  അവളെ ആനയിച്ചോണ്ട് വേണം മറ്റു കുട്ടികൾ നടക്കാൻ.   മുന്നിൽ കയറി  മറ്റാർക്കും നടക്കാനും പാടില്ല. നടന്നാൽ  തള്ളി താഴെയിട്ട് കളയും. കുഞ്ഞുന്നാളിലെ ഈ കുറുമ്പുകളെല്ലാം വകവെച്ചു കൊടുത്തിരുന്നത് അവളുടെ വല്യുപ്പയായിരുന്നു.
കുഞ്ഞുന്നാളിൽ അവൾക്കെപ്പോഴും ഓരോ സംശയങ്ങളായിരുന്നു.  ഒരിക്കലൊരു മരണവീട്ടിൽ പോയിവന്നപ്പോൾ ചോദിച്ചു,   'മരിച്ചു കഴിഞ്ഞാൽ നമ്മളെ എന്താ ചെയ്യാ' എന്ന്. മൃതദേഹം മറവു ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞുതീരും മുൻപ് പേടിച്ചവൾ എന്നിലേക്ക് ചേർന്നുകിടന്നു എന്നിട്ട് മെല്ലെ പറഞ്ഞു ... 'എനിക്ക് പേടിയില്ല, ന്റെമ്മച്ചി കൂടെയുണ്ടെങ്കിൽ'. ഓരോ കുഞ്ഞുമനസ്സും ഒരമ്മയുടെ ചിറകിനുള്ളിലെത്ര സുരക്ഷിത്വമാണനുഭവിക്കുന്നതല്ലേ?
എല്ലാ കാര്യത്തിലും അവൾക്കോരോ നിർബന്ധങ്ങളായിരുന്നു. ഹോസ്റ്റലിൽ നിന്ന് രണ്ട് ദിവസത്തേക്ക് വന്നാൽ പോലും  എന്റെ ആവശ്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ്  ഒരു ലിസ്റ്റ് തയാറാക്കി എല്ലാം പൂർത്തിയാക്കിയിട്ടേ അവൾ പോകാറുള്ളൂ. അവളെനിക്ക് നൽകുന്ന ആ കരുതലിനും ഒരു പടച്ചട്ടയുടെ കവചങ്ങളുണ്ടായിരുന്നു.
മറ്റൊരാളുടെ കുഞ്ഞുന്നാളിലെ സംസാരമായിരുന്നു ഏറ്റവും രസകരം. ഗ്രാമറില്ലാതെ സംസാരിക്കുന്ന അവളുടെ മലയാളം കേൾക്കാൻ നല്ല രസമായിരുന്നു.  അന്ന് ഞങ്ങളെല്ലാവരും അതുപോലെ അവളെ അനുകരിക്കുമായിരുന്നു. അവൾക്കെന്നും ഉറങ്ങണമെങ്കിൽ എന്റെ നെഞ്ചിലേക്ക് അവളെ ചേർത്തുവെച്ച് താളം പിടിച്ചു കൊടുക്കണമായിരുന്നു . ആ താളത്തിനൊരീണവുമുണ്ടായിരുന്നു.
ഒരിക്കൽ ഞാൻ കൂടെയില്ലാത്ത കുറച്ച് ദിവസം അവളെ ഉറക്കാൻ അവളുടെ ഉപ്പ എത്ര ശ്രമിച്ചിട്ടും ആ താളത്തിലലിയാതെ അവൾക്കുറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ഞാനാ താളം ഫോണിലൂടെ 'വൺ ട്ടു... വൺ ട്ടു ത്രീ.....' എന്ന് പറഞ്ഞ് പഠിപ്പിച്ചു കൊടുത്തതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഞാനോർക്കുന്നു.. വലിയ കുട്ടിയായിട്ടും അവൾക്കിഷ്ടമായിരുന്നു ആ താളത്തിലുറങ്ങാൻ.
മാതാപിതാക്കൾക്കായി ദൈവം നൽകുന്ന വരദാനമാണല്ലോ കുഞ്ഞുമക്കൾ. പെൺകുട്ടികൾ അതിലെ സ്‌നേഹാമൃതവും.  ആ മധു നുകർന്ന ഓരോ മാതാപിതാക്കൾക്കുമതറിയാമായിരിക്കും.  
ഇവിടെ തനിച്ചിരിക്കുമ്പോൾ മക്കളുടെ കുട്ടിക്കാലം  മനസ്സിനെ ഇപ്പോഴും കുളിരണിയിക്കുന്നു. ഏതു പരിതസ്ഥിതിയിലും ഞങ്ങളുടെ ചിറകിനടിയിൽ സുരക്ഷിതരായിരുന്ന മക്കൾ അവർക്കായി കൂടൊരുക്കാൻ പറന്നകന്നപ്പോൾ ഞങ്ങൾക്ക് കൂട്ടായിട്ടുള്ളത് അവരുടെ കുഞ്ഞുന്നാളിലെ ഓർമകളാണ്. ഇനി വരുംകാലങ്ങളിൽ അവരിൽ നിന്നൊഴുകേണ്ടൊരാ കാരുണ്യത്തിൻ തലോലോടലേൽക്കാൻ....പ്രായാധിക്യത്തിലേക്കമർന്നിടുന്നൊരാക്കാലം ഒട്ടും വിദൂരതയിലല്ല. ഓർമകളോരോന്നായ് മങ്ങിമാഞ്ഞു ശൂന്യമാകുമ്പോഴും ഉള്ളിലൂറിയൊരീ താരാട്ടിൻ തേൻമധുരം മാത്രമായിരിക്കും ബാക്കിയുണ്ടാവുക. 
          


 

Latest News