ഇന്നത്തെ കാലത്ത് നമ്മുടെ ചിന്തകൾ മുഴുവനും എങ്ങനെ ലോകം കീഴടക്കാം..എങ്ങനെ വിജയിച്ചു മുന്നേറാം..എങ്ങനെ മറ്റുള്ളവരെ തോൽപിച്ചു നമ്മൾക്ക് മാത്രം മുമ്പിൽ എത്താം..രാവും പകലും ഇതാണ് എല്ലാവരുടെയും ചിന്തകൾ..നമ്മൾ എവിടെ പോയാലും മറ്റുള്ളവരെ എങ്ങനെ പരാജയപ്പെടുത്താം എന്നുള്ള ചർച്ചകൾ മാത്രമേ കേൾക്കാറുള്ളൂ.
എന്നാൽ ഈ ലേഖനത്തിലൂടെ നമ്മൾക്ക് പലപ്പോഴും എങ്ങനെ നന്നായി പരാജയപ്പെടാൻ കഴിയും..അതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് കൂടി നിങ്ങളുമായി പങ്കുവെക്കുന്നു. ഈ സമൂഹത്തിനു ഏറ്റവും ഉപകാരം നൽകിയിട്ടുള്ളത് വിജയിച്ചവരേക്കാൾ പരാജയപ്പെട്ടു കൊടുത്തവരെക്കൊണ്ടാണ്. അഥവാ പല വിജയികളും ധാരാളം പ്രാവശ്യം പരാജയം നുണഞ്ഞ ശേഷമാണ് വിജയം എന്ന് കൊടുമുടി കേറാൻ അവസരം നേടുന്നത്. പരാജയം ആസ്വദിക്കാതെ, പരാജയത്തിൽ അടങ്ങിയിട്ടുള്ള നന്മകൾ കണ്ടെത്തിയില്ല എങ്കിൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ വിജയത്തെ മുന്നോട്ടു കൊണ്ടു പോവാനും നിലനിർത്താനും കഴിയില്ല എന്നതാണ് വാസ്തവം. അത് കൊണ്ട് നമ്മുടെ കുട്ടികളെ ആദ്യം നമ്മൾ പരാജയം അംഗീകരിക്കാനും അതിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവാനും പഠിപ്പിക്കണം. എബ്രഹാം ലിങ്കൺ അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് എട്ടു പ്രാവശ്യം ഇലക്ഷനിൽ തോറ്റ ശേഷമാണ്. ഓരോ പ്രാവശ്യം തോൽക്കുമ്പോഴും അദ്ദേഹത്തിന്റെ കഴിവുകൾ വീണ്ടും വീണ്ടും മിനുക്കി എടുക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റുമാരുടെ ചരിത്രത്തിൽ, അമേരിക്കയുടെ രാഷ്ട്രീയ ഭൂപടവും ജനജീവിതവും മാറ്റിവരച്ച പ്രിയപ്പെട്ട നേതാവായി ഉയരാൻ അദ്ദേഹത്തിന്റെ തോൽവികൾക്ക് കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.
മനുഷ്യൻ ജനിച്ചു വീഴുന്നത് തന്നെ കരഞ്ഞുകൊണ്ടാണ്. നമ്മുടെ ജീവിതത്തിൽ അനാവശ്യമായ വ്യാധികൾ മൂലം മനുഷ്യന് ഭാവിയെ പേടിയാണ്. ഇതര ജനവിഭാഗങ്ങളെ പേടിയാണ്, സംസ്‌കാരങ്ങളെ പേടിയാണ്, നാളെ ജീവിതം എന്താവും എന്നുള്ള ചിന്തയിൽ എന്ത് വില കൊടുത്തും ജയിച്ചു മുന്നേറി വരണം എന്നാണ് നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ള പ്രാർത്ഥന. പക്ഷേ പലപ്പോഴും നമ്മുടെ തോൽവി എന്നത് നമ്മുടെ ജയം മാത്രമല്ല, അത് മറ്റുള്ളവരുടെ ഒരു പിന്മാറൽ കൂടിയാണ് എന്ന് നമ്മൾ മനസ്സിലാക്കുന്നത് വളരെ നന്നാവും. ഈ ലോകത്തു ജയം എന്നോ പരാജയം എന്നോ രണ്ടു ഘടകങ്ങൾ പ്രകൃത്യാ ഇല്ല..അതൊക്കെ നമ്മുടെ സാങ്കൽപിക സംഹിതകൾ മാത്രമാണ്.
മത്സരിച്ചു നേടിയത് ഒന്നും സമൂഹത്തിനു വേണ്ടി എന്നും നിലനിൽക്കില്ല. മത്സരിക്കാതെ നമ്മൾ നേടിയെടുക്കുന്ന എന്തും എന്നെന്നേക്കുമായി അവശേഷിക്കും. മനഃശാസ്ത്രപരമായി ലോകത്ത് യുദ്ധങ്ങളും ആക്രമണങ്ങളും കൊലയും തീവ്രവാദവും ആത്മഹത്യയും എല്ലാം എല്ലാം ഉടലെടുക്കുന്നത് ഞാൻ അല്ലെങ്കിൽ ഞങ്ങളാണ് ശരി നിങ്ങൾ ആരും ശരിയല്ല എന്ന അഭിപ്രായത്തിൽ നിന്നുമാണ്. പല ശരികളെയും നമ്മൾ കേട്ട് അംഗീകരിക്കുമ്പോൾ അത് പലപ്പോഴും നമ്മൾക്ക് ആലോചിക്കാൻ പോലും കഴിയാത്ത അത്ര വലിയ ആപത്തിൽ വ്യക്തികളെയും സമൂഹത്തെയും കൊണ്ടുചാടിക്കും. അതുകൊണ്ടു തന്നെ മനഃശാസ്ത്രത്തിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അംഗീകരിക്കാവുന്ന ശരികളെ നമ്മൾ ഏറ്റെടുക്കുക എന്നതാണ് ഏറ്റവും ഉത്തമം. ഇവിടെ ആരും പരസ്പരം ജയിക്കുന്നില്ല എന്ന് മാത്രമല്ല, ആരും ആരെയും തോൽപിക്കുന്നുമില്ല. അതുകൊണ്ട് തന്നെ അതിലൂടെ മറ്റൊരു സാമൂഹിക തിന്മ ഉടലെടുക്കുന്നില്ല എന്നർത്ഥം.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വിഷാദ രോഗം. വിഷാദ രോഗം ഒരു സുപ്രഭാതത്തിൽ ഒരു ജലദോഷം പോലെ പെട്ടെന്നു വരുന്നതല്ല. കാലങ്ങളായി നമ്മൾ താലോലിച്ചു വരുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളും നേടാതെ വരുമ്പോൾ മനസ്സ് പരിഹാരം തേടി മൗനഭാവം കാണിക്കുന്നതാണ് വിഷാദ രോഗം. വിഷാദ രോഗം ഉള്ളവരുടെ മനസ്സ് കത്തിജ്വലിക്കുന്ന അവസ്ഥയാണ്. അത്തരം അവസ്ഥകളിലേക്കു ആളുകൾ എത്തിപ്പെടാതിരിക്കാൻ അവസരം നൽകാതെ കൊണ്ടുപോവുക എന്നതാണ് നമ്മൾക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുക. വിഷാദ രോഗം പലപ്പോഴും കുടുംബത്തെ എന്നെന്നേക്കുമായി ദുഃഖത്തിലാഴ്ത്തി കടന്നുപോകും. രണ്ടാഴ്ചയിൽ കൂടുതൽ ഒരാൾ വിഷാദ രോഗത്തിന് അടിപ്പെട്ടാൽ ഉടനെ ഡോക്ടറുടെ സേവനം തേടണം.
ഞാൻ വിജയിക്കണം, ഞാൻ ഒരിക്കലും പരാജയപ്പെടരുത് എന്നീ ആധികൾ മനുഷ്യന് വരുന്നത് നമ്മൾ ഓരോരുത്തരും നമ്മുടെ കഴിവിന് അപ്പുറം ഉണ്ടാക്കിയെടുത്ത സാങ്കൽപിക ലോകം പരാജയപ്പെടുന്നത് ആലോചിക്കുമ്പോഴാണ്. ഇത്തരം ചിന്തകളെ മറികടക്കാൻ ഒരേയൊരു മാർഗമേ ഉള്ളൂ. നമുക്കുള്ളത് പലതും ഇല്ലാത്ത വലിയൊരു ജനവിഭാഗം ഇവിടെ ഉണ്ടെന്നും അവർ ഉള്ളതുകൊണ്ട് ഓണം പോലെ ജീവിച്ചു പോവുന്നു എന്നുമുള്ള സത്യം അവരെ ബോധ്യപ്പെടുത്തുക. അത് കൂടാതെ നമ്മുടെ ചുറ്റുമുള്ള പ്രകൃതിയുടെ ഭംഗി നമ്മൾ ആരും കാണാറില്ല. നമ്മളിൽ എത്ര പേർ ആകാശത്തെ നോക്കി അതിന്റെ ഭംഗി ആസ്വദിക്കാറുണ്ട്. ഏറ്റവും ഭംഗി ഈ പ്രകൃതി തന്നെയാണ്. ഓരോ ആഴ്ചകൾ കഴിയുംതോറും പ്രകൃതി ഓരോ വേഷവിധാനം അണിഞ്ഞു സുന്ദരിയായി നിൽക്കുന്നു. അത് എല്ലാ ജീവികൾക്കും അനുഭവിക്കാൻ ഉതകും വിധം ദൈവം ഉണ്ടാക്കി വെച്ചിരിക്കുന്നു. അതിലും വലിയ ഭാഗ്യം ഇനി നമുക്ക് നേടാനില്ല.
പ്രകൃതിയിൽ വേനലും മഴയും മഞ്ഞുകാലവും മാറിമറിഞ്ഞു വരുന്നു. കാലങ്ങൾ ഒരിക്കലും പരസ്പരം തോൽപിക്കുന്നില്ല മറിച്ച് അത് പ്രകൃതിയുടെ നിലനിൽപിനു അത്യാവശ്യമാണുതാനും. സൂര്യൻ സ്വയം കത്തിജ്വലിക്കുന്നത് സൂര്യന് വേണ്ടിയല്ല, മറിച്ച് ഈ സാർവത്രിക സൃഷ്ടി മണ്ഡലങ്ങൾക്കും വേണ്ടിയാണ്. ഈ ദൗത്യം സൂര്യന് നിർവഹിക്കാൻ കഴിയുന്നതുകൊണ്ടാണ് നമ്മൾ സൂര്യനെ ഏറ്റവും ശക്തിയുള്ള ഗ്രഹമായി അംഗീകരിക്കുന്നത്.
നമ്മുടെ കുട്ടികളുടെ ഇടയിൽ തുടർച്ചയായി പരാജയപ്പെടുന്ന കുട്ടികൾ ഉണ്ടാവാം, സമൂഹത്തിൽ പരാജയപ്പെട്ടു ഒറ്റപ്പെട്ടു നിൽക്കുന്ന വ്യക്തികൾ ഉണ്ടാവാം. നമ്മുടെ സാമൂഹിക ചുറ്റുപാടിൽ ഓരോരുത്തർക്കും ഇണങ്ങുന്ന മത്സരങ്ങളും ചോദ്യപേപ്പറും നൽകാവുന്ന ഒരു സമീകൃത ചുറ്റുപാടിലേക്കു ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസവും സാമൂഹിക ജീവിതവും എത്തിയിട്ടില്ല. അതുകൊണ്ട് മാത്രമാണ് വിജയികളുടെ എണ്ണം കുറവും പരാജയപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലും ആയി കണ്ടുവരുന്നത്. സാമൂഹിക നിലവാരത്തിൽ നോക്കിയാൽ നമ്മുടെ ജീവിതത്തെ ചലിപ്പിക്കുന്നത് ഈ പരാജിതരുടെ ലോകമാണ് എന്ന് തിരിച്ചറിയാൻ അധികം കണക്കുകൾ നോക്കേണ്ടതില്ല.