Sorry, you need to enable JavaScript to visit this website.

ആ ഉപ്പയുടെ വാക്കുകൾ വൃഥാവിലായില്ല

അബ്ദുല്ല ആമിർ നഹ്ദി, ഹസൻ സിദ്ദീഖ് ബാബു എന്നിവരോടൊപ്പം ലേഖകൻ

മസ്ദ കമ്പനിയിൽ ജോലിക്ക് നിൽക്കുന്നതിനിടെ വൈകുന്നേരങ്ങളിൽ ഒരു ബന്ധുവിന്റെ ഫാർമസിയിൽ  ചെന്നിരുന്ന്  അവിടുത്തെ കണക്കുകൾ ശരിപ്പെടുത്താൻ സഹായിക്കുന്ന പതിവുണ്ടായിരുന്ന ഒരു   മലപ്പുറത്തുകാരൻ പ്രവാസിയുടെ ജീവിതത്തിലെ നിർണായകമായ  വഴിത്തിരിവായിരുന്നു  ഡിഗ്രിക്ക് പഠിക്കുന്ന ആ സൗദി  വിദ്യാർത്ഥിയുമായി  കണ്ടുമുട്ടാൻ ഇടവന്നത്.  കണക്കുകളിൽ സൗമ്യനായ ആ ചെറുപ്പക്കാരൻ  പുലർത്തിയ കണിശതയും സത്യസന്ധതയും ആ യുവ  സംരംഭകനെ ഈ കൊട്ടപ്പുറത്തുകാരനിലേക്ക് അടുപ്പിച്ചു. ഇതിനിടെ കമ്പനിയിലെ ജോലി നഷ്ടമായ ഇദ്ദേഹത്തെ ആ സൗദി യുവാവ് കൂടെ കൂട്ടി. ബിസിനസിൽ വേണ്ടത്ര പരിചയമില്ലാതിരുന്ന സമ്പന്നനും കുലീനനും സദ് വൃത്തനുമായ  പ്രസ്തുത  അറബി  യുവാവിനോടൊത്ത് നീണ്ട  മുപ്പത്തിയാറ് വർഷം ചെലവിട്ടതിന്റെ വാക്കുകൾക്കതീതമായ ധന്യതയും ഉൾശീതളിമയും  അനുഭവിച്ചുകൊണ്ടാണ് നഹ്ദി ബാബു  എന്നറിയപ്പെടുന്ന പി.വി. ഹസൻ സിദ്ദീഖ് ബാബു നാൽപതാണ്ട് പിന്നിട്ട തന്റെ  പ്രവാസ ജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. 

ആ കൂട്ടുകെട്ട് പിന്നീട്  സൗദിയിലും വിദേശത്തുമായി ആയിരത്തി അഞ്ഞൂറിൽപരം ശാഖകളുള്ള,  ഇരുപതിനായിരത്തിലധികം പേർ തൊഴിലെടുക്കുന്ന  നഹ്ദി ഫാർമസി കമ്പനിയായി വളർന്നു. സ്ഥിരോൽസാഹവും  സേവനവും  കൈമുതലായുള്ള ബാബുക്കയും   അബ്ദുല്ലാഹ് ആമിർ നഹ്ദിയെന്ന ആ സൗദി  യുവസംരംഭകനും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അനുപമ രസതന്ത്രം  ആരെയും വിസ്മയിപ്പിക്കുക തന്നെ ചെയ്യും. ബാബുക്കയുടെ സ്‌നേഹ സ്വാധീനം കൊണ്ട് മാത്രം ആ കമ്പനിയിൽ   നൂറുകണക്കിന് മലയാളികൾ തൊഴിലെടുക്കുന്നുണ്ടിപ്പോൾ.

അറബ് ലോകത്തിലെ എണ്ണപ്പെട്ട ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ അധിപനായി ആ ഡിഗ്രി വിദ്യാർത്ഥി മാറിയതിന്റെ പിന്നിലെ സമർപ്പണവും മൂല്യബോധവും  യുവ സംരംഭകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രചോദനാത്മകമാണ്.  കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി ബാബുക്ക നേരിട്ടനുഭവിച്ച അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യങ്ങൾ ഇളംതലമുറ അറിയേണ്ടത് തന്നെയാണ്.

സ്വദേശത്തും വിദേശത്തും യാത്ര ചെയ്യുമ്പോൾ ഒഴികെ എല്ലാ ദിവസവും മുടങ്ങാതെ  കൃത്യം പത്ത് മണിക്ക് അബ്ദുല്ല   ഓഫീസിലെത്തും. മാസാമാസം   ഒരു ദിവസം പോലും വൈകിക്കാതെ   മുഴുവൻ തൊഴിലാളികൾക്കും   കൃത്യം ഇരുപത്തിയെട്ടാം തീയതിക്ക് ശമ്പളം ലഭിക്കത്തക്ക തരത്തിൽ സ്വന്തം കൈപ്പടയിൽ തന്നെ  ചെക്ക് ഒപ്പിട്ട് നൽകുന്ന സത്യസന്ധനായ തൊഴിലുടമയാണ് അദ്ദേഹം.
വൻകിട കമ്പനികൾ ശീലമാക്കിയ ഒരു നിയന്ത്രണവുമില്ലാത്ത
കടമെടുക്കൽ  എന്ന തന്ത്രം നഹ്ദി കമ്പനിക്ക് അന്യമാണ്. ഒരു സപ്ലയർ  കമ്പനിക്കും  കടബാധ്യതയുള്ള ഒരു ഇടപാടിനും അദ്ദേഹം ഇന്ന് വരെ മുതിർന്നിട്ടില്ല. യഥാസമയം  കൃത്യമായി പണമടച്ച് മാത്രമേ ഇക്കണ്ട കാലമത്രയും നഹ്ദി പ്രവർത്തിച്ചിട്ടുള്ളൂ എന്ന് ബാബുക്ക സാക്ഷ്യപ്പെടുത്തുന്നു.
തന്റെ കമ്പനിയിലെ തൂപ്പുകാരൻ,  ഡ്രൈവർ, ഉന്നത സ്ഥാനീയരായ മാനേജർമാർ തുടങ്ങി ഏത് തസ്തികയിലുള്ളവരോടും ഒരു ജാഡയുമില്ലാതെ ഹൃദ്യമായി സംസാരിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുന്ന അബ്ദുല്ല ആമിർ നഹ്ദി ഇന്ന് വരെ ആരോടെങ്കിലും പരുഷമായോ  മുഷിഞ്ഞോ  സംസാരിച്ചതായി ബാബുക്കക്ക് അറിവില്ല. അനാവശ്യമായി കമ്പനി കാര്യങ്ങളിൽ ഇടപെടുകയേ ഇല്ല.

തന്റെ പിതാവിൽ നിന്നും കണ്ട് ശീലിച്ച  ദീനാനുകമ്പ അക്ഷരാർത്ഥത്തിൽ ഇദ്ദേഹത്തിന്റെ ജീവിത ശൈലിയാണ്.  വർഷങ്ങൾക്ക് മുമ്പ് സോമാലിയയിൽ കൊടും വരൾച്ചയുണ്ടായപ്പോൾ അവിടങ്ങളിൽ രോഗപീഡ കൊണ്ട് ബുദ്ധിമുട്ടിയ പതിനായിരങ്ങൾക്ക് സൗജന്യമായി മരുന്ന് വിതരണം നടത്താൻ അബ്ദുല്ല ചുമതലപ്പെടുത്തിയത് ബാബുക്കയെ ആയിരുന്നു. ഇന്ത്യയിലെ മരുന്ന് കമ്പനികളിൽ നിന്ന് വിലക്കുറവിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് ദരിദ്ര രാജ്യമായ സോമാലിയയിൽ വളരെ കുറ്റമറ്റ രീതിയിൽ  കാര്യക്ഷമമായി വിതരണം നടത്തിയ ബാബുക്കയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ആത്മാർത്ഥതയും പ്രതിബദ്ധതയും തിരിച്ചറിഞ്ഞ അദ്ദേഹം  പ്രത്യുപകാരമായി  നൽകിയത് നമ്മുടെ നാട്ടിലെ ആലംബഹീനരായ രോഗികൾക്കും അശരണർക്കും  ഏറെ ആശ്വാസം പകരുന്ന മാതൃകാ സ്ഥാപനങ്ങൾക്കുള്ള കലവറയില്ലാത്ത പിന്തുണയാണ്. കാൻസർ രോഗികളെ പരിചരിക്കുന്ന തിരുവനന്തപുരത്തെ സി.എച്ച് സെന്ററിന്റെ രണ്ടുനില,  ഇരുന്നൂറ് വൃക്കരോഗികൾക്ക് നിത്യേന സൗജന്യമായി ആശ്വാസമേകുന്ന മലബാറിലെ ഡയാലിസിസ് സെന്റർ, ലോകത്താകമാനമുള്ള ഭാഷകളിൽ കാഴ്ച ശേഷിയില്ലാത്തവർക്ക് ബ്രെയിൽ ലിപിയിൽ പുസ്തകം പ്രിന്റ് ചെയ്യാനുതകുന്ന പ്രസ്, പട്ടിണി കൊണ്ട് ബുദ്ധിമുട്ടുന്ന നിരാലംബരായ നൂറുകണക്കിന് കുടുംബങ്ങൾക്ക്  മാസം തോറും വർഷങ്ങളായി നൽകി വരുന്ന സമൃദ്ധമായ ഭക്ഷണക്കിറ്റ് എന്നിവ അവയിൽ ചിലത് മാത്രം. മന്യഷ്യരുടെ പ്രയാസങ്ങൾക്ക് രാജ്യാതിർത്തികളില്ലെന്ന് വിശ്വസിക്കുന്ന അദ്ദേഹം തന്റെ സമ്പാദ്യത്തിൽ നിന്ന് കോടിക്കണക്കിന് രൂപ കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനത്തിന് ഈ മാതൃകാ ബന്ധത്തിന്റെ പേരിൽ നൽകുമ്പോൾ ചോദിക്കാറുള്ള ഏക ചോദ്യം  ബാബൂ, എല്ലാ വിഭാഗം  ജനങ്ങൾക്കും  ഉപകാരപ്പെടുന്നതല്ലേ ഇതെല്ലാം എന്ന ഒറ്റ ചോദ്യമാണ്. ജീവകാരുണ്യ  സേവനത്തിന്   ജാതിമത പരിഗണനകൾ തടസ്സമാവരുതെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തികച്ചും മാതൃകാപരമാണ്.  

ഇന്ത്യയോടും കേരളത്തോട് പ്രത്യേകിച്ചും ഏറെ ആദരവ് സൂക്ഷിക്കുന്ന സരസനും സഞ്ചാരപ്രിയനുമായ ഇദ്ദേഹം കേരളം സന്ദർശിച്ചപ്പോൾ കാണിച്ച കരളലിവിന്റെ കഥകൾ ഏറെയുണ്ട് ബാബുക്കയിൽ നിന്ന് പഠിച്ചറിയാൻ.
തിരുവനന്തപുരത്ത്  സി.എച്ച് സെന്ററിൽ ഓരോ രോഗിയെയും കട്ടിലിനരികിൽ ചെന്ന് കണ്ട  അദ്ദേഹം ഒരു കട്ടിലിൽ  പുതപ്പ് മാത്രം കണ്ട് രോഗിയെവിടെ എന്ന് തിരക്കി.  പുതപ്പ് നീക്കിയപ്പോൾ ലുക്കേമിയ ബാധിച്ച ഒരു പൈതലിനെ  കണ്ട അദ്ദേഹം ഏറെ പ്രയാസപ്പെട്ടതിന്റെ ഓർമ ഈറൻ പൊടിഞ്ഞ കണ്ണുകളോടെയാണ്  ബാബുക്ക പങ്കുവെച്ചത്.

കമ്പനിയുടെ തുടക്കത്തിൽ അത്യധികം  പ്രയാസപ്പെട്ട നാളുകളിൽ പരസ്പരം ഏറെ സ്‌നേഹിച്ചാദരിച്ച് സഹോദരൻമാരെ പോലെ പെരുമാറിയ ഈ കൂട്ടുകെട്ട് കണ്ട ബാബുക്കയുടെ  പ്രഗൽഭ അധ്യാപകനും സാത്വികനുമായ ഉപ്പ പി.വി. അഹമ്മദ് കോയ  ഹജിനെത്തിയപ്പോൾ പറഞ്ഞിരുന്നത്രേ:  ബാബൂ, കഷ്ടതകളൊക്കെ  നീങ്ങും, നന്മ നിറഞ്ഞവനാണ് അബ്ദുല്ല, അദ്ദേഹത്തോടൊത്ത് തന്നെ തുടരുക.   അതിൽ നിനക്കും അവനും  സമൂഹത്തിനും നന്മയുണ്ടാവും. കഠിനാധ്വാനത്തിന്റെ ആ നാളുകളിൽ കേട്ട  ബാപ്പയുടെ വാക്കുകൾ ദൈവാനുഗ്രഹത്താൽ  ചെറിയ തോതിലെങ്കിലും പുലർന്ന ചാരിതാർത്ഥ്യത്തിലാണ് അതുല്യ സേവനമധു നുകരാൻ സൗഭാഗ്യം ലഭിച്ച ബാബുക്ക കൊട്ടും ഘോഷവുമില്ലാതെ നാടണയുന്നത്.


 

Latest News