Sorry, you need to enable JavaScript to visit this website.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പു വെക്കാതെ  ഗവര്‍ണര്‍ ലക്ഷദ്വീപിലേക്ക് പറന്നു 

കൊച്ചി- കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചു. സ്വകാര്യ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഫെബ്രുവരി ഒന്നിനാവും തിരിച്ചെത്തുക. ലോകയുക്തയ്ക്ക് ലോക്കിടുന്നത് സംബന്ധിച്ച വിവാദ ഓര്‍ഡിനന്‍സില്‍ ഒപ്പു വെക്കാതെയാണ് അദ്ദേഹം യാത്ര പോയത്. അതിനിടെ, പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചു. പഞ്ചാബില്‍ കോണ്‍ഗ്രസും ഇതു പോലെ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കോടിയേരി ലേഖനത്തില്‍ ഓര്‍മിപ്പിച്ചു. മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി ഫെബ്രുവരി ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരായ ഹര്‍ജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍ വിവാദമായിരിക്കെ ഇവ രണ്ടും ശ്രദ്ധേയമാണ്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടു മന്ത്രി ബിന്ദുവിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് ഒന്നിനു പരിഗണിക്കുന്നത്. വിസിയെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ടു ഗവര്‍ണര്‍ക്കു മന്ത്രി കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്നാണു പരാതി.
ഇതില്‍ സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്. അന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതു ഹാജരാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ചട്ടം മറികടന്നു വേണ്ടപ്പെട്ടവര്‍ക്കു പണം നല്‍കിയെന്ന ഹര്‍ജിയാണു നാലിന് വരിക.എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മരിച്ചതിനു പിന്നാലെ മക്കളുടെ പഠനത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത്, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തിനു പിന്നാലെ സ്വര്‍ണപ്പണയം തിരികെയെടുക്കാന്‍ 8 ലക്ഷം രൂപയും കാര്‍ വായ്പ അടച്ചു തീര്‍ക്കാന്‍ 6 ലക്ഷം രൂപയും നല്‍കിയത്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞു മരിച്ച പോലീസുകാരന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ക്കു പുറമേ ദുരിതാശ്വാസ നിധിയില്‍നിന്ന് 20 ലക്ഷം രൂപ നല്‍കിയത് എന്നിവയാണു ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് കേസുമുണ്ട്. 

Latest News