Sorry, you need to enable JavaScript to visit this website.

ഖത്തറിൽ വിസ നിയമ ലംഘകർ ഇളവുകാലം പ്രയോജനപ്പെടുത്തണം -ആഭ്യന്തര മന്ത്രാലയം

ഗ്രേസ് പിര്യേഡ് ഓഫീസർ ക്യാപ്റ്റൻ കമാൽ താഹിർ അൽതൈരി ദോഹയിൽ സെർച്ച് ആന്റ് ഫോളോ അപ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ

ദോഹ- ഖത്തറിൽ വിസ നിയമം ലംഘിച്ച വിദേശികൾക്ക് തങ്ങളുടെ പദവി ശരിയാക്കാനുള്ള ഇളവുകാലം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെർച്ച് ആന്റ് ഫോളോ അപ് ഡിപ്പാർട്ട്‌മെന്റും യുനൈറ്റഡ് സർവീസസ് ഡിപ്പാർട്ട്‌മെന്റും ആവശ്യപ്പെട്ടു. വിസ നിയമം ലംഘിച്ച പ്രവാസികൾക്കായി ഒക്ടോബർ 10 ന് നിലവിൽവന്ന ഇളവുകാലം 2022 മാർച്ച് 31 ന് ആണ് അവസാനിക്കുക.
2021 ഡിസംബർ 31 ന് അവസാനിക്കേണ്ടിയിരുന്ന ഗ്രേസ് പിര്യേഡ് മാർച്ച് 31 വരെ നീട്ടിയത് നിയമ ലംഘകരായ വിദേശികളെയും അവരെ ജോലിക്ക് നിയോഗിച്ച കമ്പനികളെയും സഹായിക്കാനാണ്. അതിനാൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് സെർച്ച് ആന്റ് ഫോളോ അപ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിച്ച ഗ്രേസ് പിര്യേഡ് ഓഫീസർമാരായ ക്യാപ്റ്റൻ കമാൽ താഹിർ അൽതൈരിയും മുഹമ്മദ് അലി അൽ റാഷിദും ആവശ്യപ്പെട്ടു. ഈ കാലയളവിൽ വിസ ചട്ടലംഘനങ്ങൾ പരിഹരിക്കുന്നവർക്ക് 50 ശതമാനം ഇളവ് ലഭിക്കും. യാതൊരു നിയമ നടപടികളും നേരിടാതെ രാജ്യം വിടാമെന്നതാണ് ഇളവ് കാലത്തിലെ ഏറ്റവും വലിയ ആനുകൂല്യം.
നിലവിലെ ഗ്രേസ് പിര്യേഡിൽ തൊഴിലുടമയെ മാറ്റുവാനും പിഴയിൽ 50 ശതമാനം ഇളവ് ലഭ്യമാക്കാനും സൗകര്യമുണ്ട്. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് മാനുഷിക പരിഗണനകളോടെ സൗകര്യമൊരുക്കുക എന്ന ദൗത്യമാണ് സെർച്ച് ആന്റ് ഫോളോ അപ് വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നത്. യാതൊരു നിയമ നടപടികളോ പിഴയോ കൂടാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള സൗകര്യം ചെയ്തുകൊടുത്താണ് സെർച്ച് ആന്റ് ഫോ ളോ അപ് ഈ കാമ്പയിനിൽ സജീവമാകുന്നത്. ഗ്രേസ് പിര്യേഡിന്റെ ആനുകൂല്യം സ്വീകരിച്ച് വിസ സ്റ്റാറ്റസ് ശരിപ്പെടുത്താൻ ആഗ്രഹിക്കുന്നവർ സർച്ച് ആന്റ് ഫോളോ അപ് ഡിപ്പാർട്ട്‌മെന്റിലോ, ഉമ്മു സലാൽ, ഉമ്മു സുനൈം, മിസൈമീർ, അൽവക്‌റ, അൽ റയ്യാൻ എന്നീ സർവീസ് സെന്ററുകളിലോ ബന്ധപ്പെടണം.
റെസിഡൻസി നിയമങ്ങൾ, തൊഴിൽ വിസ നിയമം അല്ലെങ്കിൽ ഫാമിലി വിസിറ്റ് വിസ നിയമം എന്നിവ ലംഘിച്ച പ്രവാസികൾക്ക് ഈ കാലയളവിൽ അവരുടെ നിയമപരമായ പദവി ശരിയാക്കുന്നതിന് അപേക്ഷ സമർപ്പിക്കാം. നിയമ നടപടിക്രമങ്ങൾ ഒഴിവാക്കാനും അനുരഞ്ജനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുമാണ് സാവകാശം നൽകിയിരിക്കുന്നത്. ഉച്ചക്ക് ഒരു മണി മുതൽ ആറ് മണി വരെ നിശ്ചിത കാലയളവിൽ അപേക്ഷകൾ സമർപ്പിക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags

Latest News