മുംബൈ- മഹാരാഷ്ട്രയിലെ മാലേഗാവ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ ഉള്‍പ്പെടെ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടി വിട്ട് എന്‍സിപിയിലേക്ക് കൂടുമാറി. കോര്‍പറേഷന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് 28 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മഹാ വികാസ് അഘാഡി സര്‍ക്കാരിലെ സഖ്യകക്ഷികളാണ് ഇരുപാര്‍ട്ടികളും. ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാര്‍, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, പാര്‍ട്ടി വക്താവ് മന്ത്രി നവാബ് മാലിക് എന്നിവരുടെ സാന്നിധ്യത്തിലാണ് മാലേഗാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയില്‍ ചേര്‍ന്നത്. 27 അംഗങ്ങളാണ് പാര്‍ട്ടി വിട്ടതെന്ന് കോണ്‍ഗ്രസ് പറയുന്നു.
84 അംഗ കോര്‍പറേഷന്‍ ഭരണസമിതിയില്‍ എന്‍സിപിക്ക് 20 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് ഒമ്പതും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിക്ക് ഏഴും ജെഡിഎസിന് ആറും അംഗങ്ങളുണ്ട്. അടുത്ത നിയമസഭയില്‍ മാലേഗാവില്‍ നിന്ന് എന്‍സിപി എംഎല്‍എ ഉണ്ടാകുമെന്ന് പാര്‍ട്ടി നോതാക്കള്‍ പറഞ്ഞു.
വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി അംഗങ്ങള്‍ എന്‍സിപിയിലേക്ക് ചേക്കേറിയതെന്ന് ഒരു കോണ്‍ഗ്രസ് ഭാരവാഹി പറഞ്ഞു. വികസന പദ്ധതികള്‍ക്ക് ഫണ്ടിന് അനുമതി നല്‍കുന്നത് ധനമന്ത്രി കൂടിയായ അജിത് പവാറാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് ആളെ അടത്തിയെടുക്കാനാണ് എന്‍സിപിയുടെ ശ്രമമെങ്കില്‍ ഭാവിയില്‍ എന്തു ചെയ്യണമെന്ന് തങ്ങളും തീരുമാനിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.