Sorry, you need to enable JavaScript to visit this website.

ചൈനക്കെതിരെ അമേരിക്കയുടെ 'ചിപ്പ് യുദ്ധം'

സെമികണ്ടക്ടർ ചിപ്പുകളുടെ ഉൽപാദനത്തിൽ ചൈനക്കെതിരെ മൽസരം കടുപ്പിക്കുകയാണ് അമേരിക്കൻ വാണിജ്യ രംഗം. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ഓട്ടോമൊബൈൽ രംഗത്ത് വ്യാപകമായി ആവശ്യമുള്ള ചെറിയ സെമികണ്ടക്ടർ ചിപ്പുകൾക്ക് ലോകത്താകമാനം ക്ഷാമം നേടുന്നതിനിടെയാണ് അമേരിക്ക ഈ മേഖലയിൽ ഉൽപപ്പാദനം വർധിപ്പിച്ച് ചൈനീസ് ആധിപത്യത്തിനു തടയിടാൻ നോക്കുന്നത്. ഇതിനായി പ്രത്യേക ബില്ല് തന്നെ അമേരിക്കൻ ഭരണകൂടം തയാറാക്കി. ആഭ്യന്തര ഉൽപാദകരോട് ചിപ്പ് നിർമാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി കൂടുതൽ ഫണ്ട് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.


മൂന്നാം ലോക രാജ്യങ്ങളിൽ ഉൾപ്പെടെ ഓട്ടോമൊബൈൽ രംഗത്ത് ഓട്ടോമാറ്റിക് ടെക്‌നോളജി വ്യാപിച്ചതോടെയാണ് സെമികണ്ടക്ടർ ചിപ്പുകൾക്ക് ഡിമാന്റ് വർധിച്ചത്. ചൈന ഇത്തരം ചിപ്പുകളുടെ ഉൽപാദനത്തിൽ ഏറെ മുന്നിലാണ്. കോവിഡ് വ്യാപനത്തിന് ശേഷം ഇത്തരം ചിപ്പുകൾക്ക് വില വർധിച്ചതും വാഹന ഉൽപാദന മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്തിന് ആവശ്യമുള്ള ചിപ്പ് ലഭിക്കുന്നില്ലെന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ പ്രശ്‌നം. ഇത് അമേരിക്കയിലെ പ്രമുഖ വാഹന നിർമാതക്കളെ പോലും ആശങ്കയിലാക്കുന്നുണ്ട്. ചൈനീസ് ചിപ്പുകൾക്ക് വേണ്ടി കാത്തിരിക്കാതെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയെന്നതാണ് അമേരിക്കൻ നീക്കം.
പ്രമുഖ ചിപ്പ് നിർമാതാക്കളായ ഇൻടെൽ കമ്പനി ഒഹിയോയിൽ പുതിയ ചിപ്പ് പ്ലാന്റ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നര ലക്ഷം കോടി രൂപ നിക്ഷേപമുള്ള കമ്പനിയാണ് സ്ഥാപിക്കുന്നത്. ടെക്‌സാസിൽ സാംസംഗ് ഇലക്ട്രോണിക്‌സ് 1.3 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഉൾെപ്പടെയുള്ളവരുടെ അഭ്യർത്ഥന പ്രകാരമാണ് പ്രമുഖ കമ്പനികൾ ആധുനിക രീതിയിലുള്ള സെമികണ്ടക്ടർ ചിപ്പുകളുടെ നിർമാണത്തിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്.


സെമികണ്ടക്ടറുകളുടെ ക്ഷാമം അമേരിക്കയിൽ മാത്രമല്ല, വിവിധ ലോകരാജ്യങ്ങളിൽ നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയ 2019 ൽ ആരംഭിച്ച ക്ഷാമം കഴിഞ്ഞ വർഷം അവസാനത്തോടെ മൂർഛിക്കുകയായിരുന്നു. ചിപ്പുകൾ ലഭിക്കാത്തതുകൊണ്ടു മാത്രം കാർ നിർമാണത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ട കണക്കു കൂട്ടുന്നത്. ഇലക്ട്രിക് കാറുകൾക്ക് ഡിമാന്റ് വർധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സെമികണ്ടക്ടറുകൾ ആവശ്യത്തിന് ലഭിക്കാത്തത് നിർമാണ രംഗത്ത് പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഓട്ടോമൊബൈൽ മേഖലക്ക് പുറമെ കംപ്യൂട്ടർ നിർമാണ കമ്പനികളെയും അനുബന്ധ മേഖലകളെയും ചിപ്പ് ക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വില വർധിക്കുന്നതിന് വരെ ഇത് കാരണമായേക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. 

 

Latest News