ഇത്തവണ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് ഉയർന്ന പ്രധാനപ്പെട്ട കാഴ്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമയായിരുന്നു. ചരിത്രമുറങ്ങുന്ന ഇന്ത്യാഗേറ്റിൽ നിത്യേനയെത്തുന്ന സന്ദർശകർക്ക് മുന്നിൽ ആ പ്രതിമ കൂറെ നാൾ പ്രകാശിക്കും. പരമ്പരാഗത പ്രതിമകൾ കണ്ട് ശീലിച്ച ഇന്ത്യൻ സന്ദർശകർക്ക് പുതിയ ശൈലിയുള്ള ഹോളോഗ്രാം പ്രതിമ വിസ്മയമുണർത്താം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരപുരുഷൻമാരിൽ ഒരാളും ആസാദ് ഹിന്ദ് ഫൗജിന്റെ സ്ഥാപകനുമായ നേതാജി സൂഭാഷ് ചന്ദ്രബോസിന്റെ പൂർണകായ പ്രതിമയാണ് ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കാനിരുന്നത്. ഇതിന്റെ നിർമാണം നടന്നു വരികയാണ്. അത് സ്ഥാപിക്കുന്നതു വരെയാണ് ഹോളോഗ്രാം പ്രതിമ അവിടെ സ്ഥാനം പിടിക്കുക. 29 അടി ഉയരവും ആറടി വ്യാസവുമുള്ളതാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയാറാക്കിയിട്ടുള്ള ഹോളോഗ്രാം പ്രതിമ. രാത്രികാലങ്ങളിൽ പ്രത്യേക പ്രകാശ വിനിമയ സംവിധാനങ്ങളോടെയാണ് ഇത് കാഴ്ചക്കാർക്ക് അനുഭവ വേദ്യമാക്കുക.
ഹോളോഗ്രാം ടെക്നോളജി ഉപയോഗിച്ച് ഇത്രയും വലിപ്പമുള്ള പ്രതിമ ഒരുക്കുന്നത് ഇന്ത്യയിൽ ആദ്യത്തേതാണ്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സാങ്കേതിക വിദ്യ പതിറ്റാണ്ടുകൾക്ക് മുമ്പേ വിവിധ രൂപങ്ങളിൽ നിലവിലുണ്ട്.
ഹോളോഗ്രാം സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്നത് യഥാർഥത്തിൽ ത്രീഡി ഇമേജുകളാണ്. ലേസർ രശ്മികൾ ഉപയോഗിച്ച് പ്രതിമയുടെ ചിത്രം പ്രത്യേക രീതിയിലുള്ള ഇമേജുകളാക്കി കംപ്യൂട്ടറിൽ സൂക്ഷിക്കും. തുടർന്ന് പ്രോജക്ടറുകൾ ഉപയോഗിച്ച് അത് സുതാര്യമായ ഒരു സ്ക്രീനിലേക്ക് വെളിച്ചമായി അയക്കും. സ്ക്രീനിൽ പ്രതിമ തെളിയും. മലയാള സിനിമയിൽ ഒരു കാലത്ത് വിസ്മയമായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയിൽ ഉപയോഗപ്പെടുത്തിയ ത്രീഡി ടെക്നോളജിയുടെ ആധുനിക രൂപമാണ് ഹോളോഗ്രാം ടെക്നോളജിയെന്ന് ഒരർത്ഥത്തിൽ പറയാം. സിനിമയിൽ ദൃശ്യങ്ങൾ കാണാൻ ത്രീഡി കണ്ണട വേണം. എന്നാൽ ഹോളോഗ്രാം ഇമേജ് കാണാൻ അതിന്റെ ആവശ്യമില്ല. സിനിമയിൽ സ്ക്രീനിന്റെ മുൻവശത്ത് നിന്ന് മാത്രമേ ദൃശ്യങ്ങൾ കാണാനാകൂ. എന്നാൽ ഇവിടെ നാലു വശത്തു നിന്നും കാണാനാകും. പ്രതിമക്ക് ചുറ്റും സന്ദർശകർക്ക് നടന്ന് എല്ലാ വശവും കാണാം. ഇന്ത്യാ ഗേറ്റിലെ പ്രതിമക്കായി വർധിച്ച ശേഷിയുള്ള പ്രോജക്ടറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രോജക്ടറിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നതിന് സുതാര്യമായ ഹോളോഗ്രാഫിക് സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്. സ്ക്രീൻ സന്ദർശകർക്ക് കാണാനാകില്ല. ഈ സ്ക്രീനിന്റെ ഗുണനിലവാരത്തിനനുസരിച്ചാണ് ഇമേജുകൾക്ക് വ്യക്തത വർധിക്കുക. പ്രകാശത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുകയെന്നതിനാൽ രാത്രി കാലങ്ങളിൽ മാത്രമാണ് പ്രതിമ വ്യക്തമായി വീക്ഷിക്കാനാകുക. പൂർണകായ പ്രതിമ പകൽ സമയത്തെ സന്ദർശകർക്കും കാണാനാകും.
അതിസങ്കീർണമായ സാങ്കേതിക വിദ്യയല്ലാത്തതിനാൽ ഹോളോഗ്രാം ഇമേജുകൾ ആർക്കും ഉണ്ടാക്കാവുന്നതാണ്. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനമുള്ള കുട്ടികൾ വരെ വീടുകളിലിരുന്ന് ഇത്തരം ഇമേജുകൾ ഉണ്ടാക്കാറുണ്ട്. പഴയ സി.ഡി കേസുകൾ, ടേപ്പുകൾ എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ നിർമിക്കാവുന്ന ഇമേജുകളാണിത്. ഇതു സംബന്ധിച്ച് ഒട്ടേറെ വിശദീകരണങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. ഹോളോഗ്രാം ടെക്നോളജിയിൽ നിർമിച്ച ചെറിയ പ്രതിമകളും വസ്തുക്കളും ഇന്ന് ഓൺലൈൻ ഷോപ്പുകളിലും ഏറെ ലഭ്യമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുമ്പു തന്നെ ഹോളോഗ്രാം പ്രതിമകൾ നിലവിലുണ്ട്. ചിലയിടങ്ങളിൽ അവ സ്ഥിരമായി നിൽക്കുന്നു. മറ്റു ചിലടയിടങ്ങളിൽ താൽക്കാലികമായും. പ്രത്യേക ഫെസ്റ്റിവലിന്റെ ഭാഗമായി ഏതാനും ദിവസത്തേക്കാണ് ഇത്തരം ഇമേജുകൾ സാധാരണയായി സ്ഥാപിക്കുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ് അഫ്ഗാനിസ്ഥാനിൽ ചൈനീസ് ദമ്പതികൾ നിർമിച്ച ഹോളോഗ്രാം ബുദ്ധപ്രതിമ ഏറെ ജനശ്രദ്ധ നേടിയിരുന്നു. യുനെസ്കോയുടെ പ്രത്യേക അനുമതിയോടെ നിർമിച്ച ആ പ്രതിമക്കായി 77,500 പൗണ്ടാണ് ആ ദമ്പതികൾ അന്ന് ചെലവിട്ടത്.
2020 ൽ അമേരിക്കയിലെ വെർജീനിയയിൽ ഉയർന്ന ജോർജ് ഫ്ളോയിഡ് ഹോളോഗ്രാം പ്രതിമ വർണവെറിക്കെതിരായ അമേരിക്കക്കാരുടെ പ്രതിഷേധത്തിന്റെ കൂടി ഡിജിറ്റൽ ബിംബമായിരുന്നു. മിനോപോളീസിൽ പോലീസുകാരന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട കറുത്ത വർഗക്കാരനായ അധ്യാപകൻ ജോർജ് ഫ്ളോയിഡിനോടുള്ള ആദരസൂചകമായാണ് മനുഷ്യ സ്നേഹികൾ അവിടെ ഹോളോഗ്രാം തെളിയിച്ചത്. 2017 ൽ ഹോളിവുഡിൽ ഹോളോഗ്രാമിന് മാത്രമായി പ്രത്യേക ഇടങ്ങൾ ആരംഭിച്ചിരുന്നു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ സംഗീത നിശകളിൽ ഹോളോഗ്രാം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ദൃശ്യവിരുന്നുകൾ സാധാരണമാണ്. പരസ്യ കമ്പനികൾ ബിൽ ബോർഡുകളിലും ഈ സാങ്കേതിക വിദ്യ സാധാരണയായി ഉപയോഗിക്കുന്നു,






