ഇന്റർനെറ്റ് ഉപയോക്താക്കളുടെ ലൊക്കേഷനുകൾ അവരറിയാതെ ഗൂഗിൾ ട്രാക്ക് ചെയ്യുകയും ചോർത്തുകയും ചെയ്യുന്നതായുള്ള പരാതികൾ അമേരിക്കയിൽ വർധിക്കുന്നു. മൂന്നു കോടതികളിലായി കമ്പനി ഇപ്പോൾ കേസുകൾ നേരിടുകയാണ്. പല ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും ഫോണിൽ ലൊക്കേഷൻ ഓൺ ചെയ്യേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണെന്നും തങ്ങളറിയാതെ ലൊക്കേഷൻ വിവരങ്ങൾ ചോർത്തുകയാണെന്നും പരാതികളിൽ പറയുന്നു. ഗൂഗിൾ മാപ്പിൽ പലപ്പോഴും അപൂർണവും തെറ്റായതുമായ വിവരങ്ങളാണ് നൽകുന്നതെന്നും പരാതിയിലുണ്ട്. അതേസമയം, ആരോപണങ്ങൾ ശരിയല്ലെന്നും ഉപഭോക്താക്കളുടെ സ്വകാര്യത പരമാവധി സൂക്ഷിക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നും ഗൂഗിൾ അധികൃതർ വിശദീകരിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ ശേഖരിക്കുന്നത് തുടരുമെന്നും ഉപഭോക്താക്കളിൽ നിന്ന് അതിന് സമ്മതം വാങ്ങിയിട്ടുണ്ടെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു.






