തൃശൂര്‍- ചിമ്മിനി അണക്കെട്ടിനു സമീപം പാലപ്പിള്ളിയില്‍ കാനയില്‍ കുടുങ്ങിയ കുട്ടിയാന ചരിഞ്ഞു. ദിവസങ്ങള്‍ മാത്രം പ്രായമായ കുട്ടിയാന ഇന്നു രാവിലെയാണ് ചരിഞ്ഞത്.
പാലപ്പിള്ളി കാരികുളം മൈതാനത്തിനു സമീപമുള്ള കാനയിലാണ് ബുധനാഴ്ച പുലര്‍ച്ചെ അവശനിലയില്‍ കുട്ടിയാനയെ കണ്ടെത്തിയത്. ആനക്കൂട്ടം കരകയറ്റാന്‍ ശ്രമിച്ചെങ്കിലും അതിനായില്ല. തുടര്‍ന്ന് കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാട്ടുകാര്‍ രക്ഷപ്പെടുത്തി കുട്ടിയാനയെ വനംവകുപ്പിനു കൈമാറുകയായിരുന്നു. വനംവകുപ്പ് വെറ്ററിനറി സര്ജന് സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് സമീപത്തെ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്ക് മാറ്റിയത്.
കാലിനു സാരമായ പരുക്കുണ്ടായിരുന്ന കുട്ടിയാന വ്യാഴാഴ്ച പുലര്‍ച്ചെ ചരിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ജഡം മറവുചെയ്യും.






