Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക്  ഒരു ദാക്ഷിണ്യവുമില്ലാത്ത യാത്രാനിരക്ക്

കേരളത്തിൽനിന്ന് ദമാമിലേക്ക്  70,000 രൂപ വരെ ഈടാക്കുന്നു
ദമാം- ഇന്ത്യ-സൗദി അറേബ്യ എയർ ബബ്ൾ കരാർ വന്നതിനു ശേഷവും സൗദിയിലേക്ക് മടങ്ങിവരുന്ന പ്രവാസികളിൽനിന്ന് ഒരു ദാക്ഷിണ്യവുമില്ലാതെ യാത്രാക്കൂലി ഈടാക്കുന്നതായി പരാതി. കേരളത്തിൽനിന്ന് ദമാമിലേക്ക് നേരിട്ടുള്ള സെക്ടറിൽ 30,000 മുതൽ 40,000 രൂപ വരെയാണ് യാത്രാ കൂലിയായി ഈടാക്കി കൊണ്ടിരിക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസിനു പുറമേ മറ്റു ചില സ്വകാര്യ എയർലൈൻ കമ്പനികൾക്ക് കൂടി എയർ ബബ്ൾ കരാർ പ്രകാരം സർവീസ് നടത്താൻ അംഗീകാരമുണ്ട്. എന്നാൽ ഈ കമ്പനികൾ ദമാമിൽനിന്ന് കേരളത്തിലേക്കുള്ള സെക്ടർ മാത്രമാണ് എയർ ബബ്ൾ കരാർ പ്രകാരം സർവീസ് നടത്തുന്നത്. തിരിച്ചു കേരളത്തിൽനിന്ന് സൗദിയിലേക്ക് വരുന്ന സർവീസ് ചാർട്ടേഡ് പ്രകാരമാണ് ഓപറേഷൻ. സൗദിയിലെ ക്വാറന്റൈൻ സംവിധാനത്തിന് വിവിധ ഹോട്ടലുകളുമായി കരാർ പൂർത്തീകരിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണമായി ഈ കമ്പനികൾ പറയുന്ന വാദം.   
ഇത് വളരെ അനായാസം പൂർത്തീകരിക്കാൻ കഴിയുന്ന പ്രക്രിയയാണെങ്കിലും ഇത്തരം സ്വകാര്യ എയർലൈനുകൾ എന്ത് കൊണ്ടാണ് ഇതിനു മുതിരാത്തതെന്ന് മനസ്സിലാവുന്നില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ചാർട്ട് ചെയ്ത വിമാനങ്ങൾക്ക് യാത്രക്കൂലി അവർക്ക് തോന്നിയത് പോലെ തീരുമാനിക്കാം എന്നതായിരിക്കും മറ്റു വിമാന കമ്പനികൾ സർവീസ് നടത്താൻ തയാറാവാത്തത് എന്നും ഇവർ അഭിപ്രായപ്പെടുന്നു. കേരളത്തിലെ ചില ട്രാവൽ എജൻസികളാവട്ടെ സൗദിയിലെ ചില ഹോട്ടലുകളുമായി ചേർന്ന് ക്വാറന്റൈൻ കരാറിൽ ഏർപ്പെട്ടു സ്വകാര്യമായി ബിസിനസ് പൊടിപൊടിക്കുന്നുണ്ട്. അഞ്ചു ദിവസത്തെ ക്വാറന്റൈൻ അടക്കം യാത്രക്കായി ഇക്കൂട്ടർ 60,000 മുതൽ 70,000 റിയാൽ വരെ ഈടാക്കുന്നുണ്ട്. ഫോർ സ്റ്റാർ ഹോട്ടലിൽ താമസമൊരുക്കാമെന്ന വാഗ്ദാനം പലപ്പോഴും പാലിക്കുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും ഭക്ഷണ കാര്യത്തിൽ ഏറെ പാളിച്ചകൾ സംഭവിക്കുന്നുണ്ട്. മേന്മയില്ലാത്ത ഭക്ഷണങ്ങൾ നൽകുന്നതായി ഏതാനും യാത്രക്കാർ പരാതിപ്പെട്ടിരുന്നു. 
ഇതിൽനിന്ന് വിഭിന്നമായി എയർ ഇന്ത്യ എക്‌സ്പ്രസ് ഇതിനു സമാനമായ ടിക്കറ്റ് ചാർജ് ഈടാക്കുന്നുണ്ടെങ്കിലും ക്വാറന്റൈൻ സംവിധാനത്തിന് ടിക്കറ്റ് വാങ്ങിക്കുമ്പോൾ തന്നെ ഹോട്ടലുകളുടെ വിശദമായ വിവരങ്ങൾ അടങ്ങിയ ലിങ്ക് നൽകുകയാണ് ചെയ്യുന്നത്. ഇതിൽനിന്നും യാത്രക്കാരന് ആവശ്യമായ ഹോട്ടൽ തെരഞ്ഞെടുക്കാൻ സാധിക്കുമെന്ന് ട്രാവൽസ് ഉടമകൾ പറയുന്നു. ഇവരുടെ യാത്രാക്കൂലി വർധനവിൽ പ്രതിഷേധം ഉയർന്നു വന്നതോടെ കേരളത്തിൽനിന്നും കൂടുതൽ സ്‌പെഷ്യൽ വിമാനങ്ങൾ സർവീസ് തുടങ്ങിയതായി എയർ ഇന്ത്യ എക്‌സ്‌പ്രെസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ ഈ സർവീസിൽ യാത്രക്കൂലിയിൽ അൽപം ഇളവു വരുത്തിയെങ്കിലും അതും 20,000 രൂപ മുതലാണ് തുടക്കം. ഇരുപതോളം സീറ്റ് പൂർത്തിയായാൽ പിന്നീട് നിരക്ക് ഉയർത്തികൊണ്ടേയിരിക്കും. കൊട്ടിഘോഷിക്കുന്ന ഇളവു അതിനും ലഭിക്കുന്നില്ല എന്നതാണ് പരമാർഥം.
സൗദി എയർലൈൻസ്, നാസ് എയർ തുടങ്ങിയ വിമാന കമ്പനികൾ കേരളത്തിലേക്ക് സർവീസ് തുടങ്ങിയതോടെ ഈ ചൂഷണത്തിന് ഒരു പരിഹാരമാവും എന്നാണ് കണക്കു കൂട്ടൽ. ഈ വിമാന കമ്പനികളുടെ സേവനം ജിദ്ദ, റിയാദ് സെക്ടറിൽ മാത്രമാണുള്ളത്. ഇതിനിടെ, രാജകാരുണ്യത്തിലൂടെ ഇഖാമ പുതുക്കാനായതിന്റെയും റീ എൻട്രി നീട്ടികിട്ടിയതിന്റെയും ആശ്വാസത്തിലാണ് പ്രവാസികൾ. വാക്‌സിൻ സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് ഇറങ്ങാൻ സാഹചര്യം ഒരുങ്ങിയതും അനുഗ്രഹമാണ്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് പ്രവാസികളാണ് സൗദിയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. എയർ ബബ്ൾ കരാർ പ്രകാരം കൂടുതൽ വിമാന സർവീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും വിമാന യാത്രാക്കൂലി വാനംമുട്ടെ ഉയർന്നത് കാരണം
ഇതനുസരിച്ചുള്ള ഒരു നേട്ടവും കൈവരിക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രവാസികളുടെ ആക്ഷേപം.

Tags

Latest News