Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യൂറോഫൈറ്റർ ജെറ്റ് അഴിമതി: നടപടിക്കൊരുങ്ങി കുവൈത്ത്

അവിശ്വാസ പ്രമേയത്തെ പ്രതിരോധമന്ത്രി അതിജീവിച്ചു കുവൈത്ത് സിറ്റി- യൂറോഫൈറ്റർ ടൈഫൂൺ യുദ്ധവിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ കുവൈത്ത് ഗവൺമെന്റ് തീരുമാനിച്ചു. ഒരു മേജർ ജനറലിനും കേണലിനും എതിരെയാണ് നടപടിയെന്ന് കുവൈത്ത് ആന്റി കറപ്ഷൻ അതോറിറ്റി അറിയിച്ചു.
2016 ൽ ആണ് നടപടിക്ക് ആധാരമായ സംഭവം. യൂറോപ്യൻ കമ്പനികളുടെ കൺസോർഷ്യത്തിൽനിന്ന് ഏകദേശം 8.7 ബില്യൺ ഡോളർ വിലമതിക്കുന്ന 28 യൂറോഫൈറ്റർ ടൈഫൂൺ ജെറ്റുകൾ കുവൈത്ത് ഓർഡർ ചെയ്തിരുന്നു. വിമാനങ്ങൾ വാങ്ങിയ വിലയിൽ രണ്ട് ഉദ്യോഗസ്ഥരും കൃതിമം കാണിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഓർഡറിലെ ആദ്യ രണ്ട് വിമാനങ്ങൾ മാത്രമാണ് ഇതിനകം കുവൈത്ത് വ്യോമസേനക്ക് കൈമാറിയത്. 
പ്രധാന കരാറിൽ വ്യവസ്ഥ ചെയ്ത മൊത്തം മൂല്യത്തേക്കാൾ കൂടുതലായി നിർമാണ കമ്പനിക്ക് കൃത്രിമ ബില്ലുകൾ നൽകി സൈനിക ഉദ്യോഗസ്ഥർ പൊതുഫണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അതോറിറ്റി വക്താക്കൾ സൂചിപ്പിച്ചു.
ഗവൺമെന്റ് തലത്തിലും പാർലമെന്റിലും പൊതുസമൂഹത്തിലും വലിയ കോലാഹലങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ പഴുതടച്ച അന്വേഷണമാണ് ആന്റി കറപ്ഷൻ അതോറിറ്റി നടത്തിയത്. 
അതോറിറ്റി അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ അറസ്റ്റിനെക്കുറിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് മൻസൂർ കുവൈത്ത് പാർലമെന്റിനെ അറിയിച്ചു. 
അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ഗവൺമെന്റ്, ഉദ്യോഗസ്ഥ തലങ്ങളിലെ എല്ലാവിധ അഴിമതികളെയും തുടച്ചുനീക്കാനുള്ള തീരുമാനവുമായി മുമ്പോട്ടുപോകുമെന്ന് കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി. പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്ന ആരോടും ഒരു ദാക്ഷീണ്യവും കാണിക്കരുതെന്നും പരമാവധി ശിക്ഷ ഇവർക്ക് ഉറപ്പുവരുത്തണമെന്നും മന്ത്രിസഭ നിർദേശം നൽകി.
അതേസമയം, ഇന്നലെ ചേർന്ന കുവൈത്ത് പാർലമെന്റിൽ ഈ അഴിമതി കേസിന്റെ പേരിൽ വിശ്വാസവോട്ട് നേരിട്ടുവെങ്കിലും 18 നെതിരെ 23 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തെ കുവൈത്ത് പ്രതിരോധമന്ത്രി ഹമദ് ജാബിർ അൽസബാഹ് അതിജീവിച്ചു. സൈനികമേഖലയിൽ സ്ത്രീകളെ വിന്യസിക്കാനുള്ള പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയും അവിശ്വാസപ്രമേയത്തിൽ പരാമർശമുണ്ടായി. രാജ്യത്ത് നടന്നത് വൻ അഴിമതിയാണെന്ന് പ്രമേയം അവതരിപ്പിച്ച ശുഐബ് അൽ മുവാസിരിയും ഹംദാൻ അൽ അസ്മിയും ആരോപിച്ചു. എന്നാൽ അവിശ്വാസ പ്രമേയത്തിലെ പരാമർശങ്ങൾക്കെതിരെ പാർലമെന്റിൽ പ്രസംഗിച്ച ഡോ. അബ്ദുല്ല അൽതാരിജിയും ഡോ. ഖാലിദ് അൽഅനസിയും മന്ത്രിക്ക് അനുകൂലമായി രംഗത്തുവന്നു. സ്ത്രീകളുടെ സൈനികപ്രവേശനം ചരിത്രവിജയമാണെന്നും യൂറോഫൈറ്റർ അഴിമതിയിൽ മന്ത്രിക്ക് പങ്കില്ലെന്നും അവർ സമർത്ഥിച്ചു.

Tags

Latest News