റിയാദ്-ഇടിയും മിന്നലിന്റെയും അകമ്പടിയോടെ ആറ് പ്രവിശ്യകളിൽ ശക്തമായ മഴ പെയ്യാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽബാഹ, അസീർ, ജിസാൻ നജ്‌റാൻ എന്നീ പ്രവിശ്യകളിലും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മിക്കയിടത്തും മഴ ശക്തമായി അനുഭവപ്പെടും. ഈ പ്രദേശങ്ങളിൽ ദൃശ്യക്ഷമത നന്നേ കുറയുന്നതിനാൽ പ്രദേശവാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി മുതൽ രാവിലെ മധ്യ, കിഴക്കൻ പ്രവിശ്യകളിൽ മഴമേഖങ്ങളുടെ സാനിധ്യം ഉണ്ടാകും. ചെങ്കടലിൽ വടക്കൻ കിഴക്കൻ ഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് മണിക്കൂറിൽ 16 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിച്ചു വീശുമെന്നും പ്രവചനത്തിൽ വ്യക്തമാക്കി. ഇതേ തുടർന്ന് രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാല ആഞ്ഞടിക്കും. അറേബ്യൻ ഉൾക്കടലിലും മണിക്കൂറിൽ 12 മുതൽ 34 കിലോമീറ്റർ വേഗത്തിൽ വടക്ക് കിഴക്കൻ ഭാഗത്ത് നിന്ന് വടക്കൻ ഭാഗത്തേക്ക് വായു പ്രവാഹം അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.