റിയാദ് - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തായ്‌ലന്റ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയൂത് ചാന്‍-ഒ-ചയും ചര്‍ച്ച നടത്തി. റിയാദ് അല്‍യെമാമ കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ കൈവരിക്കുന്ന നിലക്ക് നിരവധി പ്രശ്‌നങ്ങളില്‍ കൂടിയാലോചനകളും ഏകോപനവും നടത്തുന്നതിനെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു.
സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി എന്നിവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു. കിരീടാവകാശിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പ്രയൂത് ചാന്‍-ഒ-ച സൗദി സന്ദര്‍ശനം നടത്തുന്നത്. തായ്‌ലന്റ് പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും ഏതാനും കരാറുകള്‍ ഒപ്പുവെക്കും.