22 വര്‍ഷമായി നാട്ടില്‍പോകാന്‍ കഴിയാതിരുന്ന പ്രസാദ് നാളെ നാട്ടിലേക്ക്

പ്രസാദിനുള്ള കള്‍ചറല്‍ ഫോറം ഉപഹാരം വെസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തായിലക്കണ്ടി സമ്മാനിക്കുന്നു. ജനറല്‍ സെക്രട്ടറി തസീം അമീന്‍, ദിനേശ് എന്നിവര്‍ സമീപം

ദോഹ- കഴിഞ്ഞ 22 വര്‍ഷത്തോളമായി നാട്ടില്‍ പോകാന്‍ കഴിയാതെ ഖത്തറില്‍ കുടുങ്ങിയ തൃശൂര്‍ തളിക്കുളം സ്വദേശി പ്രസാദ് നാളെ നാട്ടിലേക്ക്. കള്‍ചറല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ ഖത്തര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയാണ് പ്രസാദ് നാട്ടിലേക്ക് തിരിക്കുന്നത്.

നാട്ടിക എസ്. എന്‍. കോളേജില്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനായി വിസ തരപ്പെടുത്തി ഗള്‍ഫിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ ഏറെ പ്രതീക്ഷകളോടെ ഖത്തറിലേക്ക് ഫ്രീ വിസയില്‍ വിമാനം കയറിയ പ്രസാദിന്റെ ജീവിതം ദുരന്തങ്ങളുടെ തുടര്‍കഥയായിരുന്നു.

സ്‌പോണ്‍സര്‍ സൗദി സ്വദേശിയായിരുന്നു. പത്ത് വര്‍ഷം മുമ്പ് അദ്ദേഹം സൗദിയിലേക്ക് പോയി പിന്നീട് തിരിച്ചു വന്നില്ല. പാസ്‌പോര്‍ട്ടും മറ്റും രേഖകളുമൊക്കെ അദ്ദേഹം വശമായിരുന്നു. പിന്നീടങ്ങോട് പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ ഒരു തരം ഒളിവ് ജീവിതമായിരുന്നു. പല താമസ കേന്ദ്രങ്ങളിലും മെസ്സിലും മറ്റുമൊക്കെയായി തട്ടി മുട്ടി ജീവിച്ചു. 2016 ലെ പൊതുമാപ്പ് സമയത്ത് നാട്ടിലേക്ക്് പോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനിടെ അമ്മ മരിച്ചു. അതോടെ നാട്ടിലേക്ക് പോകണമെന്ന ആഗ്രഹം തന്നെ ഇല്ലാതെയായി.

2021 ലെ പൊതുമാപ്പ് പ്രഖ്യാപനമറിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും നാടണയണമെന്ന് തോന്നി. മലപ്പുറം ജില്ലയിലെ പട്ടിക്കാട് സ്വദേശിയായ സുഹൃത്ത് ദിനേശാണ് കള്‍ചല്‍ ഫോറവുമായി ബന്ധപ്പെടുത്തിയത്.

കള്‍ചറല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിയില്‍ നിന്നും എമര്‍ജന്‍സി പാസ്‌പോര്‍ട്ട് സ്വന്തമാക്കി നാട്ടിലേക്ക് പോകുന്നതിനുളള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. ഇന്നലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും കഴിഞ്ഞു. നാളെ ജീവിതത്തിലെ പച്ചയായ ഓര്‍മകളുടെ തറവാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് പ്രസാദ്.

പ്രസാദിന്റെ അനുഭവം നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് വലിയ സന്ദേശമാണെന്ന് കള്‍ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തായിലക്കണ്ടി പറഞ്ഞു. മാര്‍ച്ച് 31 വരെ ഖത്തര്‍ ദീര്‍ഘിപ്പിച്ച പൊതുമാപ്പില്‍ യാതൊരു നിയമ നടപടികളോ പിഴയോ കൂടാതെ നാട്ടിലേക്ക് പോകാം. വിസ ചടങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags

Latest News