Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപത്തിൽ നാലിരട്ടിയിലേറെ വളർച്ച

റിയാദ്- കഴിഞ്ഞ വർഷം സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിൽ നാലിരട്ടിയിലേറെ വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സൗദിയിൽ 8,625 കോടി റിയാലിന്റെ (2,300 ഡോളർ) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. 2020 ൽ ഇത് 2,025 കോടി റിയാൽ (540 കോടി റിയാൽ മാത്രമായിരുന്നു. തൊട്ടു മുമ്പുള്ള മൂന്നു വർഷങ്ങളിൽ രാജ്യത്തെത്തിയതിനെക്കാൾ കൂടുതൽ വിദേശ നിക്ഷേപങ്ങൾ കഴിഞ്ഞ വർഷം എത്തി. തൊട്ടു മുമ്പുള്ള മൂന്നു വർഷങ്ങളിൽ സൗദിയിൽ ആകെ 1,420 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. 
കഴിഞ്ഞ കൊല്ലം രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ സർവകാല റെക്കോർഡ് ആണ്. തുടർച്ചയായി നാലാം വർഷമാണ് സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ വർധിക്കുന്നത്. 2018 ൽ 1,590 കോടി റിയാലും (420 കോടി ഡോളർ) 2019 ൽ 1,710 കോടി റിയാലും (460 കോടി ഡോളർ) 2020 ൽ 2,025 കോടി റിയാലും (540 കോടി ഡോളർ) 2021 ൽ 8,624 കോടി റിയാലും (2,300 കോടി ഡോളർ) ആണ് രാജ്യത്തെത്തിയത്. 
കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 6,520 കോടി റിയാലിന്റെ (1,740 കോടി ഡോളർ) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ രാജ്യത്തെത്തി. 2020 ആദ്യത്തെ ഒമ്പതു മാസക്കാലത്ത് എത്തിയ വിദേശ നിക്ഷേപങ്ങളെക്കാൾ 393 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ സൗദിയിൽ 5,190 കോടി റിയാലിന്റെ (1,380 കോടി ഡോളർ) വിദേശ നിക്ഷേപങ്ങളെത്തിയിരുന്നു. ഒരു പാദവർഷ കാലത്ത് രാജ്യത്തെത്തുന്ന ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാണിത്. ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊക്കു കീഴിലെ കമ്പനിയുടെ ഓഹരികൾ വിൽപന നടത്താൻ അന്താരാഷ്ട്ര കൺസോർഷ്യവുമായി ഇടപാട് പൂർത്തിയാക്കിയതാണ് രണ്ടാം പാദത്തിൽ വിദേശ നിക്ഷേപത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയത്. 
പത്തു വർഷത്തിനുള്ളിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 1,816 ശതമാനം തോതിൽ ഉയർത്താൻ സൗദി അറേബ്യ ലക്ഷ്യമിടുന്നു. 2030 ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 38,800 കോടി റിയാൽ (10,350 കോടി ഡോളർ) ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2020 ൽ ഇത് 2,025 കോടി റിയാൽ മാത്രമായിരുന്നു. 
കഴിഞ്ഞ വർഷം വിദേശ നിക്ഷേപകർക്ക് 4,439 ലൈസൻസുകൾ അനുവദിച്ചു. 2020 ൽ  ഇത് 1,266 മാത്രമായിരുന്നു. കഴിഞ്ഞ വർഷം അനുവദിച്ച വിദേശ നിക്ഷേപ ലൈസൻസുകൾ 250 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം അനുവദിച്ച വിദേശ നിക്ഷേപ ലൈസൻസുകളിൽ 44 ശതമാനവും ചില്ലറ, മൊത്ത വ്യാപാര മേഖലയിലും 16 ശതമാനം വ്യവസായ മേഖലയിലുമാണ്. 
 

Tags

Latest News