കൊച്ചി- തനിക്കെതിരെ മൊഴി നല്‍കിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങിയതായും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ സിനിമ നിരസിച്ചത് ശത്രുതക്കു കാരണമായെന്നും കേസില്‍ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ നടന്‍ അറിയിച്ചു.
വധഭീഷണിക്കേസിലെ മുന്‍കൂര്‍ ജാമ്യ ഹരജികളില്‍ ഹൈക്കോടതി മുന്‍പാകെ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഗുരുതരമായ ആരോപണം.
ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുവിച്ചു എന്ന അവകാശവാദമുന്നയിച്ചായിരുന്നു പണംതട്ടല്‍. പിന്നീട് ഇയാളുടെ സിനിമ നിരസിച്ചതും ശത്രുതക്ക് കാരണമായി. തുടര്‍ന്ന് ജാമ്യം റദ്ദാക്കുമെന്ന് ബാലചന്ദ്രകുമാര്‍ ഭീഷണി മുഴക്കിയിരുന്നുവെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.
പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ വാങ്ങിയിട്ടുണ്ട്. ഭീഷണി തുടര്‍ന്നതോടെ ഇയാളെ താന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തുവെന്നും ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഡി.ജി.പി ബി. സന്ധ്യയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നു.