Sorry, you need to enable JavaScript to visit this website.

 'വരാല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി,   അമ്പതോളം താരങ്ങള്‍ 


കൊച്ചി- അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ആണ് 'വരാല്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 2020 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തില്‍ അന്‍പതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും 'വരാല്‍'. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ വരാല്‍ എന്ന ചിത്രം രാഷ്രീയ നിഗൂഢതകളായിരിക്കും കൈകാര്യം ചെയ്യുന്നത് അനുമാനിക്കാം.
ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഈ ചിത്രത്തില്‍ സായ്കുമാര്‍, മേഘനാഥന്‍, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മന്‍രാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ കെ.ലാല്‍ജി, ജയകൃഷ്ണന്‍, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാര്‍വ്വതി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വളരെ വേഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണ് വരാല്‍.

Latest News