Sorry, you need to enable JavaScript to visit this website.

നിയമസഭയിലെ അരുതായ്മകൾ

നിയമസഭയിൽ 2015 ൽ നടന്ന  കൈയാങ്കളി കേസ് അവസാനിപ്പിക്കാനുള്ള മുൻ നിലപാടിൽ നിന്ന്  കേരള സർക്കാർ പിൻമാറിയിരിക്കുന്നു. നല്ല കാര്യം,  എന്നല്ലാതെ ഇതേക്കുറിച്ച് ആർക്കും ഒന്നും പറയാനുണ്ടാകില്ല. കാരണം ആ കേസ് തുടരേണ്ടതും ബന്ധപ്പെട്ടവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതും  ജനാധിപത്യ കേരളത്തിന്റെ അന്തസ്സുള്ള നിലനിൽപിനാവശ്യമാണെന്ന് ആ കേസിൽ പെട്ടവർ പോലും മനസ്സിൽ പറയുന്നുണ്ടാകും.   കേസ് പിൻവലിച്ചിട്ടില്ലെന്നാണ് ഇന്നലെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സർക്കാർ പുതിയ നിലപാട് അറിയച്ചത്. കേസിലെ മുഴുവൻ പ്രതികളും ഏപ്രിൽ 21 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു കഴിഞ്ഞു.  
ഇ.പി ജയരാജൻ, വി.ശിവൻ കുട്ടി, കെ.ടി ജലീൽ, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ സദാശിവൻ എന്നീ ആറ് ഇടത് എംഎൽഎമാർക്ക് എതിരെയായിരുന്നു പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് അന്ന് കേസെടുത്തത്.
2015 മാർച്ച് 13 ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്ന വേളയിലായിരുന്നു കേരള സമൂഹത്തെയാകെ  നാണം കെടുത്തിയ  അക്രമം സഭയിൽ  നടന്നത്.  ലോകം അന്ന് കേരള നിയമസഭ കണ്ട് തലകുനിച്ചു. 
 കെ.എം മാണിയുമായി ബന്ധപ്പെട്ട പുതിയ രാഷ്ട്രീയത്തിന്റെയൊക്കെ സാഹചര്യത്തിലാകാം കേസ് പിൻവലിക്കാൻ  ബന്ധപ്പെട്ടവർ നീക്കം നടത്തി നോക്കിയത്.    ഇവിടെ  ജന വികാരം മനസ്സിലാക്കാൻ ഭരണകൂടം കാണിച്ച ജാഗ്രത എടുത്തു പറയേണ്ടതു തന്നെ.
വലിയ പാരമ്പര്യമുള്ള നിയമസഭയാണ് കേരളത്തിലേതെന്നത് ചരിത്രത്തിൽ രേഖപ്പെട്ട കാര്യമാണ്.  സ്വാതന്ത്ര്യത്തിന് മുമ്പ്  നിയമസഭ നിലവിൽ വന്ന നാടാണ് കേരളം. അന്ന് ലോകം  ഇത്തരം സംവിധാനത്തെക്കുറിച്ച് വ്യാപകമായി  ആലോചിച്ചിരിക്കാൻ മാത്രം വളർന്നിട്ടുണ്ടായിരുന്നില്ല.  രാജ്യഭരണത്തിൽ പ്രാതിനിധ്യവും പങ്കാളിത്തവും ആവശ്യപ്പെട്ടുകൊണ്ട് ഉയർന്നു വന്ന ജനകീയ പ്രക്ഷോഭങ്ങളെ തുടർന്നായിരുന്നു 1888 മാർച്ച് 30 ന് തിരുവിതാംകൂറിൽ നിയമ നിർമ്മാണ കൗൺസിൽ രൂപം കൊണ്ടത്. 'ന്യായ നിബന്ധനകളേയും  റഗുലേഷനുകളെയും ഉണ്ടാക്കുന്ന വകക്ക് ഒരു ആലോചനാ സഭ' എന്ന പേരിൽ രാജ ഭരണ കാലത്ത് തുടങ്ങിയ  ജനാധിപത്യ പ്രക്രിയ വർഷങ്ങളിൽ വളർന്ന് ഇന്നത്തെ അവസ്ഥയിലെത്തുകയായിരുന്നു.  
നവ ഭാരത നിർമ്മിതിക്ക് വഴികാട്ടിയാകുന്ന എത്രയെത്രയോ നിയമങ്ങൾ കേരളത്തിന്റെ നിയമസഭയിൽ പിറന്നു. പ്രഗത്ഭരായ പല പാർലമെന്റേറിയന്മാരും ഇവിടെ നിന്നുദയം ചെയ്തു. ഓരോ തെരഞ്ഞെടുപ്പും  പുതിയ പുതിയ പ്രതിഭകളെയാണ്  സഭയിലെത്തിച്ചു കൊണ്ടിരുന്നത്.  പ്രൗഢ ഗംഭീരങ്ങളായ ചർച്ചകളായിരുന്നു   സഭയിൽ നടന്നത്.  അത്തരം ചർച്ചകൾക്കൊപ്പം കേരളം വളർന്നു വലുതായി.  സഭയിൽ അംഗങ്ങൾ നടത്തുന്ന പ്രസംഗങ്ങളൊക്കെ അതേ മട്ടിൽ എഴുതിയെടുത്ത് പത്രത്തിൽ കൊടുത്താൽ ഒന്നാന്തരം ഗവേഷണ ലേഖനങ്ങളാണെന്നേ തോന്നുമായിരുന്നുള്ളൂ. രാഷ്ട്രീയ വാഗ്വാദങ്ങൾ നടന്നാൽ പ്രതിഭകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ രാഷ്ട്രീയ എതിരാളികൾ ചിറകറ്റ് വീണു. അത്രക്ക് മൂർച്ചയുണ്ടാകുമായിരുന്നു അവരുടെ വാക്ശരങ്ങൾക്ക്. തമാശക്ക് തമാശ, കാര്യത്തിന് കാര്യം. 
തിരുവനന്തപുരത്ത് നിന്നിറങ്ങുന്ന കേരള കൗമുദി  അക്കാലത്ത് എം.എൽ.എമാരുടെ പ്രസംഗം ഫോട്ടോ വെച്ച് പ്രസിദ്ധീകരിക്കുമായിരുന്നു. കോട്ടയത്ത് നിന്നിറങ്ങുന്ന മലയാള മനോരമ ഈ ക്ഷീണം തീർക്കാൻ തുടങ്ങിയതാണ് കെ.ആർ. ചുമ്മാറിന്റെ  നിയമസഭാ അവലോകനമെന്ന് ആ പത്രത്തിന്റെ എഡിറ്റോറിയൽ ഡയരക്ടറായിരുന്ന തോമസ് ജേക്കബ് പിന്നീട് എഴുതിയതോർക്കുന്നു.  വളരെ ശ്രദ്ധേയമായ കോളങ്ങളായി അന്നത്തെ നിയമസഭാ അവലോകനങ്ങൾ മാറിയതിന് കാരണം നിയമസഭയുടെ ഉയർന്ന നിലവാരവുമായിരുന്നു. നിർഭാഗ്യവശാൽ കാര്യങ്ങൾ മെല്ലെ മെല്ലെ പിറകോട്ട് പോവുകയായിരുന്നു. നിയമസഭയിലേക്ക് കഴിവുള്ളവർ തെരഞ്ഞെടുക്കപ്പെടുന്നത് കുറഞ്ഞു കുറഞ്ഞു വന്നു. എഴുപതുകളുടെ അവസാനത്തോടെ  തന്നെ ഈ പിന്നോക്കാവസ്ഥ ആരംഭിച്ചിരുന്നു. കണ്ടു നിൽക്കേ അത് കൂടുതൽ, കൂടുതൽ വഷളായി വന്നു. 
മാധ്യമങ്ങളിൽ വല്ലതും വരണമെങ്കിൽ സഭാ സ്തംഭനം മാത്രം മതിയാകില്ല എന്നതാണ് ഇക്കാലത്തെ സ്ഥിതി. കൈയേറ്റം, കൈയാങ്കളി ഇവയൊക്കെയുണ്ടായാൽ മാത്രം മാധ്യമങ്ങൾ    ശ്രദ്ധിക്കുന്ന അവസ്ഥ. അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ എന്ന് എല്ലാവരുമങ്ങ്  തീരുമാനിക്കുകയായിരുന്നു. കല്ലെറിയാനിവിടെ പാപം ചെയ്യാത്തവരായി ആരുമുണ്ടാവില്ല. 
നിയമസഭയിൽ കൈയാങ്കളിയുടെ ഉദ്ഘാടനം നടന്നത്   അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തായിരുന്നു.  അന്ന് കുട്ടനാട് കുപ്പപ്പുറം വെടിവെപ്പുമായി ബന്ധപ്പെട്ട് വി.എസ്.അച്യുതാനന്ദനും മറ്റ് പതിനേഴ് അംഗങ്ങളും ചേർന്ന് നോട്ടീസ് നൽകിയ  അടിയന്തര പ്രമേയത്തിന് അന്നത്തെ ആഭ്യന്തര മന്ത്രിയായ കെ. കരുണാകരൻ നൽകിയ മറുപടി സി.പി.എമ്മിന് സ്വീകാര്യമായില്ല. അതേത്തുടർന്നുള്ള ദിവസങ്ങളിൽ സഭ  പ്രക്ഷുബ്ധമായി. അന്നത്തെ ബഹളങ്ങൾക്കിടയിൽ ഇ.കെ ഇമ്പിച്ചിബാവ, സി.ബി.സി വാര്യർ, ഇ.എം.ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ മുദ്രാവാക്യം മുഴക്കി സ്പീക്കറുടെ ഡയസ്സിനടുത്തേക്ക് നീങ്ങിയതാകാം ഇത്തരത്തിലുള്ള ആദ്യ നടപടി. നിയമസഭാ വാച്ച് ആന്റ് വാർഡ് അന്ന് സ്പീക്കർക്ക് മനുഷ്യമതിൽ കൊണ്ട് സംരക്ഷണം തീർത്തു.  പക്ഷേ ആ മതിലുകൾ ചാടിക്കടന്നെത്തിയ സി.പി.എം അംഗം ടി.എം. മീതിയൻ സ്പീക്കറുടെ മൈക്ക് കൈക്കലാക്കി മുദ്രാവാക്യം വിളിച്ചു.  നിമിഷങ്ങൾക്കകം സ്പീക്കറുടെ മുന്നിലിരുന്ന കടലാസുകൾ വായുവിൽ പറന്നു. സ്പീക്കർ ദാമോദരൻ പോറ്റി ആക്രമിക്കപ്പടുമെന്ന അവസ്ഥയായപ്പോൾ  അദ്ദേഹത്തെ ഒരു വിധം രക്ഷിച്ച് ചേംബറിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് ചരിത്രം.  
സംഭവത്തിന്റെ പേരിൽ സി.ബി.സി വാര്യർ, എ.വി.ആര്യൻ, ഇ.എം.ജോർജ്,  ടി.എം.മീതിയൻ എന്നിവർ അന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. ഇതായിരുന്നു കേരള നിയമസഭയിലെ  ഇത്തരം അരുതായ്മകളുടെ തുടക്കമെന്നാണോർമ്മ. പിന്നീട് എത്രയോ സംഭവങ്ങൾ.  ശാരീരിക ആക്രമണങ്ങൾ പോലും നിരവധിയുണ്ടായി. പല ഘട്ടങ്ങളിലും നിയമസഭയുടെ സംരക്ഷണ വലയത്തിൽ  പൊരിഞ്ഞ തല്ല് തന്നെ നടന്നിരുന്നു. കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും മാന്യനായ ടി.കെ. രാമകൃഷ്ണനെ, അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് പുറത്ത് പോയ  ഒരു പ്രമുഖൻ കഴുത്തിന് പിടിക്കുന്ന രംഗം ഞെട്ടലോടെ കണ്ടു നിന്നിട്ടുണ്ട്. 
ഇത്തരം സംഭവ പരമ്പരകളിലെ ഏറ്റവും മോശമായ അവസ്ഥയാണ് ഇപ്പോൾ കേസായി വളർന്ന കൈയാങ്കളി. ഇത് ശരിക്കുമൊരു പ്രധാന ഘട്ടമാണ്. പണ്ട് സംഭവങ്ങളൊക്കെ നടക്കുമ്പോൾ ക്യാമറകളിൽ അത് തത്സമയം കാണാനുള്ള അവസരമുണ്ടായിരുന്നില്ല. ഒരു പക്ഷേ അന്നേ ഇതുപോലുള്ള സംവിധാനമുണ്ടായിരുന്നുവെങ്കിൽ പിന്നീടുണ്ടായ അരുതായ്മകൾക്ക് നിയന്ത്രണമുണ്ടാകുമായിരുന്നു. ഇത്തരം കേസുകളിൽ ശിക്ഷയും നടപടിയുമുണ്ടായാൽ പിന്നാലെ വരുന്നവർ അൽപം പേടിക്കും. 
ചൊവ്വാഴ്ച നടന്ന സംഭവം ഉദാഹരണമായടുക്കാം.  സ്പീക്കർ ശ്രീരാമകൃഷ്ണനുമായുള്ള തർക്കത്തിനിടയിൽ കോൺഗ്രസിലെ വി.പി സജീന്ദ്രൻ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം നടത്തിയിരുന്നു. അത് ഫലപ്രദമായി തടയാൻ  പ്രതിപക്ഷത്തു തന്നെയുള്ള അംഗങ്ങൾക്ക് സാധിച്ചു. രാഷ്ട്രീയ ആവേശത്തിൽ എപ്പോഴും തിളച്ചു മറിയുന്ന സജീന്ദ്രൻ ഡയസിലേക്ക് കയറിയിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന അനിഷ്ട സംഭവങ്ങളാണ് ഒഴിവാക്കപ്പെട്ടത്. കൈയാങ്കളി കേസ് പിൻവലിക്കുന്ന അവസ്ഥ വന്നാൽ നിയമസഭയിൽ അരുതായ്മകൾ കാണിക്കാൻ ശ്രമിക്കുന്ന അംഗങ്ങൾക്ക് അതൊരു വളമാകും. ശിക്ഷിക്കപ്പെടുമെന്ന് കണ്ടാൽ അരുതായ്മകൾക്ക് ചാടിപ്പുറപ്പെടുമ്പോൾ എല്ലാവരുമൊന്ന് ഭയക്കും. കുറ്റം ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യത നാടിനില്ല.

Latest News