ഇന്ന് ബ്രസീലിന്റെ ഏറ്റവും വലിയ കയറ്റുമതികളിലൊന്ന് അവരുടെ ഫുട്ബോൾ കളിക്കാരാണ്. ബ്രസീൽ കളിക്കാരില്ലാത്ത ലീഗുകൾ ലോകത്ത് വിരളമാണ്. ബ്രസീലിൽ ജനിക്കുകയും ഇപ്പോൾ മറ്റു ടീമുകളിൽ കളിക്കുകയും ചെയ്യുന്നവർ മാത്രം ഒട്ടനവധിയുണ്ട്. തിയാഗൊ മോട്ട, തിയാഗൊ അൽകന്ററ, പെപ്പെ, ഡിയേഗൊ കോസ്റ്റ, ജോർജിഞ്ഞൊ, എമേഴ്സൻ, മാരിയൊ ഫെർണാണ്ടസ് എന്നിവർ ഉദാഹരണം. പെലെ മുതൽ നെയ്മാർ വരെ നീളുന്ന സൂപ്പർ താരനിരയുണ്ട് ബ്രസീലിന്.
എന്നാൽ ബ്രസീൽ എന്ന രാജ്യത്തിന്റെ ഫുട്ബോൾ മഹിമ ലോകത്തിന് ആദ്യം പരിചയപ്പെടുത്തിയ കളിക്കാരൻ ലിയനിഡാസ് ഡാസിൽവയാണ്. 1934 ലെ ലോകകപ്പിൽ ബ്രസീൽ ടീമിൽ ലിയനിഡാസ് ഉണ്ടായിരുന്നു. പിന്നീട് നാലു വർഷം ഒരിക്കൽ പോലും ബ്രസീലിന് കളിച്ചില്ല. 1938 ലെ ലോകകപ്പിലൂടെയാണ് ലിയനിഡാസ് കാൽപന്ത് പ്രേമികളുടെ മനസ്സിൽ സ്ഥാനം പിടിച്ചത്.
കറുത്ത രത്നമെന്നാണ് ലിയനിഡാസനെ ലോകം വിളിച്ചത്. 1938 ലോകകപ്പിലെ ടോപ് സ്കോറർ പക്ഷേ ബ്രസീലുകാർക്ക് റബർ മനുഷ്യനാണ്. റബർ പോലെ ഇലാസ്തികമായ ശരീരമുള്ള ലിയനിഡാസാണ് ബൈസിക്കകിൾ കിക്കിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എങ്കിലും അതിനു മുമ്പെ ബൈസിക്കിൾ കിക്കുകളുണ്ടായിരുന്നു. അതിനെ ജനപ്രിയമാക്കിയത് ലിയനിഡാസാണ്. പെലെയോളം മികച്ച കളിക്കാരനായാണ് പല ബ്രസീലുകാരും ലിയനിഡാസിനെ കാണുന്നത്. ഉന്നതന്മാർ മാത്രം കളിച്ചിരുന്ന ഫഌമംഗൊ ക്ലബിലെ ആദ്യത്തെ കറുത്ത കളിക്കാരനായിരുന്നു ലിയനിഡാസ്. പതിനെട്ടാം വയസ്സിൽ ഇരട്ട ഗോളോടെ ഉറുഗ്വായ്ക്കെതിരെ അരങ്ങേറിയ ലിയനിഡാസ് 1934 ലെ ലോകകപ്പിലും കളിച്ചിരുന്നുവെങ്കിലും 1938 ലാണ് ലോകം ഈ ഇലാസ്റ്റിക് മനുഷ്യനെ ശ്രദ്ധിച്ചത്.
പോളണ്ടിനെതിരെ ചുരുങ്ങിയത് മൂന്നു ഗോളെങ്കിലുമടിച്ചായിരുന്നു 1938 ലെ ലോകകപ്പ് ലിയനിഡാസ് തുടങ്ങിയത്. നാലു ഗോളെന്ന പഴയ റെക്കോർഡ് ഈയിടെയാണ് ഫിഫ തിരുത്തിയത്. ക്വാർട്ടർ ഫൈനലിൽ ചെക്കൊസ്ലൊവാക്യക്കെതിരെ രണ്ടു ഗോളടിച്ചെന്നായിരുന്നു ഇതുവരെ രേഖ. അതും ഒരു ഗോളായി ഈയിടെ ഫിഫ കുറച്ചു. എന്നിട്ടും ലിയനിഡാസ് ആ ലോകകപ്പിലെ ടോപ്സ്കോററായി.
കോച്ച് അഡമർ പിമെന്റയുടെ പിഴവാണ് 1938 ലെ ലോകകപ്പ് ബ്രസീലിന് നഷ്ടപ്പെടുത്തിയത്. ഇറ്റലിക്കെതിരായ സെമിയിൽ ലിയനിഡാസിന് വിശ്രമം നൽകാൻ അദ്ദേഹം തീരുമാനിച്ചു. ബ്രസീൽ 1-2 ന് തോൽക്കുകയും ചെയ്തു. 19 രാജ്യാന്തര മത്സരങ്ങളിൽ 21 ഗോളടിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കമന്റേറ്ററും കോച്ചും ഫർണിച്ചർ കടയുടമയുമൊക്കെയായി. 1974 ൽ അൾഷൈമേഴ്സ് രോഗം ബാധിച്ച ലിയനിഡാസ് 2004 ലാണ് മരിച്ചത്.