ഡച്ച് ഈസ്റ്റിൻഡീസ് എന്നൊരു രാജ്യം ഇന്നില്ല. ഏതാണ്ട് ഇന്തോനേഷ്യ എന്ന് അതിനെ വിശേഷിപ്പിക്കാം. ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനൽ റൗണ്ടിൽ ഏഷ്യയെ പ്രതിനിധീകരിക്കാൻ ആദ്യ ഭാഗ്യം ലഭിച്ചത് ഡച്ച്ഈസ്റ്റിൻഡീസിനാണ്.
ഡച്ച് സാമ്രാജ്യത്വത്തിനു കീഴിലായിരുന്നു അന്ന് ഈ പ്രദേശം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജപ്പാനുമായാണ് ഡച്ച് ഈസ്റ്റിൻഡീസ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ചൈനയുമായി യുദ്ധത്തിലായിരുന്ന ജപ്പാന് ലോകകപ്പ് യോഗ്യതാ റൗണ്ടിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരുന്നില്ല അത്. അങ്ങനെ യോഗ്യതാ റൗണ്ട് കളിക്കാതെ ഡച്ച് ഈസ്റ്റിൻഡീസ് ലോകകപ്പിന് യോഗ്യത നേടി.
അന്ന് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ മേൽനോട്ടത്തിലുള്ള ഒരു ഫുട്‌ബോൾ അസോസിയേഷനും പ്രാദേശിക ഇന്തോനേഷ്യക്കാരുടെ ഒരു അസോസിയേഷനും നിലവിലുണ്ടായിരുന്നു. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി തെരഞ്ഞെടുത്ത ലോകകപ്പ് ടീമിൽ നിരവധി ഡച്ചുകാരുമുണ്ടായിരുന്നു. ആരും അതിനു മുമ്പ് ഇന്റർനാഷനൽ ടൂർണമെന്റ് കളിച്ചിട്ടില്ല, ആരും ലോകകപ്പിനു ശേഷവും ഇന്റർനാഷനൽ മത്സരങ്ങളിൽ പങ്കെടുത്തില്ല.
ആഴ്ചകൾ യാത്ര ചെയ്താണ് ടീം ഫ്രാൻസിലെത്തിയത്. ലോകകപ്പ് നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു. ഡച്ച്ഈസ്റ്റിൻഡീസിന് ആദ്യം നേരിടേണ്ടി വന്നത് കരുത്തരായ ഹംഗറിയെ. മറുപടിയില്ലാത്ത ആറു ഗോളിന് ഹംഗറി ജയിച്ചു. ഡച്ച്ഈസ്റ്റിൻഡീസ് വന്ന വഴി മടങ്ങി. പിന്നീടൊരിക്കലും ഇന്തോനേഷ്യ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. ഒളിംപിക്‌സ് ഫുട്‌ബോളിൽ പോലും ഒരിക്കലേ ഇന്തോനേഷ്യ മുഖം കാണിച്ചിട്ടുള്ളൂ, 1956 ൽ. ഏറ്റവും കുറവ് ലോകകപ്പ് മത്സരം കളിച്ച ടീമെന്ന റെക്കോർഡ് ഇപ്പോഴും അവരുടെ പേരിലാണ്.