Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പന്തിനെയും പെണ്ണിനെയും പ്രണയിച്ച്

1958 ലെ ലോകകപ്പിൽ ബ്രസീലും സ്വീഡനും തമ്മിലുള്ള ഫൈനൽ പുരോഗമിക്കവേ യുവ താരം പെലെയുടെ അതുല്യ പ്രതിഭയിൽ മനംമയങ്ങിയ ഒരു കമന്റേറ്റർ വിധിയെഴുതി, ഇതുപോലൊരു കളിക്കാരനെ ലോകം ഇതുവരെ കണ്ടിട്ടില്ലെന്ന്. ഇറ്റാലിയൻ സംവിധായകനായ ഫ്രാങ്കൊ റോസി അതു കേട്ട് അലറി, ഗ്വിസപ് മിയാസയാണ് മെച്ചപ്പെട്ട കളിക്കാരനെന്ന്. എന്തായാലും പെലെക്ക് മുമ്പ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരനായിരുന്നു മിയാസ. ലോകത്തിലെ ഏറ്റവും പഴക്കമേറിയ സ്‌പോർട്‌സ് മാഗസിനായ ഇറ്റലിയിലെ ഗുവേറിൻ സ്‌പോർടിവൊ ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരെ തെരഞ്ഞെടുത്തതിൽ അഞ്ചാം സ്ഥാനമായിരുന്നു മിയാസക്ക്.  മുന്നിൽ പെലെയും ഡിയേഗൊ മറഡോണയും ആൽഫ്രഡൊ ഡി സ്റ്റെഫാനോയും യോഹാൻ ക്രയ്ഫും മാത്രം. 
1934 ലെയും 1938 ലെയും ലോകകപ്പുകളിൽ ഇറ്റാലിയൻ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു മിയാസ. രണ്ടു തവണയും ഇറ്റലി ലോക ചാമ്പ്യന്മാരായി. 1938 ൽ മിയാസയുടെ നേതൃത്വത്തിൽ വിദേശ മണ്ണിൽ ആദ്യമായി ലോകകപ്പുയർത്തുന്ന ടീമായി ഇറ്റലി. 
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇറ്റാലിയൻ കളിക്കാരിൽ രണ്ടാമനായി ഫിഫയും ഫുട്‌ബോളിന്റെ ചരിത്രവും സ്ഥിതിവിവരക്കണക്കും തയാറാക്കുന്ന സംഘടന ഐ.എഫ്.എഫ്.എച്ച്.എസും മിയാസയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഫിഫയുടെ മികച്ച 25 കളിക്കാരിലൊരാളായിരുന്നു ഈ കുറിയ സ്‌ട്രൈക്കർ. മിയാസയേക്കാൾ ഇറ്റലിക്ക് ഗോൾ സമ്മാനിച്ച ഒരു കളിക്കാരനേയുള്ളൂ, ജീജി റീവ. 
വെറും 53 കളികളിലായിരുന്നു മിയാസയുടെ 33 ഗോൾ. പതിനേഴാം വയസ്സിൽ ഇന്റർ മിലാനിൽ സെന്റർ ഫോർവേഡായി തുടങ്ങിയ മിയാസ അടുത്ത സീസണിൽ ലീഗിലെ ടോപ്‌സ്‌കോററായി. പത്തൊമ്പതാം വയസ്സിലായിരുന്നു ഇറ്റാലിയൻ കുപ്പായത്തിൽ ആദ്യമായി ഇറങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ രണ്ടു ഗോളടിച്ചു. പിന്നീട് 1939 വരെ ഇറ്റാലിയൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. 1939 ൽ ഫിൻലന്റിനെതിരായ വിജയത്തിൽ നായകനായാണ് ഇറ്റാലിയൻ ടീമിൽനിന്ന് വിടവാങ്ങിയത്. 1945 ൽ ഇന്റർ മിലാന്റെ കോച്ചായ മിയാസ അപൂർവമായി അവർക്കു വേണ്ടി കളിക്കുകയും ചെയ്തു. 1979 ലാണ് മരിച്ചത്. 
പന്തിനെപ്പോലെ പെണ്ണിനെയും സ്‌നേഹിച്ച മിയാസ 1938 ലെ ലോകകപ്പിൽ ഒരു മത്സരത്തിന്റെ തലേന്ന് വേശ്യാലയത്തിലാണ് ചെലവിട്ടത്. സഹകളിക്കാർ പരിശീലനം തുടങ്ങിയാലും പലപ്പോഴും മിയാസ ഉറക്കത്തിൽനിന്ന് ഉണർന്നിട്ടുണ്ടാവില്ല. പക്ഷേ ഗ്രൗണ്ടിലിറങ്ങിയാൽ അസാമാന്യ ഡ്രിബഌംഗ് മികവിലൂടെ എതിർ ഡിഫന്റർമാരെ നാണം കെടുത്തി. ഗോളടിക്കുന്നതു പോലെ സഹതാരങ്ങൾക്ക് ഗോളവസരങ്ങളും ഒരുക്കി. മിയാസ ടീമിലുണ്ടാവുന്നത് 1-0 ലീഡോടെ കളി തുടങ്ങുന്നതു പോലെയാണെന്നാണ് 1934 ലെയും 1938 ലെയും ലോകകപ്പുകളിൽ ഇറ്റാലിയൻ കോച്ചായിരുന്ന വിറ്റോറിയൊ പോസൊ അഭിപ്രായപ്പെട്ടത്. സാൻ സീറോയിലെ ഇന്റർ മിലാന്റെയും എ.സി മിലാന്റെയും സ്റ്റേഡിയം ഗ്വിസപ് മിയാസയുടെ പേരിലാണ് അറിയപ്പെടുന്നത്.   
ബ്രസീലിനെതിരായ സെമി ഫൈനലിലെ പെനാൽട്ടി ഗോൾ മിയാസയുടെ കരിയറിലെ മുപ്പത്തിമൂന്നാമത്തെ ഗോളായിരുന്നു. 35 വർഷം വേണ്ടിവന്നു 34 ഗോളുമായി ജീജി റീവക്ക് ആ റെക്കോർഡ് മറികടക്കാൻ. ആ പെനാൽട്ടി എടുക്കാനായി കുതിക്കവേ മിയാസയുടെ നിക്കർ അഴിഞ്ഞു പോയി. ഒരു കൈ കൊണ്ട് നിക്കർ പിടിച്ചാണ് പെനാൽട്ടി രക്ഷിക്കുന്നതിൽ സ്‌പെഷ്യലിസ്റ്റായ ബ്രസീൽ ഗോളി വാൾടറെ മിയാസ കീഴടക്കിയത്. വ്യക്തിഗത സ്‌പോൺസർ ഉണ്ടായിരുന്ന ആദ്യ ഫുട്‌ബോളറാണ് ഗ്വിസപ് മിയാസ. 

Latest News