റിയാദ് - യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ടെലിഫോണിൽ ചർച്ച നടത്തി. മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കുന്ന ഇറാന്റെ പ്രവർത്തനങ്ങളും സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങളും ഇരുവരും വിശകലനം ചെയ്തു. ഇറാന്റെ നീക്കങ്ങൾ ചെറുക്കുന്നതിനും ഭീകരവാദ, തീവ്രവാദ വിരുദ്ധ പോരാട്ടത്തിനും നടത്തുന്ന ശ്രമങ്ങൾക്ക് കിരീടാവകാശിക്ക് യു.എസ് പ്രസിഡന്റ് നന്ദി പറഞ്ഞു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി യു.എസ് പ്രസിഡന്റ് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനുമായും അമേരിക്കൻ പ്രസിഡന്റ് ഫോണിൽ ബന്ധപ്പെട്ട് സുരക്ഷാ, സാമ്പത്തിക മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തു.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്ത മാസം 19 മുതൽ 22 വരെ അമേരിക്ക സന്ദർശിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. വാഷിംഗ്ടണും ന്യൂയോർ ക്കും ബോസ്റ്റണും കിരീടാവകാശി സന്ദർശിക്കുമെന്നാണ് കരുതുന്നത്. കിരീടാവകാശിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പൂർണ തോതിൽ നിശ്ചയിച്ചിട്ടില്ല. കിരീടാവകാശിയായി ചുമതലയേറ്റ ശേഷം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തുന്ന പ്രഥമ അമേരിക്കൻ സന്ദർശനമാണിത്. മാർച്ച് ഏഴിന് ബ്രിട്ടനും കിരീടാവകാശി സന്ദർശിക്കും.