സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ, സ്‌പോൺസർ കേസ് പിൻവലിച്ചു; മലയാളിവീട്ടമ്മ നാട്ടിലെത്തി

റിയാദ്- മോഷണക്കുറ്റം ആരോപിച്ച് സ്‌പോൺസർ നൽകിയ കേസും ഒളിച്ചോടിയ കേസും ഒന്നിച്ചെത്തിയതോടെ പ്രതിസന്ധിയിലായ വീട്ടുവേലക്കാരിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ മോചനം. കൊല്ലം ഓച്ചിറ സ്വദേശിനി ലൈലാ ബീവിയെയാണ് റിയാദ് കെ.എം.സി.സി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്.
നാലര വർഷം മുമ്പാണ് ഹൗസ് മെയ്ഡ് വിസയിൽ ലൈല റിയാദിലെത്തിയത്. ജോലി സ്ഥലത്തെ നിരന്തരമായ പീഡനം കാരണം വീട് വിട്ടിറങ്ങി ടാക്‌സിയിൽ യാത്ര ചെയ്യവെ ഡ്രൈവർ ഒരു പോലീസുദ്യോഗസ്ഥന്റെ വീട്ടിൽ താത്കാലിക ജോലി ശരിയാക്കി നൽകി. അതിനിടെ സ്‌പോൺസർ ഇവർക്കെതിരെ മോഷണം ആരോപിച്ച് പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഒളിച്ചോടി (ഹുറൂബ്)യതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇഖാമ കാലാവധി കൂടി അവസാനിച്ചതോടെ ഇവർക്ക് നാട്ടിലേക്കുള്ള വഴിയടഞ്ഞു. തുടർന്ന് ഇവർ ഇന്ത്യൻ എംബസിയിൽ പരാതി നൽകി.
ഇവരുടെ വിഷയം കൈകാര്യം ചെയ്യാൻ എംബസി കമ്മ്യൂണിറ്റി വിഭാഗം വളണ്ടിയറും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരിനെ എംബസി ചുമതലപ്പെടുത്തി. ഇതിനിടെ മറ്റൊരു സാമൂഹ്യ പ്രവർത്തകൻ വഴി ഒരു സൗദി വക്കീലിന് ലൈല പണം കൊടുത്ത് വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ചെങ്കിലും തീർപ്പായില്ല. പിന്നീട് റിയാദ് കൊല്ലം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ഫിറോസ് കൊട്ടിയത്തെ ഇവർ സമീപിച്ച് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് വർഷത്തിന് ശേഷം വീണ്ടും ഈ കേസ് കൈകാര്യം ചെയ്യാൻ സിദ്ദീഖ് തുവ്വൂരിനെ എംബസി ചുമതലപ്പെടുത്തി. റിയാദിലെ പോലീസ് സ്റ്റേഷനിൽ മോഷണക്കേസാണ് ചാർജ് ചെയ്തിരുന്നത്. അവരുടെ ആരോഗ്യ സ്ഥിതിയും പ്രായവും പരിഗണിച്ച് വിട്ടുവീഴ്ച ചെയ്യണമെന്ന് ഉദ്യോഗസ്ഥരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സ്‌പോൺസറെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. മോഷണം പോയ സ്വർണ്ണവും വിസ ചെലവിലേക്കായി 14,000 റിയാലും സ്‌പോൺസർ ആവശ്യപ്പെട്ടെങ്കിലും നീണ്ട ചർക്കൊടുവിൽ സ്‌പോൺസറും ഭാര്യയും വിട്ടുവീഴ്ച ചെയ്യുകയും പാസ്‌പോർട്ടും  ഇഖാമയും തിരിച്ച് നൽകുകയും ചെയ്തു. അതോടെ സ്വകാര്യ അന്യായം റദ്ദായെങ്കിലും പൊതു അന്യായം അവസാനിക്കാത്തതിനാൽ സിദ്ദീഖിന്റെ ജാമ്യത്തിൽ ലൈലയെ പുറത്തിറക്കി. സ്‌പോൺസറിൽ നിന്ന് ഒളിച്ചോടി എന്ന കേസ് നിലനിൽക്കുന്നതിനാൽ ദമാം തർഹീലിൽ നിന്ന് ഫൈനൽ എക്‌സിറ്റടിച്ചു. എംബസി ഉദ്യോഗസ്ഥരായ ആഷിഖ്, ഖാലിദ്, സാമൂഹ്യ പ്രവർത്തകരായ വെങ്കിടേഷ്, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങ് കൺവീനർമാരായ ഫിറോസ് കൊട്ടിയം, യൂസുഫ് പെരിന്തൽമണ്ണ, അബ്ദുൽ സമദ് ചുങ്കത്തറ, ദമാം കെഎംസിസി കൊല്ലം ജില്ലാ നേതാക്കളായ ആഷിഖ് തൊടിയൂർ, സുധീർ പുനയം എന്നിവർ വിവിധ ഘട്ടങ്ങളിലായി സഹായത്തിനുണ്ടായിരുന്നു. 

Latest News