Sorry, you need to enable JavaScript to visit this website.

ഹരീഖിലെ നാരങ്ങാ മധുരം 

റിയാദിൽ എത്തിയ കാലം മുതലേ മനസ്സിൽ അടങ്ങാത്ത ആഗ്രഹമായിരുന്നു ഹരീഖ് ഓറഞ്ചുത്സവം നേരിട്ട് കാണണമെന്നത്. കോവിഡ് മഹാമാരിക്കിടയിൽ,  ഈ വർഷത്തെ ഉത്സവത്തിന് സൗകര്യം ഒത്തുവന്നപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല. യാത്ര പുറപ്പെട്ടു.
പ്രവാസികളുടെ കൂടപ്പിറപ്പായ, വെള്ളിയാഴ്ചയുടെ അലസത ജീവിതത്തെ പിടികൂടിയിട്ടില്ലാത്തതിനാൽ രാവിലെ തന്നെ സജ്ജനായി. പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ  കൂട്ടുകാരും എത്തിച്ചേർന്നു. റിയാദിൽ നിന്നും ഇരുന്നൂറ് കിലോമീറ്ററോളം ദൂരമുണ്ട്. രണ്ടര മണിക്കൂറിനടുത്ത യാത്രാ ദൂരം.  
സൗദിയിലെ ഏതൊരു പ്രദേശത്തേക്കുമെന്ന പോലെ  മരുഭൂമികൾക്കിടയിലൂടെയാണ് ഹരീഖിലേക്കുള്ള യാത്രയും തുടങ്ങുന്നത്. അതുകൊണ്ടു തന്നെ, പ്രതീക്ഷക്കൊത്ത വല്ലതും അവിടെ ഉണ്ടാകുമോ എന്ന ശങ്ക എറിയേറി വന്നു. മരുഭൂമിയും ഒട്ടകക്കൂട്ടങ്ങളും കാണാൻ വേണ്ടിയാണെങ്കിൽ ഇത്രയും ദൂരം യാത്ര ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തി ഏറെയാണല്ലോ? ഹരീഖിലേക്ക് അടുക്കും  തോറും പ്രകൃതിയും പരിസരവും മാറി വരുന്നുണ്ടായിരുന്നു. കേരള തനിമ എന്നൊന്നും അവകാശപ്പെടാൻ കഴിയില്ലെങ്കിലും ആ പച്ചപ്പും ഹരിതാഭയും അങ്ങിങ് കാണാൻ കഴിഞ്ഞു. റോഡിനിരുവശവും ഈത്തപ്പനകളുടെ പറുദീസ. തണുപ്പുകാലം ആയതിനാൽ ആവണം ഒന്നിലും ഈത്തപ്പഴങ്ങളൊന്നും  കാണാനില്ല. ദൂരെ മാറി, നാട്ടിലെ കുന്നിൻ ചെരിവുകളുടെ സ്വഭാവ വിശേഷങ്ങൾ ഇല്ലെങ്കിലും വേറിട്ട രീതിയിലുള്ള മലനിരകൾ. ഏറെയും ഒറ്റപ്പെട്ടു നിൽക്കുന്ന തൂണുകൾ പോലെ തോന്നിപ്പിക്കുന്നവ. ചിലതിൽ നിന്ന് പാളികൾ അടർന്ന് വീണ് കിടക്കുന്നു. മലകൾക്കരികെ, വിശാലമായി പരന്നു കിടക്കുന്ന ഈത്തപ്പന തോട്ടങ്ങൾ നൽകുന്ന കാഴ്ച മണലാരണ്യത്തിന്റെ  പ്രത്യേകതയാണ്. ഹരീഖിൽ മാത്രം  രണ്ടു ലക്ഷത്തോളം ഈത്തപ്പനകൾ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.      
ജുമുഅ നിസ്‌കാരാനന്തരമാണ്, ഹരീഖിലെ പ്രശസ്ത  തോട്ടമായ മഷ്‌റ ഖത്‌റയിലേക്ക് പ്രവേശനം അനുവദിച്ചത്. ഹരീഖ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഫൈസൽ ആണ് സൗകര്യം ഒരുക്കിത്തന്നത്. തോട്ടത്തിലെത്തിയതോടു കൂടി, കേരളത്തിലെ ഏതെങ്കിലും നാട്ടിൻപുറത്ത് എത്തിയ പ്രതീതി. പ്രകൃതി രമണീയത കൊണ്ട് മാത്രമല്ല. അവിടത്തെ ഒച്ചയും ബഹളവും കൊണ്ട്. അത്രമാത്രം മലയാളികളാണ് അവിടെ എത്തിച്ചേർന്നിട്ടുള്ളത്. ഒരുപക്ഷേ  റിയാദും പരിസരപ്രദേശങ്ങളും മൊത്തമായി ഹരീഖിലെത്തി എന്ന് പറഞ്ഞാൽ പോലും ആശ്ചര്യമാകില്ല. എവിടേക്ക്  തിരിഞ്ഞാലും മലയാളികൾ മാത്രം. ഇവിടത്തെ ഭൂപ്രകൃതിയും കേരളത്തോട് കിടപിടിക്കുന്നത് തന്നെ. വയനാടൻ തോട്ടങ്ങളിൽ കയറിയ പ്രതീതി. 
പുളിരസമുള്ള ഫലങ്ങളാണ് ഇവിടെ ഏറെയും കൃഷി ചെയ്യുന്നത്.  വിവിധയിനം ഓറഞ്ചുകൾ, മുന്തിരി, അത്തിപ്പഴം, ഉറുമാൻ പഴം, ആപ്പിൾ, പീച്ച്, ആപ്രിക്കോട്ട്, അറാക്ക് തുടങ്ങിയവയയാണ് ഏറെയും ഇവിടെ  സമൃദ്ധമായി  വളരുന്നുത്. മാങ്ങ, പപ്പായ, വാഴപ്പഴം തുടങ്ങിയവയും നന്നായി വളരുന്നുണ്ട്. ഈത്തപ്പനകൾക്കിടയിലാണ് ഇവ കൂടുതലായും കൃഷി ചെയ്തുവരുന്നത്.  കൊറോണ മാനദണ്ഡങ്ങൾ ഉള്ളതിനാൽ പല ഫാമുകളിലേക്കും പ്രവേശനം നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ  ഹള്‌റാത്ത് കുടുംബത്തിന്റെ കീഴിലുള്ള തോട്ടത്തിൽ വൻ ജനാവലിയാണ് സന്ദർശനം നടത്തുന്നത്. ഇവിടം സന്ദർശിക്കുന്ന മുഴുവൻ പേർക്കും ഈ കുടുംബത്തിന്റെ വകയാണ് ഭക്ഷണം എന്നതും പ്രത്യേകതയാണ്.

ഹരീഖിലെ വിവിധ തോട്ടങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന ഫലങ്ങളുടെ പ്രദർശനവും വിൽപനയും ഉദ്ദേശിച്ചുള്ള സിട്രസ് ഫെസ്റ്റിവൽ  മനോഹരമാണ്. എല്ലാ വർഷവും തുടക്കത്തിൽ ആണ് ഇവിടെ ഉത്സവം.   തോട്ടങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന പഴങ്ങൾ കർഷകർ തന്നെ നേരിട്ട്  നഗരസഭയുടെ  ഉത്സവ നഗരിയിലെത്തിച്ച് അവർ തന്നെ നേരിട്ട് വിൽപന നടത്തുകയാണിവിടെ.   നഗരസഭയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്  സിട്രസ് ഫെസ്റ്റ് അരങ്ങേറുന്നത്. വ്യത്യസ്ത വലിപ്പങ്ങളിലുള്ള, ഇരുന്നൂറ്  റിയാൽ വരെ വിലയുള്ള  അത്യപൂർവ ഓറഞ്ചുകൾ വരെയുണ്ടിവിടെ. ഓറഞ്ചുകൾ കൂടാതെ,  വ്യ ത്യസ്തയിനം തേനും  ഈത്തപ്പഴവും സുഗന്ധദ്രവ്യങ്ങളും  ഫെസ്റ്റിവൽ പവിലിയനുകളിൽ പ്രദർശിപ്പിക്കുന്നു. ആവശ്യക്കാർക്ക് ഓറഞ്ചിന്റെയും മറ്റും ചെടികൾ വാങ്ങിക്കാൻ നഴ്സറികളും ഉണ്ട്.  
ഹരീഖ് സന്ദർശത്തിനു ശേഷം തിരികെ പോരുമ്പോൾ മനസ്സ് നിറയെ പറഞ്ഞറിയിക്കാൻ പറ്റാത്തവിധം ആനന്ദം നിറഞ്ഞിരുന്നു. മണ്ണിനെയും കൃഷിയെയും സ്‌നേഹിക്കുന്ന ഒരു പുതുതലമുറ ഈ  ഊഷര ഭൂമിയിൽ വളർന്നു വരുന്നുണ്ടെന്ന തിരിച്ചറിവ് നൽകുന്നത് കൂടിയായി ആ യാത്ര. നാരകങ്ങളുടെ നറുമണവും സ്വർണനിറവും ആവോളം ആസ്വദിച്ചു. ഹരീഖിൽ നിന്ന് തിരികെ പോന്ന പുതിയ റോഡ് മറ്റൊരു അനുഭൂതിയായി. ഗൂഗിൾ മാപ്പിൽ പോലും  ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ റോഡിലൂടെ റിയാദിലേക്ക് യാത്ര ചെയ്താൽ,  മുപ്പത് കിലോമീറ്ററോളം ലാഭിക്കാം. വളവും തിരിവും ഇല്ലാത്ത ഈ റോഡിലൂടെ ഇരുവശങ്ങളിലേക്കുമായുള്ള വാഹനങ്ങൾ കടന്നു വരാമെന്നത് അൽപം അപകടകരമായ ഒന്നാണെങ്കിലും ഏറെ ആസ്വാദ്യകരമാണ്.

Latest News