Sorry, you need to enable JavaScript to visit this website.
Thursday , May   26, 2022
Thursday , May   26, 2022

ആലാപന ശ്രുതിയുമായി ആസ്യാ അഷ്ഫൽ

ആസ്യ അഷ്ഫൽ
ആസ്യ അഷ്ഫൽ കുടുംബത്തോടൊപ്പം 
ആസ്യ അഷ്ഫൽ ഫാദർ സെവേറിയസ് തോമസിന്റെ കൂടെ
ആസ്യ അഷ്ഫൽ ഉമ്മക്കും സഹോദരനുമൊപ്പം

ഓർക്കാപ്പുറത്ത് പാട്ടുകാരിയായി മാറിയ കലാകാരിയാണ്  ആസ്യാ അഷ്ഫൽ. തൊഴിൽ കൊണ്ട് ഐ.ടി എൻജിനീയറാണെങ്കിലും പാട്ടുവേദികൾ ആസ്യക്ക്  ഇന്ന് വലിയ ഹരമാണ് . സൗഹൃദ കൂട്ടായ്മകളിലെ സംഗീത സദസ്സുകളിലും പൊതുപരാടികളുമടക്കം നൂറിലധികം വേദികൾ പിന്നിട്ട്  വളരെ പെട്ടെന്നാണ് ഖത്തറിലെ  അറിയപ്പെടുന്ന ഗായികയായി ആസ്യ മാറിയത്.  
വയനാട് കമ്പളക്കാട് പരേതനായ ഇളയടത്ത് അന്ത്രുവിന്റെയും ആയിഷ വേങ്ങാടി#െന്റയും ഇളയ മകളാണ് ആസ്യ. പിതാവ് അന്ത്രു കല്യാണ വീടുകളിലും ആഘോഷങ്ങളിലുമൊക്കെ പാടുന്ന ആളായിരുന്നു. പിതാവിൽ നിന്നും അനന്തരം കിട്ടിയതാകാം തന്റെ പാടാനുള്ള കഴിവെന്നാണ് ആസ്യ കരുതുന്നത്. ഏക സഹോദരൻ ഷാജഹാനും നന്നായി പാടും. 
 
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിന്  ആദ്യമായി ഒരു മാപ്പിളപ്പാട്ടു പാടിയതും അതിന്  ഒന്നാം സ്ഥാനം  ലഭിച്ചതുമൊക്കെ ഈ കലാകാരിയുടെ മിടുക്ക് അടയാളപ്പെടുത്തുന്നതായിരുന്നു. എന്നാൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ  പത്താമത്തെ വയസ്സിൽ ഉപ്പയുടെ ആക്‌സ്മിക മരണം ഈ കലാകാരിയുടെ ജീവിതത്തിലെ ചോദ്യ ചിഹ്നായി മാറി. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന പിതാവിന്റെ മരണം തന്നേയും  ഉമ്മയേയും ഏക സഹോദരനേയും  വല്ലാത്ത ഒറ്റപ്പെടലിലേക്കും കഷ്ടപ്പാടിലേക്കുമാണ് എത്തിച്ചത്.  പ്രീ ഡിഗ്രിക് പഠിക്കുകയായിരുന്ന സഹോദരൻ പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് തന്നെയും ഉമ്മയെയും നോക്കാൻ ഇറങ്ങിയതോടെ, പഠിച്ച് ഒരു നിലയിൽ എത്തണം എന്ന ദൃഢപ്രതിജ്ഞയോടെ മുന്നോട്ടു പോയപ്പോൾ  പാട്ടും കലയുമൊക്കെ മാറിനിൽക്കുകയായിരുന്നു. പിന്നീടങ്ങോട്ടു പഠനം മാത്രമായിരുന്നു തന്റെ ലക്ഷ്യം. ഓരോ കഌസിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഉമ്മയേയും സഹോദരനേയും സന്തോഷിപ്പിച്ചാണ് ആസ്യ വളർന്നത്. 

സ്‌കൂൾ തലങ്ങളിൽ കഥ, കവിത രചനകളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അന്നൊന്നും  പാട്ടു പാടാൻ ഒരിക്കൽ പോലും വേദിയിൽ  കയറിയിട്ടില്ല. ഗണിത ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു തവണ ജില്ലാ തലത്തിൽ  ഒന്നാം സ്ഥാനവും  നേടിയിട്ടുണ്ട്.

എസ്.എസ്.എൽ.സിക്കു പ്രദേശത്തെ ഉന്നത മാർക്ക് വാങ്ങിയതും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. അങ്ങനെ കണ്ണൂർ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മാത്തമാറ്റിക്‌സിൽ ബിരുദവും  കോയമ്പത്തൂർ അണ്ണാ യൂനിവേഴ്‌സിറ്റിയിൽ നിന്ന്   എം .സി.എയുമെടുത്താണ് ആസ്യ ഐ.ടി രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയത്.   പഠനത്തിന്റെ അവസാന കാലഘട്ടത്തിൽ ആയിരുന്നു വിവാഹം. ഭർത്താവ് കോഴിക്കോട് സ്വദേശിയായ അഷ്ഫൽ ഹാർഡ്വെയർ എൻജിനീയർ ആണ് . 

വിവാഹ ശേഷം ദുബായ്, മലേഷ്യ എന്നിവിടങ്ങളിൽ സോഫ്റ്റ്വെയർ എൻജിനീയർ ആയി ജോലി ചെയ്ത ആസ്യ  2016 ലാണ് ഖത്തറിലെത്തിയത്.     ഇപ്പോൾ  ഖത്തർ ഗവണ്മെന്റ്  സർവീസിൽ ഐ.ടി എൻജിനീയറായാണ്  ജോലി ചെയ്യുന്നത്. 

താൻ ഒരു ഗായികയായി മാറിയതിന്റെ   എല്ലാ ക്രെഡിറ്റും   തന്റെ ഭർത്താവിനാണെന്നാണ് ആസ്യ പറയുന്നത്. വീട്ടിൽ പലപ്പോഴും പാട്ടുകൾ പാടുന്നത് ശ്രദ്ധിക്കുമായിരുന്ന അദ്ദേഹം ഒരിക്കൽ ഗുഡ് സിംഗേർസ്  ഫേസ്ബുക്ക് പേജിൽ  തന്റെ ഒരു പാട്ടു പോസ്റ്റ്  ചെയ്തപ്പോൾ ലഭിച്ച ഊഷ്മളമായ സ്വീകരണവും ആവേശകരമായ പ്രതികരണങ്ങളുമായിരുന്നു പാട്ട് രംഗത്തേക്ക് കടന്നുവരാൻ വഴിയൊരുക്കിയത്.   
ആയിടെയാണ് ഖത്തറിലെ അറിയപ്പെടുന്ന ഗായികയും തന്റെ സുഹൃത്തുമായ നിത്യ ജിത്തു, ട്രെൻഡ്സ്  ഖത്തർ എന്ന മ്യൂസിക്  ബാൻഡിന്റെ സാരഥിയായ  പ്രദീപ് മേനോനു തന്നെ പരിചയപ്പെടുത്തിക്കൊടുത്തത്. അങ്ങനെ 2016 നവംബറിൽ ട്രെൻഡ്സ് ഖത്തറിന്റെ വേദിയിലാണ് ആദ്യമായി പാടിയത്. 
ആ കൈനീട്ടം മോശമായില്ല. പിന്നീടുള്ള മൂന്നു  വർഷക്കാലം ചെറുതും വലുതുമായ നൂറിലധികം വേദികളിൽ പാടാൻ കഴിഞ്ഞു. 

 

ആദ്യമൊക്കെ ഹിന്ദി, തമിഴ്, മലയാളം  പാട്ടുകളായിരുന്നു പാടിയിരുന്നത്. പിന്നീടാണ്  പ്രവാസികൾ  ഏറ്റവും ആസ്വദിക്കുന്നത് മാപ്പിളപ്പാട്ടുകളണെന്നു മനസ്സിലായത്. അങ്ങനെയാണ്  കൂടുതൽ മാപ്പിളപ്പാട്ടുകൾ പാടാൻ ആരംഭിച്ചത്. അതോടെ ഖത്തറിലെ  മാപ്പിളപ്പാട്ടു വേദികളിലെ  സജീവ സാന്നിധ്യമായി മാറുകയായിരുന്നു. മീഡിയാ പ്ലസിന്റെ വേദിയിൽ ഫാദർ സെവേറിയസ് തോമസിന്റെ കൂടെ പാടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തം.  ഉനൈസ് പൂനൂരിന്റെ വരികൾക്ക്  അൻഷാദ് തൃശൂർ സംഗീതം നൽകിയ ഹബീബോാടുള്ള  ഹുബ്ബ് എന്ന നബിദിന ഗാനം ആയിരുന്നു ആസ്യ പാടിയ ആദ്യത്തെ ആൽബം. റസ്‌ലിഫുമൊത്ത് ആരാധികേ എന്ന കവർ സോംഗും പാടിയിട്ടുണ്ട്. ദോഹയിലെ ഗ്രീൻ വുഡ് സ്‌കൂൾ അഞ്ചാം തരം വിദ്യാർഥി അമൻ, രണ്ട് വയസ്സുകാരൻ അഹദ് എന്നിവരാണ് മക്കൾ.  

 

Latest News