Sorry, you need to enable JavaScript to visit this website.

കാറൽ മാർക്‌സിന്റെ പിഎച്ച്.ഡി

തത്വജ്ഞാനികളുടെ ജീവിതങ്ങളും സിന്താദ്ധങ്ങളും പഠിക്കുന്നത് ഏറെ വിജ്ഞാനപ്രദവും രസകരവുമാണ്. തത്വശാസ്ത്രം പ്രധാനമായും ചർച്ച ചെയ്യുന്നത് പ്രകൃതിയെയും മനുഷ്യരെയും ഇവ രണ്ടും തമ്മിലുള്ള
പാരസ്പര്യത്തെയും  കുറിച്ചുമാണെന്ന് കാണാം. മനുഷ്യനെ സംബന്ധിച്ചിടത്തോളും മറ്റ#ു ജീവികളിൽ നിന്ന് അവനെ വ്യത്യസ്തനാക്കുന്നത് അവന്റെ വിവേകമാണ്. വിവേകം ഉദയം ചെയ്യുന്നതാവട്ടെ  ഞാൻ എന്തിനായി ജീവിക്കണം എന്ന ചോദ്യത്തിൽ നിന്നുമാണ്. ഈ ലളിതമായ ചോദ്യത്തിനുത്തരം തേടി പൂർവികരായ പലരും  പല വഴിക്കും ആലോചിക്കുകയും ഉത്തരം കണ്ടെത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. നല്ല മനുഷ്യനാവാൻ എന്ത് വേണം എന്നത് ചിന്തകന്മാർ ഏറെ വിശകലനം ചെയ്തിട്ടുണ്ട്.
ബി.സി 341 ൽ ജനിച്ച ഗ്രീക്ക് ഫിലോസഫറായ  എപിക്യൂറസിനെ ഇത്തരം തത്വജ്ഞാനികളിൽ നിന്ന് ഏറെ  വ്യത്യസ്തനാക്കുന്നത് എങ്ങനെ സന്തോഷവാനാകാം എന്ന ചിന്തയിൽ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ അന്വേഷണത്തെ  അടിസ്ഥാനപ്പെടുത്തിയാണ്.
അദ്ദേഹം സന്തോഷം കേന്ദ്ര പാഠ്യപദ്ധതിയാക്കിക്കൊണ്ട് ദി ഗാർഡൻ എന്ന ഒരു  വിദ്യാലയം സ്ഥാപിച്ചത് അക്കാലത്ത് പലരെയും സ്തബ്ധരാക്കിയിരുന്നു. അദ്ദേഹത്തിനെതിരെ ഒരുപാട് പരിഹാസങ്ങളും എതിർപ്പുകളും ഉയർന്ന് വന്നു. ആഡംബരത്തിലും സുഖലോലുപതയിലും ഉന്മത്തനായ, മദ്യത്തിനും മദിരാക്ഷിക്കും  വശപ്പെട്ട ധൂർത്തനും ഭക്ഷണ പ്രിയനും ജീർണതാ വാദിയുമായി  അദ്ദേഹം  ചിത്രീകരിക്കപ്പെട്ടു.
ഇപ്പോഴും ആ അർത്ഥത്തിലാണ് എപിക്യൂറിയൻ എന്ന പദം ഉപയോഗിച്ചു വരുന്നത്.
എന്നാൽ ഈ ആക്ഷേപങ്ങൾ വസ്തുതാ വിരുദ്ധമാണെന്നതാണ് വാസ്തവം.
അദ്ദേഹം ധൂർത്തനും ധാരാളിയുമൊന്നുമായിരുന്നില്ല. രണ്ട് വസ്ത്രങ്ങൾ മാത്രം ധരിക്കാനുണ്ടായിരുന്ന,  ബ്രഡും ഒലീവും, വല്ലപ്പോഴെങ്കിലും ലഭിക്കുന്ന  ചീസും കഴിച്ച് ജീവിച്ച ഒരു സാധാരണക്കാരനായിരുന്നു.
എന്നാൽ ക്ഷമാപൂർവം വർഷങ്ങളോളം മനുഷ്യരുടെ സന്തോഷം എന്ന വികാരത്തെക്കുറിച്ച്  പഠനം നടത്തി അദ്ദേഹം ചില നിർണായകവും വിപ്ലവകരവുമായ നിഗമനങ്ങളിൽ  എത്തിച്ചേർന്നു. സന്തോഷത്തെ ക്കുറിച്ച് ആലോചിക്കുമ്പോൾ മനുഷ്യർ വരുത്തുന്ന മൂന്ന് പിശകുകൾ
അദ്ദേഹം ചൂണ്ടിക്കാട്ടി.  അതിലൊന്ന് മനുഷ്യർക്ക് സന്തോഷിക്കാൻ  അനുരാഗം വേണമെന്നതത്രേ. സന്തോഷവും  പ്രണയവും ഒരിക്കലും യോജിച്ച് പോകില്ലെന്നാണ് എപിക്യൂറസിന്റെ നിഗമനം.
കാൽപനിക ബന്ധങ്ങളിൽ അമിത വിശ്വാസം പുലർത്തുന്നത് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാദിച്ചു.  
സന്തോഷവുമായി ബന്ധപ്പെട്ട രണ്ടാമത്തെ  പിശക് നമുക്ക് സന്തോഷിക്കാൻ ധാരാളം പണം വേണം എന്ന ചിന്തയാണ്. ധാരാളം പണമുണ്ടാക്കാനും കൈയടി വാങ്ങാനുമായി   തൊഴിൽ, ശമ്പളം അംഗീകാരം എന്നിവയ്ക്ക് പിറകെ ഓടുന്നവർ സത്യത്തിൽ സന്തോഷരഹിതരായിത്തീരും എന്നാണ് അദ്ദേഹത്തിന്റെ വാദം. പണവും പത്രാസുമല്ല, മറിച്ച്  ഒറ്റയ്ക്കായാലും കൂട്ടമായാലും ചെയ്യുന്ന തൊഴിലിന് അർത്ഥമുണ്ടാവുകയും  മറ്റുള്ളവരെ സഹായിക്കാനും ലോകത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കുന്ന
തരത്തിലാവുകയും ചെയ്താൽ ആത്മനിറവ് ഉണ്ടാവുമെന്നും
സന്തോഷം കൈവരുമെന്നും അദ്ദേഹം സമർത്ഥിക്കുന്നു.
സന്തോഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മനുഷ്യർ വരുത്തുന്ന മൂന്നാമത്തെ പിശകായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് സുഖാഡംബരങ്ങളിൽ  അർപ്പിക്കുന്ന അതിരു കടന്ന വിശ്വാസമാണ്. വലിയ വീടും വിശാലമായ കിടപ്പു മുറിയും ഉദ്യാനവും കിനാവ് കാണുന്നവർക്ക് സന്തോഷം ലഭിക്കുകയില്ല. മറിച്ച് ശാന്തതയാണ് കൊതിക്കേണ്ടത്. അതാകട്ടെ വലിയ വീട് സ്വന്തമാക്കിയതുകൊണ്ടോ കാഴ്ചപ്പുറം മാറ്റിയതുകാണ്ടോ ലഭിക്കണമെന്നില്ല എന്നും അദ്ദേഹം വാദിച്ചു.

സന്തോഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങൾ മൂന്ന് പരിഷ്‌കാരങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചു. അതിലൊന്നായിരുന്നു ലിവിംഗ് ടുഗദർ.  ചെറിയ വിലയ്ക്ക് ഏതൻസിൽ ലഭ്യമായ സ്ഥലത്ത് സമാന മനസ്‌കരുടെ  കമ്യൂണുകൾ പണിയാൻ അദ്ദേഹം മുന്നിട്ടിറങ്ങി. അവർ മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കുന്നതിന് പകരം വരുമാനം കുറഞ്ഞാലും  ആത്മസംതൃപ്തി ലഭിക്കുന്ന കൃഷി, പാചകം ഫർണിച്ചർ നിർമാണം, കലാ പ്രവർത്തനങ്ങൾ എന്നീ തൊഴിലുകളിൽ ഏർപ്പെട്ടു. കൂടാതെ അവർ യുക്തിവിചാരത്തിലൂടെയും ഉൾക്കാഴ്ചയിലൂടെയും മനുഷ്യന്റെ ഉൽകണ്ഠകളെയും ആത്മ സംഘർഷങ്ങളെയും ലഘൂകരിക്കാനുള്ള അന്വേഷണങ്ങളും നടത്താൻ തുടങ്ങി.
ആധുനിക കാലത്തും എപിക്യൂറസിന്റെ സിന്താദ്ധങ്ങൾ പല രീതിയിലും ലോകത്ത് സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഇന്നും  കൺസ്യൂമറിസ്റ്റ് സമൂഹത്തിലെ മിക്ക പരസ്യങ്ങളും ലക്ഷ്യമിടുന്നത് നേരത്തേ എപിക്യൂറസ് വിരൽ ചൂണ്ടിയ സന്തോഷത്തെ കുറിച്ചുള്ള പിശകുകളായ കാൽപനിക പ്രണയം, ഔദ്യോഗിക സ്റ്റാറ്റസ്, സുഖാഡംബരങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണെന്ന് കാണാമെന്ന് ദി സ്‌കൂൾ ഓഫ് ലൈഫ് പ്രസിദ്ധീകരിച്ച ഗ്രേറ്റ് തിങ്കേഴ്‌സ് എന്ന  പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
കമ്യൂണിസത്തിന്റെ ആചാര്യനായ കാറൽ മാർക്‌സിന്റെ  പിഎച്ച്.ഡി.  പ്രബന്ധം എപിക്യൂറസിനെ കുറിച്ചായിരുന്നുവെന്നത് ഇത്തരുണത്തിൽ  ഏറെ ചിന്തനീയം തന്നെ.

Latest News