Sorry, you need to enable JavaScript to visit this website.

വര്‍ധിച്ചുവരുന്ന ഹിന്ദുഫോബിയ യുഎന്‍ തിരിച്ചറിയണമെന്ന് ഇന്ത്യ

യുഎന്‍- ഇസ്ലാമോഫോബിയ പോലെ ഹിന്ദു, ബുദ്ധ, സിഖ് മതങ്ങള്‍ക്കെതിരായി ഉയര്‍ന്നു വരുന്ന പുതിയ ഭീതി (ഫോബിയ) തിരിച്ചറിയപ്പെടേണ്ട ഗൗരവ വിഷയമാണെന്ന് ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യ ഉന്നയിച്ചു.  ഇത്തരം വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സന്തുലിതമാകുന്നതിന് വേണ്ടി പുതുതായി ഉയര്‍ന്നുവരുന്ന മതഭീതിയെ തിരിച്ചറിയേണ്ടതുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. 

കഴിഞ്ഞ രണ്ട് വര്‍ഷമായി, നിരവധി അംഗരാജ്യങ്ങള്‍ രാഷ്ട്രീയവും മതപരമായതും അല്ലാത്തതുമായ പ്രചോദനങ്ങളാല്‍ നയിക്കപ്പെട്ട് തീവ്രവാദത്തെ അക്രമാസക്തമായ വംശീയ ഭീകരവാദം, അക്രമാസക്ത ദേശീയവാദം, വലതു പക്ഷ ഭീകരവാദം എന്നിങ്ങനെയുള്ള മുദ്രകുത്താന്‍ ശ്രമിക്കുന്നു. ഇതിനു പിന്നിലുള്ള പ്രേരണകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ തീവ്രവാദത്തേയും അക്രമാസക്ത ഭീകരതേയയും തരംതിരിക്കുന്നത്. ഇത് അപകടകരമായ പ്രവണതയാണെന്നും തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. 

എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെ അപലപിക്കണമെന്നും ന്യായീകരിക്കാനാകില്ലെന്നും വ്യക്തമാക്കി ഈയിടെ യുഎന്‍ അംഗരാജ്യങ്ങള്‍ അംഗീകരിച്ച ആഗോള ഭീകരവിരുദ്ധ നയത്തിലെ പൊതു തത്വങ്ങള്‍ക്ക് എതിരാണ് ഈ നീക്കമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

വലതുപക്ഷവും ഇടതുപക്ഷവും രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അവര്‍ അധികാരത്തില്‍ വരുന്നത് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയോടെയാണ്. ജനാധിപത്യം ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും വിശാലമായ ലോകമാണല്ലോ. അതിനാല്‍, ജനാധിപത്യം എന്ന സങ്കല്‍പ്പത്തിന് തന്നെ എതിരായേക്കാവുന്ന ഈ വേര്‍ത്തിരിവിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും തിരുമൂര്‍ത്തി പറഞ്ഞു. 

ഈ മാസം മുതല്‍ യുഎന്നിന്റെ 15 അംഗ ഭീകരവിരുദ്ധ സമതിയുടെ അധ്യക്ഷനാണ് ഇന്ത്യന്‍ നയന്ത്രജ്ഞനായ തിരുമൂര്‍ത്തി.

Latest News