Sorry, you need to enable JavaScript to visit this website.

സി.പി.എം നേതാവ്  പി.എ.മുഹമ്മദ് അന്തരിച്ചു

കല്‍പറ്റ-വയനാട്ടിലെ മുതിര്‍ന്ന  കമ്മ്യൂണിസ്റ്റ് നേതാവ് പുത്തൂര്‍വയല്‍ നെരൂദ ഹൗസില്‍ പി.എ.മുഹമ്മദ്(83) അന്തരിച്ചു. ഇന്നു രാവിലെ 11.30 ഓടെ  വൈത്തിരി ചേലോട് ഗുഡ് ഷെപേര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം. ചെറിയതോതിലുള്ള പക്ഷാഘാതത്തെ തുടര്‍ന്നു ഒരു മാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
1958ല്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ലഭിച്ച മുഹമ്മദ്  കര്‍ഷകസംഘത്തിലൂടെയാണ് പൊതുരംഗത്തു സജീവമായത്. 1973ല്‍ സി.പി.എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സെക്രട്ടറിയറ്റംഗമായി. ജില്ലാ പിറവിക്കുശേഷം 1982 മുതല്‍ 2007 വരെ  കാല്‍ നൂറ്റാണ്ട് ജില്ലാ സെക്രട്ടറിയായി. 2017ല്‍ ആരോഗ്യ കാരണങ്ങളാല്‍ ഒഴിവാകുംവരെ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച്  വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയനും നോര്‍ത്ത് വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂനിയനും രൂപീകരിക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു.
കണിയാമ്പറ്റ പന്തനംകുന്നന്‍ പരേതനായ ആലിക്കുട്ടി-കുഞ്ഞാമി ദമ്പതികളുടെ മകനാണ് മുഹമ്മദ്. കണിയാമ്പറ്റ പ്രദേശത്തു  ആദ്യമായി എസ്.എസ്.എല്‍.സി പാസായ മുസ്്‌ലിം വിദ്യാര്‍ഥിയാണ്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പി.യു.സിക്ക് ചേര്‍ന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. വൈകാതെ മടക്കിമല സര്‍വീസ് സഹകരണ ബാങ്കില്‍ കലക്ഷന്‍ ഏജന്റായി ജോലി ലഭിച്ചെങ്കിലും കമ്മ്യൂണിസ്റ്റെന്ന കാരണത്താല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ പിരിച്ചുവിട്ടു. രാഷ്ടീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പിതാവും മുഹമ്മദിനെ വീട്ടില്‍നിന്നു ഇറക്കിവിടുകയുണ്ടായി. 
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, ദേശാഭിമാനി ഡയരക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 
അടിയന്തരാവസ്ഥയിലും കര്‍ഷക-തൊഴിലാളി സമരങ്ങളുടെ പേരിലും നിരവധി തവണ ജയില്‍ വാസം അനുഭവിച്ച മുഹമ്മദ്   മികച്ച പ്രസംഗികനായിരുന്നു. ആഴവും പരപ്പുമുള്ള വായന അദ്ദേഹത്തിന്റെ പ്രത്യേകതകളില്‍ ഒന്നായിരുന്നു. 
ഭാര്യ:പരേതയായ നബീസ. മക്കള്‍: നിഷാദ്(കെ.എസ.്ഇ.ബി കോണ്‍ട്രാക്ടര്‍) നെരൂദ(എന്‍ജിനിയര്‍, കെ.എസ്.ഇ.ബി), പരേതനായ സലിം. മരുമക്കള്‍: ഹാജ്റ, സീന, മിസ്രി. സഹോദരങ്ങള്‍: സെയ്ത്, ഹംസ, ആസ്യ, നബീസ, കുഞ്ഞിപ്പാത്തുമ്മ, പരേതനായ ബീരാന്‍.

Latest News