കൈക്കൂലി അല്ലെങ്കില്‍ ലൈംഗികബന്ധം; ബെംഗളുരുവിലെ  പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ബെംഗളുരു- പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് 39കാരി. ഹെന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വസന്ത് കുമാറിനെതിരെയാണ് യുവതി ബെംഗളുരു പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജനുവരി 13ന് വാടകക്കാരനും കുടുംബാംഗങ്ങളും ചേര്‍ന്ന് ആക്രമിച്ചതിനെതിരെ പരാതിപ്പെടാന്‍ പോയതായിരുന്നു യുവതി. യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നുവെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഇന്‍സ്‌പെക്ടര്‍ തയാറായില്ല. പിന്നീട് ഇന്‍സ്‌പെക്ടര്‍ യുവതിയെ ചേംബറിലേക്ക് വിളിച്ചുവരുത്തി 5 ലക്ഷം രൂപ കൈക്കൂലി നല്‍കാനോ ലൈംഗിക ബന്ധത്തിന് വഴങ്ങാനോ നിര്‍ബന്ധിച്ചു.തന്റെ  ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുവതിയെ സഹായിക്കാമെന്ന് ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും യുവതി പറയുന്നു. എന്നാല്‍ വസന്ത് കുമാറിന്റെ  ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിക്കെതിരെ വ്യാജ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് വളരെ ബുദ്ധിമുട്ടി ജാമ്യം നേടുകയായിരുന്നുവെന്നും യുവതി പറയുന്നു.
ജാമ്യം ലഭിച്ച ശേഷം ഇന്‍സ്‌പെക്ടര്‍ യുവതിയെ ചേംബറില്‍ കൊണ്ടുപോയി ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നപ്പോള്‍ തന്റെ  കൈയില്‍ കയറി പിടിക്കുകയും എന്ത് വില കൊടുത്തും സ്വന്തമാക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു.
 

Latest News