കോഴിക്കോട്- പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഹൃദയം ഇന്ന് തിയേറ്ററുകളിലേക്ക്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതിന് പിന്നാലെ ചിത്രം മാറ്റിവച്ചുവെന്ന് ഇന്നലെ പ്രചരിച്ചിരുന്നു. എന്നല്‍ ചിത്രം മാറ്റി വച്ചിട്ടില്ലെന്നും പ്രചാരണം തെറ്റാണെന്നും അറിയിച്ച് വിനീത് ശ്രീനിവാസന്‍ നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. സണ്‍ഡേ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കാണാന്‍ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരൂ. നാളെ തീയേറ്ററില്‍ കാണാം എന്നാണ് വിനീത് അറിയിച്ചത്. വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയ'ത്തിലെ ഗാനങ്ങള്‍ വന്‍ ഹിറ്റായിരുന്നു.