കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിനെ കുറിച്ച് ഏതാനും മാസങ്ങളായി ഒന്നും കേൾക്കാനില്ലായിരുന്നു. കെറെയിലിനെപ്പറ്റി വ്യാപക വിമർശനമുയർന്നപ്പോഴാണ് കെഫോൺ വീണ്ടും സജീവമായത്. കെറെയിലിനെ കാര്യമാക്കേണ്ടെന്നും ഇത് കെഫോൺ പോലൊരു ഉഡായിപ്പാണെന്ന രീതിയിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ വിമർശനം. എന്നാൽ കെഫോൺ ഇനി വൈകില്ലെന്നാണ് ഏറ്റവും പുതിയ സൂചന. കെഫോൺ പദ്ധതി വിജയകരമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഫോൺ പ്രഖ്യാപത്തിലൊതുങ്ങി എന്ന വിമർശനങ്ങളോട് ഫേ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 2019 ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. പദ്ധതി പൂർത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മികച്ച ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കാൻ ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. 2022 മേയിൽ 140 നിയമസഭാ മണ്ഡലങ്ങളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്ക് വീതം സൗജന്യ കണക്ഷൻ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു. 34,961 കി.മീ എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിൾ ഇടാനുള്ളതിൽ 14 ജില്ലകളിലായി 11,906 കി.മീ പൂർത്തീകരിച്ചു. 375 പോപ്പുകളിൽ 114 എണ്ണം പൂർത്തീകരിക്കുകയും 216 എണ്ണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ ആണ് ഇവ സജ്ജീകരിക്കുന്നത്. എന്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021, ഡിസംബർ 31 നുള്ളിൽ പ്രവർത്തന സജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 വരെ ഓഫീസുകൾ വരെ സജ്ജമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണിൽ പൂർത്തിയാകും.
140 നിയമസഭാ മണ്ഡലങ്ങളിൽ 2022 മെയ് മാസത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്ക് വീതം സൗജന്യ കണക്ഷൻ നൽകും. പദ്ധതി പൂർത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ അഭിമാനമായ കെഫോൺ പദ്ധതി വിജയകരമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.






