Sorry, you need to enable JavaScript to visit this website.

യുപിയിലെ പിന്നാക്ക സഖ്യകക്ഷികളെ അണിനിരത്തി ബിജെപിയുടെ ഷോ

ന്യൂദല്‍ഹി- യുപിയില്‍ പ്രമുഖ പിന്നാക്ക സമുദായ (ഒബിസി) നേതാക്കളായ മൂന്ന് മന്ത്രിമാരും 11 എംഎല്‍എമാരും പാര്‍ട്ടി വിട്ട തിരിച്ചടിക്കു പിന്നാലെ സഖ്യ കക്ഷി നേതാക്കളെ ഒരു വേദിയില്‍ ഒന്നിച്ചിരുത്തി ബിജെപിയുടെ ശക്തി പ്രകടനം. പിന്നാക്ക സമുദായ പാര്‍ട്ടികളായ അപ്‌ന ദള്‍, നിഷാദ് പാര്‍ട്ടി (നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആം ദള്‍) എന്നീ സഖ്യകക്ഷികളുമായി ഒന്നിച്ചായിരിക്കും ഈ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി പ്രഖ്യാപിച്ചു. പിന്നാക്ക സമുദായങ്ങള്‍ക്കു വേണ്ടി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതികളെ ഉയര്‍ത്തിക്കാട്ടുമെന്നും ബിജെപി പ്രഖ്യാപിച്ചു. ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തായിരുന്നു പരിപാടി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും സഖ്യം ഒന്നിച്ച് പോരാട്ടത്തിനിറങ്ങുമെന്ന് അപ്‌ന ദള്‍ നേതാവും കേന്ദ്ര മന്ത്രിയുമായ അനുപ്രിയ പട്ടേല്‍, നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് എന്നിവരെ കൂടെ നിര്‍ത്തി ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ പ്രഖ്യാപിച്ചു. അതേസമയം ഈ പാര്‍ട്ടികളുമായുള്ള സീറ്റ് വീതംവെപ്പ് എങ്ങനെ ആണെന്നും എത്ര സീറ്റുകള്‍ ഈ പാര്‍ട്ടികള്‍ക്കു വിട്ടു നല്‍കും എന്നതു സംബന്ധിച്ചും ബിജെപി കൂടുതലൊന്നും വെളിപ്പെടുത്തിയില്ല.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ പിന്നാക്ക നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത് ബിജെപിക്ക് വലി ക്ഷീണമായിരിക്കുകയാണ്. ഇവര്‍ക്കു പുറമെ നേരത്തെ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് ഒ പി രാജ്ഭറും ബിജെപി പിന്നാക്ക സമുദായങ്ങളുടെ ശത്രുവാണെന്ന് ആരോപിച്ചിരുന്നു. ഈ നീക്കങ്ങള്‍ ഒബിസി വോട്ടുകളെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പൊളിച്ചു എന്നു മാത്രമല്ല, പ്രതിപക്ഷമായ എസ് പി നേതാവ് അഖിലേഷ് യാദവിന് ദവ സമുദായത്തിനു പുറത്തുള്ള ഒബിസി വോട്ടുകളെ ആകര്‍ഷിക്കാന്‍ വഴിയൊരുക്കിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
 

Latest News