കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയിലെ തുടര്‍ നടപടികളില്‍ സര്‍ക്കാരിനായി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി സുനില്‍ ഹാജരാകും. നിലവില്‍ കേസിന്റെ പ്രോസിക്യൂഷന്‍ അഭിഭാഷക സംഘത്തില്‍ അംഗമായ കെ.ബി സുനിലിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സാണ് ചുമതലപ്പെടുത്തിയത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനില്‍ കുമാര്‍ അടുത്തിടെ രാജി വെച്ചിരുന്നു.
അതേസമയം കേസില്‍ നാളെ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സാവകാശം തേടാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ആവശ്യമായതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. നാളെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലവില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് പൂര്‍ത്തിയായതെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് നാളെ കോടതിയെ അറിയിക്കുക.