റിയാദ് - സൗദിയിൽ കയറ്റുമതി ലക്ഷ്യത്തോടെ ഗ്രീൻ ഹൈഡ്രജൻ ഉൽപാദന പദ്ധതി സ്ഥാപിക്കുന്നതിന് ദക്ഷിണ കൊറിയയിലെ സാംസംഗ് സി ആന്റ് ടി കമ്പനിയുമായും പോസ്‌കോയുമായും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ധാരണാപത്രം ഒപ്പുവെച്ചു. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ സൗദി സന്ദർശനത്തോടനുബന്ധിച്ച് റിയാദിൽ ചേർന്ന സൗദി, കൊറിയ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിനിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, കൊറിയൻ വാണിജ്യ, വ്യവസായ, ഊർജ മന്ത്രി മൂൺ സംഗ് വൂക്, സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ എന്നിവർ അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കാർബൺ പുനരുപയോഗം അടിസ്ഥാനമാക്കി സമ്പദ്‌വ്യവസ്ഥയിൽ മുൻനിര പങ്ക് വഹിക്കാനും കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് കൂടുതൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കാനുള്ള സൗദി അറേബ്യയുടെ തന്ത്രത്തിന് അനുസൃതമായാണ് ഗ്രീൻ ഹൈഡ്രജൻ ഉൽപാദന മേഖലയിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും കൊറിയൻ കമ്പനികളും സഹകരിക്കുന്നത്. കയറ്റുമതി ആവശ്യങ്ങൾക്കായി സൗദിയിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപാദന പദ്ധതി വികസിപ്പിക്കാനുള്ള സാധ്യതാ പഠനങ്ങൾ ധാരണാപത്രത്തിൽ ഉൾപ്പെടുന്നു. ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ നിക്ഷേപങ്ങൾ വ്യാപിപ്പിക്കാനാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ശ്രമിക്കുന്നതെന്ന് ഫണ്ട് ഡെപ്യൂട്ടി ഗവർണർ യസീദ് അൽഹുമൈദ് പറഞ്ഞു. 2060 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന സൗദി അറേബ്യയുടെ ലക്ഷ്യം കൈവരിക്കുന്നതിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സുപ്രധാന പങ്ക് വഹിക്കുന്നതായും യസീദ് അൽഹുമൈദ് പറഞ്ഞു.
സൗദിയിൽ പുതിയ സാമ്പത്തിക മേഖലകൾ വികസിപ്പിക്കാൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിനുള്ള പുതിയ ധാരണാപത്രം. സാമ്പത്തിക വൈവിധ്യവൽക്കരണം ഉന്നമിടുന്ന വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ പുതിയ പദ്ധതി സഹായിക്കും. പുനരുപയോഗ ഊർജം, വേസ്റ്റ് മാനേജ്‌മെന്റ് അടക്കമുള്ള പുതിയതും സുസ്ഥിരവുമായ മേഖലകൾ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൗദിയിൽ വിജയകരമായി ആരംഭിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ചാണ് കയറ്റുമതി ലക്ഷ്യത്തോടെ ഗ്രീൻ ഹൈഡ്രജൻ ഉൽപാദനം ആരംഭിക്കാൻ ദക്ഷിണ കൊറിയൻ കമ്പനികളുമായി ഫണ്ട് പുതിയ ധാരണാപത്രം ഒപ്പുവെച്ചത്.
സൗദി, കൊറിയ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിനിടെ മറ്റേതാനും കരാറുകളും ധാരണാപത്രങ്ങളും സൗദിയിലെയും ദക്ഷിണ കൊറിയയിലെയും മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും ഒപ്പുവെച്ചു. ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകോ മാത്രം കൊറിയൻ കമ്പനികളുമായി ഒമ്പതു ധാരണാപത്രങ്ങളും ഒരു കരാറും ഒപ്പുവെച്ചു.
അതേസമയം, സന്ദർശനത്തിന് ശേഷം മടങ്ങിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ റിയാദ് എയർപോർട്ടിൽ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരന്റെ നേതൃത്വത്തിൽ യാത്രയാക്കി. സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, സൗദിയുടെ ദക്ഷിണ കൊറിയൻ അംബാസഡർ സാമി അൽസദ്ഹാൻ എന്നിവരും യാത്രയയക്കാൻ എയർപോർട്ടിൽ എത്തിയിരുന്നു.